20 April Tuesday

‘കന്നട മാത്താടും’, 
വോട്ട്‌ കേരളത്തിൽ

വി ജെ വർഗീസ്‌Updated: Wednesday Apr 7, 2021


ബാവലി
സംസാരം കന്നഡയിൽ, സംസ്കാരവും കന്നഡ നാടിന്റേത്‌. എന്നാൽ ജീവിതവും ജീവനും കേരളമാണ്‌. വോട്ടും ഇവിടെത്തന്നെ. പതിവുതെറ്റാതെ അവർ ഇത്തവണയും പുഴകടന്ന്‌ വനത്തിലൂടെയെത്തി  സമ്മതിദാനാവകാശം വിനിയോഗിച്ചു. ജനാധിപത്യത്തിന്റെ ഉത്സവത്തിൽ ഇവർക്കും മാറിനിൽക്കാനാവില്ല.

കാടും പുഴയും അതിരിടുന്ന കേരള–-കർണാടക അതിർത്തി ഗ്രാമമായ ബാവലിയിലെ വേട ഗൗഡ വിഭാഗക്കാരാണിവർ. അരനൂറ്റാണ്ടിലേറെയായി ബാവലി പുഴയോരത്ത്‌  ഷാണമംഗലത്താണ്‌ താമസം. കർണാടകയിലെ ചിത്രദുർഗയിൽനിന്ന്‌ കുടിയേറിയവർ.  40 കുടുംബങ്ങളാണുള്ളത്‌. നൂറോളം വോട്ടർമാരും. ഭൂരിഭാഗവും ഉച്ചയ്ക്കു‌മുമ്പേ ബാവലി ഗവ. യുപി സ്‌കൂളിലെ പോളിങ് ബൂത്തിൽ വോട്ടുചെയ്‌തു. ചെറുസംഘങ്ങളായിട്ടായിരുന്നു വരവ്‌. വാർധക്യത്തിന്റെ അവശതകളുണ്ടെങ്കിലും എഴുപതുകാരി കാളി അവ്വ‌ക്ക്‌ വോട്ടിന്‌ തടസ്സമായില്ല. കാളപ്പനും ഭാര്യ സരോജിനിയും അയൽവാസി രാജനും ജയമ്മയും ഭാഗ്യയും ഒപ്പമുണ്ടായിരുന്നു. പകൽ 12.30 ഓടെയാണ്‌ എത്തിയത്‌‌.  കൊടും വെയിലിലും ആവേശത്തിന്‌  ഒട്ടും കുറവില്ല. കാളി അവ്വയെ അനുജത്തിയുടെ മകൻ രാജനാണ്‌ പോളിങ് ബൂത്തിലെത്തിച്ചത്‌.  വോട്ട്‌ ചെയ്‌തിറങ്ങി സ്‌കൂൾ ഗേ‌റ്റിനരികിൽ ഇരുന്നു. ഒപ്പമുള്ളവർ എത്തിയപ്പോൾ ഒന്നിച്ച്‌ യാത്ര. അപ്പോൾ ഷാണമംഗലത്തെ അടുത്ത സംഘം ഗേ‌റ്റ്‌ കടന്ന്‌ വരുന്നുണ്ടായിരുന്നു.  

വ്യത്യസ്‌ത  ഭാഷകൾ സംസാരിക്കുന്ന വിവിധ ഗോത്രവിഭാഗക്കാർ  ഇടകലർന്ന്‌  ജീവിക്കുന്ന അതിർത്തി പ്രദേശമാണ്‌  ബാവലി.  കാട്ടുനായിക്ക, ഊരാളി കുറുമ, അടിയ, പണിയ വിഭാഗങ്ങൾ ബാവലി പുഴയുടെ തീരത്തുണ്ട്‌.  ആകെ 1123 വോട്ടർമാർ. രണ്ടു‌ ബൂത്തുകൾ ഇവർക്കായി സജ്ജീകരിച്ചിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top