10 August Monday

"ആ നിമിഷം, എന്റെ എഴുത്തുജീവിതം എങ്ങനെയാകണം എന്നു തീരുമാനിക്കപ്പെട്ടു'..അശോകന്‍ ചരുവില്‍ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 25, 2019

അശോകന്‍ ചരുവില്‍

അശോകന്‍ ചരുവില്‍

അടിയന്തിരാവസ്ഥാ പ്രഖ്യാപനം കഴിഞ്ഞ് കോളേജ് തുറന്ന ആദ്യദിവസം. ഒന്നാം വർഷ പ്രിഡിഗ്രിക്കാരായ ഞങ്ങൾ ആകാംഷയോടെ ക്ലാസിലെത്തി.
ഒരു സാർ വന്ന് ഹാജർ വിളിച്ചുതുടങ്ങി. അന്നേരം പുറത്ത് വലിയ പ്രകമ്പനം. കോറിഡോറിലൂടെ മുതിർന്ന വിദ്യാർത്ഥികളുടെ പ്രകടനം കടന്നുവരിയയാണ്.
"എസ്.എഫ്.ഐ. സിന്ദാബാദ് "
"ഫാസിസ്റ്റ് ഇന്ദിര തുലയട്ടെ"

പുറത്ത് പോലീസ് ജീപ്പ് ഇരച്ചെത്തി. അവർ ഇടനാഴിയിലേക്കു പാഞ്ഞു വന്നു. വിദ്യാർത്ഥികൾ പലവഴിക്കും ഓടി. പക്ഷേ എട്ടുപത്തു പേർ പിടിയിൽപ്പെട്ടു.
ആ നിമിഷം, എന്റെ എഴുത്തുജീവിതം എങ്ങനെയാകണം എന്നു തീരുമാനിക്കപ്പെട്ടു. അടിയന്തിരാവസ്ഥ ഇടക്കു കയറി ഇടപെട്ടില്ലായിരുന്നെങ്കിൽ എനിക്കൊരു സർവ്വാദരണീയ സാഹിത്യകാരനാകാമായിരുന്നു. കഷ്ടം എന്നു പറയാം. ഒരാളുടെ ഗതി നിർണ്ണയിക്കുന്നതിൽ അയാളുടെ പങ്ക് തുലോം കുറവാണ്.

വലിയൊരു തിരിച്ചറിവാണ് അടിയന്തിരാവസ്ഥ ഉണ്ടാക്കിയത്. സ്കൂൾ അസംബ്ലിയിലെ ഹെഡ്മാസ്റ്റരുടെ പ്രഭാഷണങ്ങളിൽ ബോധ്യപ്പെടുത്തിയ "ലോകത്തിലേക്ക് വെച്ച് ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരന്മാർ" ആയിരുന്നു ഞങ്ങൾ അതു വരെ. നിൽക്കുന്ന തറയുടെ പൊള്ളൽ കൃത്യമായി  ബോധ്യപ്പെട്ടു.

അന്തിക്കാട്ടുനിന്നും വന്നിരുന്ന മോഹനൻ ക്ലാസുമുറിയിൽനിന്ന് അറസ്റ്റു ചെയ്യപ്പെട്ടു. മോഹനൻ സോഷിലിസ്റ്റു പാർട്ടിയുടെ ഐ.എസ്.ഒ.യിലായിരുന്നു.  ക്ലാസിൽ വെച്ച് അയൽക്കാരനായ ഒരു കെ.എസ്.യു.ക്കാരനുമായി തർക്കത്തിൽ ഏർപ്പെട്ടതാണ് വിഷയം. അവൻ മുതിർന്ന കോൺഗ്രസ്സുകാരോട് ബന്ധപ്പെട്ട് മോഹനനെതിരെ പോലീസിൽ പരാതി കൊടുത്തു. അടിയന്തിരം കഴിഞ്ഞ് അയാൾ പുറത്തു വന്നപ്പോൾ ഒരു ചെവിയുടെ കേൾവി പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു.

എം.എ.ബേബി പങ്കെടുത്ത് സുവർണ്ണ കോളേജിൽ നടത്തിയ വിദ്യാർത്ഥിയോഗം. ഇഎംഎസ് പ്രസംഗിച്ച തൃപ്രയാറിലെ യോഗം. ജയിലിലായിരുന്ന സെക്രട്ടറി കോടിയേരിയില്ലാതെ തൃശൂരിൽ രഹസ്യമായി നടന്ന എസ്.എഫ്.ഐ. സംസ്ഥാന സമ്മേളനം. ഇതെല്ലാം ജീവിതത്തിന് അവലംബമായി. പരസ്യമായ സംഘടനാമുഖം എന്ന നിലക്കാണ് തൃശൂരിലെ ഇന്ത്യൻ ട്യൂട്ടോറിയലിൽ വെച്ച് "സ്റ്റുഡന്റ്സ് റൈറ്റേഴ്‌സ് ഫോറം" രൂപീകരിച്ചത്. ഞാൻ അതിന്റെ സെക്രട്ടറിയായിരുന്നു. നാട്ടികയിൽ ഒളിവിൽ കഴിഞ്ഞിരുന്ന സി.ഒ.പൗലോസ് മാഷുമായും ഇരിഞ്ഞാലക്കുട പ്രദേശത്ത് ഒളിവിലുണ്ടായിരുന്ന സി.കെ.ചക്രപാണിയുമായുള്ള കൂടിക്കാഴ്ചയിലൂടെയാണ്‌ ലോകത്തിനും രാജ്യത്തിനും എന്താണ് സംഭവിക്കുന്നു എന്നു മനസ്സിലായത്.

പ്രസിദ്ധീകരിക്കപ്പെട്ട രണ്ടാമത്തെ കഥ എഴുതുന്നത്. വിദ്യാർത്ഥികളും തടവറയും ഭേദ്യങ്ങളുമായിരുന്നു വിഷയം. ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ച "ശാന്തിസേനന്റെ കൂട്ടുകാർ". "വിദ്യാർത്ഥി മത്സരത്തിൽ സമ്മാനം നേടിയ കഥ" എന്ന അടിക്കുറിപ്പാവണം സെൻസർഷിപ്പിൽ നിന്ന് ആ രചനയെ രക്ഷപ്പെടുത്തിയത്.

പിന്നീട് എത്രയോ കഥകൾക്ക് (ആവർത്തന ദോഷത്തോടെ) അടിയന്തിരാവസ്ഥ വിഷയമായി എന്നു നിശ്ചയമില്ല. ഇനിയും അത് ആവർത്തിക്കപ്പെടും. അന്ന് തൃപ്രയാറിൽ വെച്ച് ഇ എം എസ് പറഞ്ഞ വാക്കുകൾ തന്നെ ഈ മോഡിക്കാലത്തും അവലംബം:

"മൈക്ക് അനുവദിച്ചില്ലെങ്കിൽ കഴിയുംവിധം ഉറക്കെപ്പറയും. യോഗം തടഞ്ഞാൽ ഈ രാജ്യത്തെ ഓരോ മനുഷ്യന്റെയും ചെവിയിൽ പോയി ഞാൻ പറയും. ചങ്കിൽ ശ്വാസമുള്ള കാലം വരെ പറയും.''
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top