27 September Wednesday

നിർമിതബുദ്ധി - സാധ്യതകളും അവസരങ്ങളും

സന്തോഷ് മേലേകളത്തിൽUpdated: Sunday Aug 21, 2022


നൂതന സാങ്കേതിക വിദ്യകളെക്കുറിച്ച് സംസാരിക്കുമ്പോൾ പ്രത്യേകിച്ച് ഡിജിറ്റൽ വിപ്ലവത്തെക്കുറിച്ചുള്ള ചർച്ചകളിൽ ഏറ്റവുമധികം പരാമർശിക്കപ്പെടുന്ന വിഷയമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ  നിർമിതബുദ്ധി.  ശാസ്ത്രസാങ്കേതിക ലോകത്ത്‌ നിർമിതബുദ്ധിക്ക്‌ നിർണായകസ്ഥാനമുണ്ട്. മനുഷ്യന് വളരെ ആവശ്യമുള്ളതും ചെയ്യാൻ ബുദ്ധിമുട്ടുള്ളതുമായ കാര്യങ്ങൾ യന്ത്രങ്ങളെക്കൊണ്ട് ചെയ്യിപ്പിക്കാൻ സഹായിക്കുന്ന സാങ്കേതിക സംവിധാനമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്.

എന്താണ് നിർമിതബുദ്ധി
ഓരോരുത്തരും ചിന്തയും വിവേചനശക്തിയും ഉപയോഗിച്ചാണ്  തീരുമാനങ്ങൾ എടുക്കുന്നതും   പ്രവർത്തിക്കുന്നതും. ഈ തീരുമാനങ്ങൾ എടുക്കാൻവേണ്ട വിവരങ്ങൾ പല അനുഭവങ്ങളിലൂടെ മനസ്സിൽ (തലച്ചോറിൽ) പതിഞ്ഞവയാണ്. ഇത്തരം അനുഭവങ്ങൾ, ചിന്ത, വിവേചനം, തീരുമാനങ്ങൾ എല്ലാം ചേർന്നതിനെയാണ് നാം ബുദ്ധിയെന്ന് പറയുന്നത്.  ഇതുപോലെ ലഭ്യമായ വിവരം ഉപയോഗിച്ച് മനുഷ്യസഹായമില്ലാതെ യന്ത്രങ്ങൾക്കും തീരുമാനങ്ങൾ എടുക്കാൻ കഴിഞ്ഞലോ. അതിനെയാണ്   കൃത്രിമബുദ്ധി അല്ലെങ്കിൽ കുറച്ചുകൂടി വ്യക്തമായ രീതിയിൽ ആർജിതമായ നിർമിതബുദ്ധിയെന്ന് പറയുന്നത്. യന്ത്രങ്ങളെ മനുഷ്യരെപ്പോലെ കാര്യങ്ങൾ മനസ്സിലാക്കാനും ചിന്തിക്കാനും പ്രവർത്തിപ്പിക്കാനും സഹായിക്കുന്ന  ശാസ്ത്രശാഖയാണ് നിർമിതബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌.

നിർമിതബുദ്ധിയുടെ ഉത്ഭവം
1950കളിൽ ജോൺ മാക് കാർത്തിയെന്ന അമേരിക്കൻ  ശാസ്ത്രജ്ഞനാണ് നിർമിതബുദ്ധിയെന്ന ആശയം അവതരിപ്പിച്ചത്. അദ്ദേഹത്തെ നിർമിതബുദ്ധിയുടെ പിതാവ് എന്ന് വിശേഷിപ്പിക്കുന്നു. സ്ഥിരമായി നടത്തുന്ന ക്രയവിക്രയങ്ങളെയും ഇടപാടുകളെയുംകുറിച്ചുള്ള വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി  യുക്തമായ തീരുമാനങ്ങൾ എടുക്കാൻ യന്ത്രങ്ങളെ പ്രാപ്തരാക്കുകയാണ് നിർമിതബുദ്ധിയുടെ ആദ്യഘട്ടം. ഇതിനെ നമുക്ക് യന്ത്രശിക്ഷണമെന്ന് വിളിക്കാം. ഇതിനുവേണ്ട വിവരം ശേഖരിക്കുന്നതിനെയും അത് ഉപയോഗപ്രദമായി മാറ്റിയെടുക്കുന്നതിനെയും വസ്തുതാ അപഗ്രഥനമെന്നും വിളിക്കുന്നു. ഇത്തരം ബുദ്ധി ഉപയോഗിച്ച് യന്ത്രങ്ങളെ പ്രവർത്തിപ്പിക്കുന്നതിന് റോബോട്ടിക്സ് എന്നു പറയുന്നു.

മനുഷ്യർക്ക് തനിച്ചുചെയ്യാൻ സാധിക്കാത്ത കഠിനവും അപകടസാധ്യതയുള്ളതുമായ ഒരുപാട് പ്രവർത്തനം ആധുനികലോകത്ത്‌ കാണാം. വ്യവസായമേഖലയിൽ പ്രത്യേകിച്ച് മലിനീകരണവും ഉയർന്ന താപനിലയും മറ്റുമുള്ള ഫാക്ടറികളിൽ, ബഹിരാകാശയാത്രയുമായി ബന്ധപ്പെട്ട മേഖലയിൽ,  ചികിത്സാരംഗത്ത്,  ആഴക്കടൽ, സമുദ്ര പര്യവേക്ഷണം എന്നിങ്ങനെ മനുഷ്യന് നേരിട്ട് ഇടപെടാൻ അപകടസാധ്യതയുള്ള ഏതുമേഖലയിലും എങ്ങനെയൊക്കെ റോബോട്ടുകളെ ഉപയോഗിക്കാമെന്ന് വലിയരീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. അവിടെയൊക്കെ നിർമിതബുദ്ധി വികസിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിനും  പ്രാധാന്യമുണ്ട്.

ആധുനികലോകത്തെ പ്രാധാന്യം
നിർമിതബുദ്ധിയിലേക്കുള്ള ഏറ്റവും അടിസ്ഥാനമായ ഘടകം  ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ യന്ത്രങ്ങൾക്ക് നിർദേശങ്ങളായി നൽകുകയെന്നതാണ്. ആയിരക്കണക്കിന് ഡാറ്റ ഇങ്ങനെ നൽകുന്നതും അതുപയോഗിച്ച് സ്വയം തീരുമാനങ്ങൾ എടുക്കാൻ യന്ത്രത്തെ പ്രാപ്തരാക്കുന്നതും വലിയ വെല്ലുവിളിയാണ്. ശബ്ദഅഭിജ്ഞാനം, സംഭാഷണഅഭിജ്ഞാനം, സ്വാഭാവിക ഭാഷാപരിണാമക്രമം തുടങ്ങി വിവിധ ശ്രേണിയിലായി നിർമിതബുദ്ധി ആർജിക്കുന്ന പ്രക്രിയകളുണ്ട്. സാധാരണ ശബ്ദത്തെ അടിസ്ഥാനപ്പെടുത്തി നിർദേശങ്ങളും വിവരങ്ങളും തിരിച്ചറിയാനുള്ള  കഴിവാണ്‌ ശബ്ദ അഭിജ്ഞാനം.  സംഭാഷണത്തെ അടിസ്ഥാനപ്പെടുത്തി നിർദേശങ്ങളും വിവരങ്ങളും തിരിച്ചറിയാനുള്ള കഴിവാണ് സംഭാഷണ അഭിജ്ഞാനം. സ്വാഭാവികഭാഷയിൽ പറഞ്ഞോ എഴുതിയോ ഉള്ള നിർദേശങ്ങൾ യന്ത്രഭാഷയിലേക്കു മാറ്റുന്ന പ്രക്രിയയാണ് സ്വാഭാവിക ഭാഷാ പരിണാമക്രമം.

റീട്ടെയിൽ വിൽപ്പന, ബാങ്കിങ്, മെഡിക്കൽ, ഇ–- കൊമേഴ്‌സ്, വിദ്യാഭ്യാസം ഇങ്ങനെ ട്രാൻസാക്ഷൻ ഡാറ്റ ഒരുപാട് ഉൽപ്പാദിപ്പിക്കപ്പെടുന്ന മേഖലകളിൽ  ഡാറ്റ ശേഖരിക്കുകയും വിശകലനംചെയ്ത്‌ പ്രവണതകൾ മനസ്സിലാക്കി അവയെ ആസ്പദമാക്കി യന്ത്രങ്ങൾക്ക് നിർമിതബുദ്ധി പകരാൻ ഒരുപാട്‌  ഉപകരണങ്ങൾ വൻകിട സോഫ്റ്റ്‌വെയർ കമ്പനികൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഐബിഎം വാട്സൺ, മൈക്രോസോഫ്റ്റ്‌ അസൂർ, ഗൂഗിൾ എഐ എന്നിവയൊക്കെ എഐ  പ്ലാറ്റ്‌ഫോമുകളാണ്. 

തൊഴിൽസാധ്യത
സാങ്കേതിക വിദ്യാഭ്യാസം നേടിയ യുവതലമുറയ്‌ക്ക്‌  വലിയ തൊഴിൽ മേഖലയും ഒരുപാട്‌ അവസരങ്ങളുമാണ്‌ എഐ തുറന്നുതരുന്നത്.  ദിവസവും  എഐ ഉപയോഗിക്കുന്ന മേഖലയുടെ എണ്ണം വർധിക്കുന്നു. അതുകൊണ്ടുതന്നെ നിലവിൽ ഈ ഒഴിവുകൾ നികത്താൻ ആവശ്യമായ വിഭവശേഷി  അപര്യാപ്തമാണ്. എഐ  ടൂളുകളുടെ വികസനം, സ്ഥാപിക്കൽ, പരിപാലനം, നിലനിർത്തൽ   ഉപഭോക്‌തൃസേവനം  എന്നിവയ്‌ക്കെല്ലാം  വലിയ വിഭവശേഷി ആവശ്യമാണ്‌.

എന്ത് പഠിക്കണം
എഐ പ്രൊഫഷണൽ ആകാൻ ഏതെങ്കിലും പ്രത്യേകം വിദ്യാഭ്യാസ യോഗ്യത നേടണമെന്ന്‌ നിഷ്‌കർഷിച്ചിട്ടില്ല. മിക്ക വൻകിട കമ്പനികളിലും എൻജിനിയറിങ്‌ ബിരുദമോ ഡിപ്ലോമയോ ഉള്ളവർ തന്നെയാണ് എഐ മേഖലയിലുമുള്ളത്. അവർക്ക്‌ അതത്‌ കമ്പനിയുടെ ടൂൾസിൽ കമ്പനികൾത്തന്നെ പരിശീലനം നൽകി അവരെ കൂടുതൽ പ്രാപ്തരാക്കുകയാണ് ചെയ്യുന്നത്. എന്നാലും അടിസ്ഥാനപരമായി ജാവ, പൈതൻ തുടങ്ങിയ ലാംഗ്വേജുകളും സ്ക്രിപ്റ്റിങ്‌, എസ്‌ക്യുഎൽ പോലെയുള്ള സംവിധാനങ്ങളും അറിഞ്ഞിരിക്കുന്നത്  സഹായകമാകും.

വരുംതലമുറയ്ക്ക് എഐ നിത്യജീവിതത്തിൽത്തന്നെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഘടകമാകുമെന്നുള്ളത് ഉറപ്പാണ്. അതുകൊണ്ട് ഇന്നത്തെ ഹൈസ്കൂൾ, കോളേജ് വിദ്യാഭ്യാസ കരിക്കുലത്തിൽ എഐ കൊണ്ടുവരേണ്ടതാണ്. സംസ്ഥാന സർക്കാർ വിദ്യാഭ്യാസ രംഗത്ത്‌ ഇതിന്‌ തുടക്കം കുറിച്ചത്‌ ഏറെ പ്രതീക്ഷ പകരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസും അതിന്റെ ഉപഘടകങ്ങളായ മെഷീൻ ലേണിങ്, ഡാറ്റ സയൻസ് എന്നിവയുമൊക്കെ ചെറിയ രീതിയിൽ സ്കൂൾ തലത്തിൽ  പരിശീലിപ്പിക്കണം.  ഇതിനു സഹായിക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും പുസ്തകങ്ങളും  ലഭ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top