23 January Wednesday

ഉള്‍ക്കൊള്ളാനാകാതെ കോമ്രേഡ‌്

വെബ് ഡെസ്‌ക്‌Updated: Thursday Jan 3, 2019


കൊച്ചി
സാർ ആരോടും പറയാതെ, ഞങ്ങളെ അറിയിക്കാതെ മടങ്ങി എന്നുപറയുമ്പോൾ വിങ്ങലടക്കാൻ കഴിഞ്ഞില്ല ബ്രിട്ടോയുടെ പ്രിയപ്പെട്ട ‘കോമ്രേഡ‌്’ അർജുൻദാസിന‌്. കഴിഞ്ഞ ഏഴുവർഷമായി സൈമൺ ബ്രിട്ടോയുടെ സന്തതസഹചാരിയാണ‌് ബിഹാർ പട‌്ന സ്വദേശിയായ അർജുൻദാസ‌്. പട‌്നയിൽ അച്ഛന്റെ മരണാനന്തരച്ചടങ്ങുകൾക്കിടയിലാണ‌് അർജുൻദാസ‌് സൈമൺ ബ്രിട്ടോയുടെ മരണവാർത്തയറിയുന്നത‌്. ആ നടുക്കത്തിൽനിന്ന‌് അർജുൻദാസ‌് ഇനിയും മോചിതനായിട്ടില്ല.

ബ്രിട്ടോയുടെ ജീവിതത്തിലെ നാഴികക്കല്ലായ ഭാരതപര്യടനത്തിൽ അദ്ദേഹത്തിന്റെ സഹായിയായി അർജുൻദാസും ഉണ്ടായിരുന്നു. ഡൽഹി, മഹാരാഷ്ട്ര, കർണാടകം, ഒഡിഷ, ആന്ധ്ര, തെലങ്കാന, ബിഹാർ തുടങ്ങി പതിനെട്ടോളം സംസ്ഥാനങ്ങളിലൂടെ അംബാസിഡർ കാറിൽ സഞ്ചരിച്ചപ്പോൾ താങ്ങായത‌് അർജുൻദാസായിരുന്നു. എന്റെ വേഗം നീയാണെന്ന‌് സാർ പറയുമായിരുന്നുവെന്ന‌് അർജുൻദാസ‌് പറയുന്നു. എന്നാൽ, വീൽചെയറിലായിരുന്ന അദ്ദേഹത്തിന്റെ വേഗത്തിനൊപ്പമെത്താൻ കഷ്ടപ്പെട്ടത‌് താനായിരുന്നെന്ന‌് അർജുൻ പറയുന്നു.

2015-ൽ 18,000 കിലോമീറ്റർ താണ്ടിക്കഴിഞ്ഞപ്പോൾ ഭാരതത്തിന്റെ പല സ്ഥലങ്ങളിലുംനിന്നും അനേകം സുഹൃത്തുക്കളെയാണ് അദ്ദേഹം ഉണ്ടാക്കിയെടുത്തത്. ‘’പര്യടനം കഴിഞ്ഞ് ആഗസ‌്തിൽ നാട്ടിൽ തിരിച്ചെത്തിയശേഷം നോവലിന്റെ പണിപ്പുരയിലായിരുന്നു സാർ. കൂടാതെ പാർടിപ്രവർത്തനത്തിലും സജീവമായി. പങ്കെടുക്കുന്ന പാർടിയോഗങ്ങളിലെല്ലാം ഞാനാണ് കൂടെപ്പോയിരുന്നത്. പക്ഷേ, അവസാനയാത്ര തന്നെ അറിയിക്കാതെയായിപ്പോയെന്ന് അർജുൻ പറഞ്ഞു.

ബ്രിട്ടോയുടെ ഭാര്യ സീനയും മകൾ കയീനിലയും ചടങ്ങുകളിൽ പങ്കെടുക്കാൻ  പട്‌നയിലെ അർജുൻദാസിന്റെ വസതിയിൽ എത്തിയിരുന്നു. അവിടെവച്ചാണ‌് ബ്രിട്ടോയുടെ മരണവാർത്തയറിഞ്ഞത‌്. അർജുൻദാസിന് ഭാര്യയും മൂന്നു മക്കളുമാണുള്ളത്.

ഇനിയുള്ള ജീവിതത്തെപ്പറ്റി ചോദിച്ചപ്പോൾ തൽക്കാലം ഇവിടംവിട്ടെങ്ങും പോകുന്നില്ല എന്നായിരുന്നു അർജുന്റെ മറുപടി.


പ്രധാന വാർത്തകൾ
 Top