14 November Thursday

ഉത്തരമായി ; നാടും കുടുംബവും കാത്തിരുന്നത് 72 നാൾ

ആർ അജയ്‌ഘോഷ്‌Updated: Wednesday Sep 25, 2024

അർജുന്റെ ലോറി ഷിരൂരിലെ ഗംഗാവലി പുഴയിൽനിന്ന് പുറത്തെടുക്കുന്നു

ഒരാളെ ഒന്നുകാണാനായി കേരളമിങ്ങനെ കാത്തിരുന്നിട്ടുണ്ടാകില്ല... 
ഒരു വീട്ടുകാരുടെയും വിലാപം ഇത്രത്തോളം ഉലച്ചിട്ടുമുണ്ടാകില്ല... 
കാത്തിരിപ്പിന് 72–ാം നാൾ ഉത്തരമായി


കോഴിക്കോട്‌
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ അർജുനായി കുടുംബവും നാടും കണ്ണീർമിഴികളുമായി കാത്തിരുന്നത്‌ 72 ദിനരാത്രങ്ങൾ. ജൂലൈ 16നാണ്‌ അർജുനും ലോറിയും മണ്ണിടിച്ചിലിൽപ്പെടുന്നത്‌. മൂലാടിക്കുഴിയിൽ ഷീലയുടെയും പ്രേമന്റെയും നാലുമക്കളിൽ രണ്ടാമനാണ്‌ അർജുൻ. അന്നുമുതൽ അനിശ്ചിതത്വം ഒഴിയാത്ത കാത്തിരിപ്പിലായിരുന്നു നാടും വീടും. ജൂലൈ എട്ടിനാണ്‌ അർജുൻ അക്വേഷ്യ തടിയെടുക്കാനായി കർണാടകത്തിലേക്ക്‌ പോയത്‌. രാംനഗറിൽനിന്ന്‌ തടിയെടുത്ത്‌ കോഴിക്കോട്ടേക്ക്‌ തിരിച്ചുവരികയായിരുന്നു. ലോറിയിൽ ഒറ്റയ്‌ക്കായിരുന്നു യാത്ര. ജൂലൈ 15ന്‌ രാത്രി ഒമ്പതിനാണ്‌ ഭാര്യ കൃഷ്‌ണപ്രിയയെ അവസാനമായി വിളിച്ചത്‌. 16ന്‌ പുലർച്ചെ മൂന്നരവരെ മറ്റ്‌ ലോറി ഡ്രൈവർമാരുമായും സംസാരിച്ചിരുന്നു. രാവിലെ ഏഴരയ്‌ക്ക്‌ വിളിച്ചപ്പോഴും ഫോൺ റിങ് ചെയ്‌തിരുന്നു. എന്നാൽ ഒമ്പതോടെ അമ്മ ഷീല വിളിച്ചപ്പോൾ ഫോൺ ഓഫായിരുന്നു. 18നും 19നും ഫോൺ റിങ് ചെയ്‌തിരുന്നതിനാൽ  പ്രതീക്ഷയോടെയാണ്‌ ആദ്യം കുടുംബം പ്രതികരിച്ചത്‌.

നാടിന്റെ പ്രിയങ്കരൻ
സന്നദ്ധ പ്രവർത്തനവും സഹജീവി സ്‌നേഹവുമായി നാടിന്‌ പ്രിയപ്പെട്ടവനായിരുന്നു അർജുൻ. ഡിവൈഎഫ്ഐയിലൂടെയും കെവൈഎസി ക്ലബ്ബിലൂടെയും നാട്ടിലെന്തുകാര്യത്തിനും മുന്നിലുണ്ടായിരുന്നു. അതിനാൽ  കാണാതായതുമുതൽ ദേശമാകെ കുടുംബത്തിനൊപ്പമുണ്ട്‌. 2017ൽ കണ്ണാടിക്കൽ യുവജന ആർട്സ് ക്ലബ്‌ ജോ. സെക്രട്ടറിയായിരുന്നു. ഡിവൈഎഫ്ഐ കണ്ണാടിക്കൽ നോർത്ത് യൂണിറ്റ് സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിച്ചു. കുറേക്കാലം സിപിഐ എം കണ്ണാടിക്കൽ നോർത്ത് ബ്രാഞ്ച് അം​ഗമായിരുന്നു. പാലിയേറ്റീവ് പ്രവർത്തനങ്ങളിലും മുന്നിലുണ്ടായിരുന്നു. 2020ലാണ് ട്രക്കിൽ ജോലിക്ക് പോകാൻ ആരംഭിച്ചത്. നാട്ടിലെത്തുന്നത് കുറഞ്ഞെങ്കിലും എത്തുമ്പോഴെല്ലാം പ്രവർത്തനനിരതനായി. പ്രളയകാലത്തും കോവിഡ്‌ കാലത്തും സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.  ഡിവൈഎഫ്ഐ വേങ്ങേരി മേഖലാ കമ്മിറ്റിയുടെ പൊതിച്ചോറുമായി മെഡിക്കൽ കോളേജിലേക്ക്‌ വളയം പിടിച്ച അർജുന്റെ സ്‌നേഹരൂപവും നാട്ടുകാരുടെ മനസ്സിൽ മായാതെ നിൽക്കുന്നു

നിശ്ശബ്ദം, 
കണ്ണീർവറ്റി കണ്ണാടിക്കൽ
അർജുന്റെ ലോറി കണ്ടെത്തിയ ബുധനാഴ്‌ച കോഴിക്കോട്‌ കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ വീട്‌ നിശ്ശബ്ദമായിരുന്നു. കരച്ചിലോ നിലവിളിയോ ഇല്ലെങ്കിലും കനത്ത വേദനയുമായി വീട്ടുകാർ ഷിരൂരിൽനിന്നുള്ള വാർത്ത അറിയുകയാണ്‌. ദുഃഖം തളംകെട്ടിയ അന്തരീക്ഷം. കണ്ണീർവറ്റിയ കണ്ണുകളുമായി വീട്ടിലെ മുറിയിൽ അവരെല്ലാം ഒരുവാക്കുപോലും മിണ്ടാനാവാതെ. 72 നാൾ കണ്ണീർകുടിച്ച്‌ കഴിഞ്ഞപ്പോഴുമുണ്ടായിരുന്ന  നേരിയ പ്രതീക്ഷകൂടി അണഞ്ഞ  ആധിയാണവരുടെയെല്ലാം മുഖങ്ങളിൽ. മുറിയിലെ കട്ടിലിൽ അർജുന്റെ അമ്മ ഷീലയുണ്ട്‌. അരികെ ജീവിതസഖി  കൃഷ്‌ണപ്രിയ, സഹോദരിമാരായ അഞ്ജു, അഭിരാമി. തൊട്ടരികിലായി അച്ഛൻ പ്രേമൻ. പതിവുപോലെ ഒന്നുമറിയാതെ ചിരികളിയുമായി അർജുന്റെ മകൻ രണ്ടര വയസ്സുകാരൻ അയാൻ.

സഹോദരൻ അഭിജിത്തും സഹോദരി ഭർത്താവ്‌ ജിതിനും ഷിരൂരിലാണ്‌. ചേച്ചി അഞ്ജു ബുധൻ വൈകിട്ടാണ്‌ ഷിരൂരിൽനിന്ന്‌ എത്തിയത്‌.  അടുത്തിടെയുണ്ടായ പരിക്കിൽ ചികിത്സയിലാണ്‌ അച്ഛൻ പ്രേമൻ. ലോറി കണ്ടെത്തിയ വാർത്തയറിഞ്ഞ്‌ നാട്ടുകാരും ബന്ധുക്കളുമെല്ലാം വീട്ടിലെത്തി. സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ തുടങ്ങിയവർ കുടുംബത്തെ സന്ദർശിച്ചു.


കുടുംബാംഗമെന്നപോൽ

അർജുൻ മണ്ണിനടിയിൽപ്പെട്ടതുമുതൽ കോഴിക്കോട്‌ കിണാശേരി സ്വദേശിയായ ലോറി ഉടമ മനാഫ്‌ ആ കുടുംബത്തിനൊപ്പമുണ്ട്‌. മനാഫിന്റെയും  മുബീന്റെയും ഉടമസ്ഥതയിലുള്ള ഭാരത്‌ ബെൻസ്‌ ലോറിയിലാണ്‌ അർജുൻ കർണാടകത്തിലേക്ക്‌ തടിയെടുക്കാൻ പോയത്‌. തിരച്ചിലിന്റെ ആദ്യനാളുകൾമുതൽ മനാഫ്‌ അർജുന്റെ ബന്ധുക്കൾക്കൊപ്പം നിലകൊണ്ടു. പലകുറി മോശം അനുഭവമുണ്ടായപ്പോഴും സൈബർ ആക്രമണത്തിലും പതറിയില്ല. അർജുന്റെ കുടുംബവും കടുത്ത സൈബർ ആക്രമണം നേരിട്ടിരുന്നു.

 

ഒപ്പം നിന്നവർക്ക്‌ നന്ദി: മുഖ്യമന്ത്രി
ഷിരൂരിൽ അപകടത്തിൽപ്പെട്ട അർജുന്റെ കുടുംബത്തിനും കേരളത്തിലെ ജനങ്ങൾക്കും ഒപ്പംനിന്നവർക്ക്‌ നന്ദിയറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക്‌ അയച്ച കത്തിലാണ്‌ മുഖ്യമന്ത്രി കേരളത്തിനും സർക്കാരിനുംവേണ്ടി നന്ദി അറിയിച്ചത്‌.ഷിരൂരിൽ കേരളത്തിന്റെ അഭ്യർഥന മാനിച്ച്‌ രക്ഷാപ്രവർത്തനം നടത്തിയ കർണാടക സർക്കാരിന്‌ കത്തിൽ നന്ദി പറഞ്ഞു.‘ജില്ലാ ഭരണകേന്ദ്രം, കാർവാർ എംഎൽഎ സതീഷ്‌ കൃഷ്ണ സെയിൽ തുടങ്ങി, ദൗത്യത്തിൽ കേരളത്തിനും അർജുന്റെ കുടുംബത്തിനുമൊപ്പം നിന്ന മുഴുവനാളുകളെയും നന്ദി അറിയിക്കുന്നു’–- മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.



 

അർജുനായി 
കണ്ണുനട്ട നാളുകൾ

2024 ജൂലൈ 16
കർണാടക ഉത്തര കന്നഡ ജില്ലയിലെ ഷിരൂർ ദേശീയപാതയിൽ രാവിലെ എട്ടരയോടെ കൂറ്റൻ മണ്ണിടിച്ചിൽ. പാതയോരത്തുള്ള ലക്ഷ്‌മൺ നായികിന്റെ ചായക്കടയും സമീപത്ത്‌ പാർക്കുചെയ്‌ത വാഹനങ്ങളും ഗംഗാവലിപ്പുഴയിൽ വീണു.

ജൂലൈ 18
കോഴിക്കോട്‌ കണ്ണാടിക്കൽ സ്വദേശി അർജുൻ ഓടിച്ച ട്രക്ക്‌ കാണാനില്ലെന്ന പരാതിയുമായി ട്രക്കുടമ മനാഫും അർജുന്റെ സഹോദരീഭർത്താവ്‌ ജിതിനും ഷിരൂരിൽ.

ജൂലൈ 19
അർജുനെ കാണുന്നില്ലെന്നും കർണാടക സർക്കാർ ഇടപെടുന്നില്ലെന്നുമുള്ള പരാതിയുമായി അർജുന്റെ വീട്ടുകാർ. ട്രക്കിന്റെ ജിപിഎസ്‌ സിഗ്‌നൽ കിട്ടിയതായി ട്രക്കുടമ മനാഫ്‌. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക്‌ കത്തയച്ചു. ഉത്തര കന്നഡ ഡെപ്യൂട്ടി കമീഷണർ, ജില്ലാ പൊലീസ്‌ മേധാവി എന്നിവരുമായി ചീഫ്‌ സെക്രട്ടറി വി വേണു സംസാരിച്ചു. ഇരുസംസ്ഥാനത്തെയും  റവന്യൂ–- ഗതാഗാത മന്ത്രിമാരും സംസാരിച്ചു. ഏകോപനത്തിന്‌ കോഴിക്കോട്‌ കലക്ടറെ മന്ത്രി പി എ മുഹമ്മദ്‌ റിയാസും കാസർകോട്‌ കലക്ടറെ മന്ത്രി കെ ബി ഗണേഷ്‌കുമാറും ചുമതലപ്പെടുത്തി. ഉപേക്ഷിച്ച മണ്ണുനീക്കം കർണാടകം പുനരാരംഭിച്ചു. എൻഡിആർഎഫ്‌ സംഘം പുഴയിൽ പ്രാഥമിക പരിശോധന നടത്തി.

ജൂലൈ 20
കർണാടകത്തെ വിശ്വാസമില്ലെന്നും സൈന്യത്തെ വിളിക്കണമെന്നും അർജുന്റെ അമ്മ. കുടുംബം പ്രധാനമന്ത്രിക്ക്‌ കത്തയക്കുന്നു. പുഴയിലെ തിരച്ചിൽ എൻഡിആർഎഫ്‌ അവസാനിപ്പിച്ചു. കരയിലാണ്‌ ട്രക്കുള്ളതെന്ന്‌ അധികൃതർ. കരയിൽ നാലിടത്ത്‌ ലോഹസാന്നിധ്യമെന്ന്‌ റഡാർ കണ്ടെത്തൽ.

ജൂലൈ 21
ഷിരൂരിൽ തിരച്ചിലിനായി സൈന്യമിറങ്ങി. റഡാർ സിഗ്‌നൽ കിട്ടിയ കരയിലെ 90 ശതമാനം മണ്ണും സൈന്യം നീക്കി. ട്രക്ക്‌ പുഴയിലെന്ന്‌ സംശയം

ജൂലൈ 22
അർജുനും ട്രക്കും കരയിലില്ലെന്ന്‌ സൈന്യം. കരയിൽ തിരച്ചിൽ തുടരാൻ കേരളത്തിൽനിന്നുള്ളള രക്ഷാപ്രവർത്തകർ.

ജൂലൈ 23
മണ്ണിടിഞ്ഞ്‌ മരിച്ചവരിൽ എട്ടുപേരുടെ മൃതദേഹം തിരിച്ചറിഞ്ഞു.

ജൂലൈ 24
പുഴയിൽ ട്രക്കിന്റെ ലോഹഭാഗമെന്ന്‌ സംശയിക്കുന്ന സിഗ്‌നൽ കിട്ടിയതായി നാവികസേന. തീരത്തുനിന്ന്‌ ലോങ്‌ ആം ബൂമർ എക്‌സവേറ്റർ ഉപയോഗിച്ച്‌ ചെളി നീക്കി.

ജൂലൈ 25
കണ്ടെത്തിയ നാലു ലോഹഭാഗങ്ങളും അർജുന്റെ ട്രക്കിന്റേതല്ലെന്ന്‌ സ്ഥിരീകരണം.

ജൂലൈ 26
മന്ത്രിമാരായ പി എ മുഹമ്മദ്‌ റിയാസും എ കെ ശശീന്ദ്രനും ഷിരൂരിൽ. തിരച്ചിലിന്‌ കൂടുതൽ ഉപകരണങ്ങൾ എത്തിക്കണമെന്ന്‌ ആവശ്യം.

ജൂലൈ 27
തിരച്ചിലിനായി മുങ്ങൽ വിദഗ്‌ധൻ ഈശ്വർ മൽപെ ഷിരൂരിൽ. അടിയൊഴുക്ക്‌ ശക്തമെന്ന്‌ മൽപെ

ജൂലൈ 28
തിരച്ചിൽ നിർത്തുന്നതായി കർണാടകം. തിരച്ചിൽ തുടരണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രിക്ക്‌ കത്തയച്ചു.

ജൂലൈ 29
തൃശൂരിൽ കൃഷിവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ആം ഡ്രഡ്‌ജിങ്‌ യന്ത്രം അയക്കാമെന്ന്‌ കേരളം. തൃശൂരിലെ ഉദ്യോഗസ്ഥർ ഷിരൂരിൽ പരിശോധനയ്‌ക്കെത്തി. ആം യന്ത്രം ഗംഗാവലിപ്പുഴയിൽ പറ്റില്ലെന്ന്‌ കൃഷി ഉദ്യോഗസ്ഥർ

ആഗസ്-ത്  4
മുഖ്യമന്ത്രി പിണറായി വിജയൻ അർജുന്റെ വീട് സന്ദർശിച്ചു. തിരച്ചിൽ നിർത്തിവച്ച സാഹചര്യത്തിൽ സിദ്ധരാമയ്യയ്ക്ക് വീണ്ടും കത്തയച്ചു

ആഗസ്‌ത്‌ 12
തിരച്ചിൽ പുനരാരംഭിക്കുമെന്ന്‌ ഉത്തര കന്നഡ ജില്ലാ അധികൃതർ

ആഗസ്‌ത്‌ 13
നാവികസേനയുടെ തിരച്ചിലിൽ കരയിൽനിന്ന്‌ നൂറടി അകലെ അർജുന്റെ ട്രക്കിന്റെ ജാക്കി കിട്ടുന്നു; കയറിന്റെ കഷണങ്ങളും.

ആഗസ്‌ത്‌ 14
പുഴയിൽ വീണ ടാങ്കർ ലോറിയുടെ കൂടുതൽ പാളികൾ കണ്ടെത്തി.

ആഗസ്‌ത്‌ 16
ദൗത്യം നീളുമെന്ന്‌ കർണാടകം; 10 ദിവസം മണ്ണുനീക്കേണ്ടിവരുമെന്നും അറിയിപ്പ്‌.

ആഗസ്‌ത്‌ 17
രണ്ടാമതും ഷിരൂരിൽ തിരച്ചിൽ നിർത്തി.

സെപ്‌തംബർ 17
ഷിരൂരിൽ തിരച്ചിലിനായി ഗോവയിൽനിന്ന്‌ ഡ്രഡ്‌ജർ എത്തിക്കാൻ തീരുമാനം

സെപ്‌തംബർ 18
ഗോവയിൽനിന്ന്‌ ഡ്രഡ്‌ജർ കാർവാറിലെത്തുന്നു.

സെപ്‌തംബർ 19
ഗോവ ഡ്രഡ്‌ജർ ഷിരൂരിലെത്തി.

സെപ്‌തംബർ 20
തിരച്ചിൽ വീണ്ടും തുടങ്ങി. വീണ്ടും ലോഹഭാഗവും അർജുന്റെ ട്രക്കിലേതെന്ന്‌ കരുതുന്ന കയറും കിട്ടി.

സെപ്‌തംബർ 21
പുഴയിൽ വീണ ടാങ്കർ ലോറിയുടെ തലഭാഗവും ഒരു സ്‌കൂട്ടറും അർജുന്റെ ട്രക്കിലെ മരത്തടിയും ഈശ്വർ മൽപെയുടെ തിരച്ചിലിൽ കണ്ടെത്തി.

സെപ്‌തംബർ 22
ടാങ്കർ ലോറിയുടെ എൻജിൻ കിട്ടി. തിരച്ചിൽ 10 ദിവസംകൂടി നീട്ടാൻ തീരുമാനം. ജില്ലാ അധികൃതരുമായി പിണങ്ങി ഈശ്വർ മൽപെ ദൗത്യം മതിയാക്കി.

സെപ്‌തംബർ 23
അസ്ഥി കിട്ടുന്നു;  മനുഷ്യന്റേതല്ലെന്ന്‌ സ്ഥിരീകരണം.

സെപ്‌തംബർ 24
തിരച്ചിലിൽ കാര്യമായതൊന്നും കിട്ടുന്നില്ല.

സെപ്‌തംബർ 25
ട്രക്കും  മൃതദേഹവും ക ണ്ടെത്തി.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top