ഇതാ ശ്രീലങ്കയ്ക്ക് മേലെ ചുവപ്പുതാരം ഒളിവീശുന്നു. പതിറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് ജനതാ വിമുക്തി പെരമുന അധികാരം നേടുന്നത്. സായുധ സമരത്തിൽനിന്ന് പാർലമെന്ററി ജനാധിപത്യത്തിലേക്ക് വഴിമാറിയ ജെവിപി 2022ലെ ശ്രീലങ്കൻ സാമ്പത്തിക തകർച്ചയെ തുടർന്നുള്ള ജനകീയ പ്രക്ഷോഭങ്ങളിലൂടെയാണ് ബഹുജനങ്ങളുടെ പിന്തുണയാർജിച്ചത്. അതോടെ രാജ്യത്തെ ആദ്യ കമ്യൂണിസ്റ്റ് പ്രസിഡന്റ് എന്ന പദവിയിലേക്കുള്ള അനുര കുമാര ദിസനായകെയുടെ അധികാരാരോഹണമെന്ന ചരിത്രം പിറന്നു
പത്തൊമ്പതര വർഷം മുമ്പ്, കൃത്യമായി പറഞ്ഞാൽ 2005 ഏപ്രിൽ ഒമ്പതിന് സോമവംശ അമരസിംഗെ എന്ന മെലിഞ്ഞ് കുറിയ മനുഷ്യൻ ആവേശപൂർവം സ്വാനുഭവങ്ങൾ വിശദീകരിക്കുന്നു. ഭീകരമായ കൂട്ടക്കൊലയിൽനിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട കഥ. ശ്രീലങ്കൻ ചെഗുവേര എന്നറിയപ്പെടുന്ന വിപ്ലവകാരി റൊഹാന വിജയവീരയുടെ പ്രിയസഖാവാണ് കഥാപുരുഷൻ.
1971ലും, 87 മുതൽ 89 വരെയും സായുധ യുദ്ധം നടത്തിയതിന്റെ ചോരയിറ്റുന്ന ചരിത്രം പറയുമ്പോൾ ആ മനുഷ്യനിലെ പോരാളി ഉണർന്നു. സായുധ സമരത്തിന്റെ പേരിൽ ശ്രീലങ്കയിലെ മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് പാർടിയായ ജനതാ വിമുക്തി പെരമുനയുടെ 14 പൊളിറ്റ്‌ബ്യൂറോ അംഗങ്ങളെ ജയവർധനെ സർക്കാർ കൂട്ടത്തോടെ കൊന്നൊടുക്കിയപ്പോൾ രക്ഷപ്പെട്ട ഏക നേതാവാണ് തൊട്ടുമുന്നിൽ. ജനങ്ങളുടെ മോചനത്തിനുവേണ്ടി ആയുധമെടുത്തതിന് 1989ൽ ജയവർധനെ നയിച്ച യുഎൻപി ഗവൺമെന്റ് റോഹാന വിജയവീരയടക്കമുള്ള നേതാക്കളെ പിടികൂടിവിചാരണ കൂടാതെ കൊന്നൊടുക്കിയപ്പോൾ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് നാടുവിട്ടതാണ് അമരസിംഗെ. ജന്മനാട്ടിൽ തിരിച്ചെത്തിയത് 2001ൽ. രണ്ടു പതിറ്റാണ്ടിലേറെ യൂറോപ്പിലെയും ഏഷ്യയിലെയും പലനാടുകളിൽ ഒളിവിൽ കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. സ്വാഭാവികമായി ഒരു ചോദ്യം മനസ്സിൽ വന്നു.
‘‘എവിടെയൊക്കെ?’’
‘‘കുറേ നാടുകൾ. നിങ്ങൾ മലയാളിയല്ലേ. നിങ്ങളുടെ നാട്ടിലും ഞാൻ ആരുമറിയാതെ ഒളിവിൽ കഴിഞ്ഞിട്ടുണ്ട്’’
‘‘കേരളത്തിലോ. എവിടെ?’’
‘‘നിങ്ങൾക്ക് ഊഹിക്കാമോ?’’
മനസ്സിൽ വന്ന സ്ഥലപ്പേരുകൾ പറഞ്ഞു. ‘‘പുനലൂർ. അവിടെ റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ ഉണ്ട്. അല്ലെങ്കിൽ വയനാട്’’
‘‘ഏയ് അതൊന്നുമല്ല. അത് ഞാൻ ഇപ്പോൾ പറയില്ല. രഹസ്യമായിരിക്കട്ടെ. ഒരിക്കൽ കേരളത്തിൽ വരും. അന്ന് ഞാൻ ആ സ്ഥലപ്പേര് വെളിപ്പെടുത്തും. ഒരിക്കൽക്കൂടി അവിടെയൊക്കെ പോകും’’.
കേരളത്തിൽ എപ്പോൾ വന്നാലും സഖാവിനെ വിളിക്കാമെന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിക്കാൻ തുടങ്ങിയപ്പോൾ പറഞ്ഞു. ‘‘സഖാവിന്റെ ഇംഗ്ലീഷിന്റെയും തമിഴിന്റെയും ഈണത്തിന് ഒരു പ്രത്യേക ചന്തമുണ്ട്. തെനാലി എന്ന സിനിമയിൽ കമൽഹാസന്റെ തെനാലി സോമൻ എന്ന കഥാപാത്രത്തിന്റെ തമിഴിന്റെ അതേ ഈണം.’’
‘‘തെനാലി സോമൻ ശ്രീലങ്കൻ തമിഴനാണ്. ശ്രീലങ്കക്കാർ ഏതു ഭാഷ പറഞ്ഞാലുമുണ്ടാകും ഈ ഈണം.’’ അത് പറഞ്ഞ് തോളിൽ തട്ടിയപ്പോൾ കമ്യൂണിസ്റ്റുകാരുടെ സാർവദേശീയ സാഹോദര്യത്തിന്റെ ഇളംചൂടറിഞ്ഞു.
സിപിഐ എം പതിനെട്ടാം പാർടി കോൺഗ്രസ് വേദിയായ ന്യൂഡൽഹി താൽകട്ടോറ സ്റ്റേഡിയത്തിൽനിന്ന് ചിരിച്ചുകൊണ്ട് കൈകൊടുത്ത് ആ വേനൽപ്പകലിൽ പിരിയുമ്പോൾ ഓർത്തു, എന്തുകൊണ്ടായിരിക്കും ആ വിപ്ലവകാരി കേരളത്തിൽ ഒളിച്ചു താമസിച്ച സ്ഥലം വെളിപ്പെടുത്തി എന്റെ കൗതുകം ശമിപ്പിക്കാതിരുന്നത്? 2005ൽ ചന്ദ്രിക കുമാരതുംഗ സർക്കാരിൽ പങ്കാളിയാണ് ജെവിപി. അമരസിംഗെയ്‌ക്ക് ഒപ്പം സിപിഐ എം പാർടി കോൺഗ്രസിൽ സൗഹാർദ പ്രതിനിധിയായി പങ്കെടുത്ത സുനിൽ ഹന്ദുന്നതി ചന്ദ്രിക കുമാരതുംഗ മന്ത്രിസഭയിൽ കൃഷിമന്ത്രിയാണ്. അപ്പോൾ നാട്ടിലെ സുരക്ഷയുടെ പ്രശ്‌നമാകില്ല. ഒളിവിൽ കഴിയാൻ സഹായിച്ചവർക്ക്, അവരുടെ ബന്ധുക്കൾക്ക്, സഖാക്കൾക്ക് ഒരിക്കലും ബുദ്ധിമുട്ടാകരുതെന്നുള്ള കരുതലായിരിക്കുമോ?
സോമവംശ അമരസിംഗെ പിന്നീട് എപ്പോഴെങ്കിലും കേരളത്തിൽ വന്നതായി അറിയില്ല. 2016 ജൂണിൽ എഴുപത്തിമൂന്നാം വയസ്സിൽ അദ്ദേഹത്തിന്റെ മരണത്തോടെ ആ രഹസ്യവും കൊളംബോയിലെ ബൊറെല്ല സെമിത്തേരിയിൽ മണ്ണടിഞ്ഞു പോയിട്ടുണ്ടാകാം. നയപരമായ ഭിന്നത കാരണം ജെവിപി വിടുംമുമ്പ് 2014ൽ അമരസിംഗെ നേതൃസ്ഥാനം ഒഴിഞ്ഞു. പകരം ചുമതലയേറ്റടുത്തത് മറ്റൊരു പോരാളിയായിരുന്നു. പോരാട്ടത്തിന്റെ മറുപേര്. സെൻട്രൽ പ്രോവിൻസിലെ മത്താലെ ജില്ലയിലെ ഗാലേവാല ഗ്രാമത്തിലെ സാധാരണക്കാരന്റെ മകൻ. മറ്റാരുമല്ല, ഇന്ന് ശ്രീലങ്കയുടെ ആകാശത്ത് അധികാരത്തിന്റെ ചുവപ്പ് കൊടി പാറിച്ച അനുര കുമാര ദിസനായകെ. ഈ ദ്വീപുരാഷ്‌ട്രത്തിന്റെ കമ്യൂണിസ്റ്റുകാരനായ ആദ്യ പ്രസിഡന്റെന്ന വീരചരിത്രം ഇവിടെ പിറക്കുന്നു.
അനുര കുമാര ദിസനായകെയും ജെവിപി ജനറൽ സെക്രട്ടറി തിൽവിൻ സിൽവയും
കൊളംബോ 2022, മാർച്ച്
വേനൽക്കാലം. ശ്രീലങ്കയ്‌ക്ക് അത് സമരവേനലായിരുന്നു. ഐഎംഎഫും എഡിബിയും അടക്കമുള്ള വിദേശ സാമ്പത്തിക ഏജൻസികളിൽനിന്ന് വാങ്ങിയ പണം തിരച്ചടയ്‌ക്കാനാകാതെ കടക്കെണി മുറുകിയ കാലം. ജനങ്ങൾക്ക് വെള്ളമോ പാചകവാതകമോ ഇന്ധനമോ ഇല്ല. അവശ്യസാധനങ്ങൾക്ക് വില കുതിച്ചുയർന്നു. സ്വാഭാവികമായും ജനങ്ങൾക്ക് സമരമല്ലാതെ മറ്റു മാർഗമില്ലായിരുന്നു. സാധാരണ തൊഴിലാളികളും വിദ്യാർഥികളും മുതൽ ബുദ്ധഭിക്ഷുക്കളും ക്രിസ്‌ത്യൻ, - മുസ്ലിം പുരോഹിതരുംവരെ സമരഭൂമിയിൽ. ശ്രീലങ്കൻ കറൻസിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിട്ട കാലം. ആറായിരം ശതകോടി ശ്രീലങ്കൻ രൂപയുടെ കടം അടച്ചു തീർക്കണമെന്ന് അറിയാമായിരുന്നിട്ടും ധൂർത്തിനും അഴിമതിക്കും ഒരവധിയും കൊടുത്തില്ല ഗോതബയ രാജപക്‌സെ എന്ന ശ്രീലങ്കൻ പ്രസിഡന്റ്. രാജ്യം വറുതിയിലായിരിക്കെ കൊളംബോ നഗരത്തിൽ 105 മില്യൺ ഡോളർ ചെലവിട്ട് പണിത 356 മീറ്റർ (1,168 അടി) ഉയരമുള്ള താമരൈ ഗോപുരം (ലോട്ടസ് ടവർ) നിലംപരിശാക്കാതിരുന്നത് ജനങ്ങളുടെ ഔദാര്യം. ഒരു ഘട്ടത്തിൽ കൊളംബോ നഗരത്തിലെ പ്രസിഡന്റിന്റെ കൊട്ടാരംവരെ ജനം കൈയേറി. നീന്തൽക്കുളത്തിൽ ജനങ്ങൾ ആർത്തുല്ലസിച്ച് മുങ്ങി നിവർന്നു. രാജപക്സമാരുടെ കാൻഡിയിലെ കുടുംബ വീടും പ്രക്ഷോഭകർ ആക്രമിച്ചു. സമരമല്ലാതെ മറ്റു മാർഗമില്ലെന്ന ഒരു ജനതയുടെ ബോധ്യം ആ വേനലിൽ ശ്രീലങ്കയെ ചുട്ടുപൊള്ളിച്ചു. പൊലീസും സൈന്യവുംവരെ സമരത്തോട് അനുഭാവം പ്രകടിപ്പിച്ച നാളുകൾ.
ഗോപുരാകാരം പൂണ്ട അഴിമതി
ആറായിരം ശതകോടി ഡോളർ കടമുള്ളപ്പോൾ ശതകോടികളുടെ ഗോപുരം പണിതുകളിച്ച പ്രസിഡന്റിനെയും ബന്ധുക്കളായ മന്ത്രിമാരെയും പാഠംപഠിപ്പിക്കാൻ ജനങ്ങൾ രംഗത്തിറങ്ങിയ നാളുകളിലൊന്നിലാണ് കൊളംബോയിൽ വിമാനമിറങ്ങുന്നത്, 2022 മാർച്ച് അവസാന വാരത്തിൽ. സമരക്കാർക്കൊപ്പം സഞ്ചരിച്ചപ്പോൾ ഒരു കാര്യം വ്യക്തമായി. ഈ പ്രക്ഷോഭകർ ഭരണക്കാരെയും കൊണ്ടേ പോകൂ എന്ന്. ഒരിടത്തും സമരത്തെ അടിച്ചമർത്താൻ ശ്രമിക്കാത്ത പൊലീസും പട്ടാളവും. ഇത്രയും ബൃഹത്തായ ജനസഞ്ചയത്തെ എതിർത്തിട്ട് കാര്യമില്ലെന്ന് തോന്നിയതുകൊണ്ടോ ചെറിയ പ്രകോപനത്തിനുപോലും വലിയ തിരിച്ചടിയുണ്ടാകുമെന്ന് ബോധ്യമുള്ളതുകൊണ്ടോ ആകണം അവർ എതിർക്കാതിരുന്നത്.കൃത്യമായ രാഷ്‌ട്രീയ ഉള്ളടക്കം കൂടിയുണ്ടായിരുന്നെങ്കിൽ ഈ പ്രക്ഷോഭത്തെ വഴിതെറ്റാതെ പുരോഗമന പക്ഷത്തേക്ക് നയിക്കാൻ സാധിക്കുമെന്ന് പുറത്തുനിന്നെത്തിയ ഒരാൾക്ക് സ്വാഭാവികമായും തോന്നിയ നാളുകൾ.
ജനതാ വിമുക്തി പെരമുനയുടെ കേന്ദ്ര ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ മാധ്യമങ്ങളുമായി സംവദിക്കാൻ ചുമതലപ്പെടുത്തിയത് ബിമൽ രത്‌നായകെയാണെന്നറിഞ്ഞു. നമ്പറും തന്നു. നാഷണൽ ഓർഗനൈസറും പൊളിറ്റ്‌ബ്യൂറോ അംഗവുമായ ബിമലിനോട് അന്നു തന്നെ ദീർഘനേരം ഫോണിൽ സംസാരിച്ചു. സമരത്തിന്റെ വിവിധ രൂപങ്ങളെക്കുറിച്ച്, രാജ്യം ചെന്നുപെട്ട കടക്കെണിയുടെ അപകടത്തെക്കുറിച്ച്, ഇന്ത്യൻ വ്യവസായി ഗൗതം അദാനി കൊളംബോ തീരത്ത് ചിറകുവിരിക്കുന്നതിനെക്കുറിച്ച്, ചൈനയ്‌ക്കെതിരെയുള്ള പ്രചാരണത്തെക്കുറിച്ച്. ലക്ഷ്യവേധിയായ രാഷ്‌ട്രീയ കാഴ്‌ചപ്പാടുകളോടെയുള്ള ജെവിപിയുടെ ഇടപെടലുകൾ തൊട്ടറിയാൻ സാധിച്ചു. പാർലമെന്റിൽ നാമമാത്ര സാന്നിധ്യം മാത്രമേയുള്ളൂ ആ പാർടിക്ക്. ജെവിപി നയിക്കുന്ന നാഷണൽ പീപ്പിൾസ് പവറിന് അന്ന് വെറും മൂന്നു ശതമാനം വോട്ടും മൂന്നു പാർലമെന്റംഗങ്ങളുമാണുള്ളത്. പാർടിയുടെ വലിപ്പമോ പാർലമെന്റിലെ പ്രാതിനിധ്യമോ അല്ല അതിന്റെ ഇടപെടൽ ശേഷിയാണ് പ്രധാനമെന്ന് ജെവിപി തെളിയിക്കുന്നതിനാണ് പിന്നീട് ശ്രീലങ്ക സാക്ഷിയായത്.ബിമലുമായുള്ള സംസാരത്തിനൊടുവിൽ അദ്ദേഹം ബട്ടാരമുള്ളയിലെ ജെവിപി ഓഫീസ് സന്ദർശിക്കാൻ ക്ഷണിച്ചു. പാർലമെന്റ് മന്ദിരം സ്ഥിതി ചെയ്യുന്ന ജയവർധന കോട്ടെയിൽനിന്ന് അധികം ദൂരമില്ല ബട്ടാരമുള്ളയിലേക്ക്.
പ്രക്ഷോഭത്തിലൂടെ ജനവിശ്വാസമാർജിക്കാൻ തുടങ്ങിയതിന്റെ ലക്ഷണങ്ങൾ അന്നൊന്നും അത്ര ദൃശ്യമായിരുന്നില്ല. തലയുയർത്തി നിൽക്കുന്ന ആ ബഹുനില മന്ദിരത്തിൽ അധികമൊന്നും ആളില്ല. ബിമൽ രത്‌നായകെയുമായി നേരിട്ട് കുറേനേരം സംസാരിച്ചു. പാർടി ജനറൽ സെക്രട്ടറി തിൽവിൻ സിൽവയും പിന്നീട് സംഭാഷണത്തിൽ ചേർന്നു.
സിംഹള വംശീയതയെ ആശ്ലേഷിക്കുന്ന പാർടിയാണ് ജെവിപി എന്ന ആരോപണം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ നേതാക്കൾ ചിരിച്ചു, എത്രയോ മാധ്യമപ്രവർത്തകർ ആവർത്തിച്ച അതേ ചോദ്യം തന്നെയെന്ന മട്ടിൽ. ‘എങ്ങനെയാണ് ഒരു മാർക്‌സിസ്‌റ്റ് ലെനിനിസ്‌റ്റ് പാർടിക്ക് വംശീയ വാദികളാകാൻ കഴിയുക? അങ്ങനെ ഒരാക്ഷേപം അന്താരാഷ്‌ട്രതലത്തിൽ പ്രചരിപ്പിക്കേണ്ടത് എതിരാളികളുടെ ആവശ്യമായിരുന്നു. തമിഴ് ജനതയോട് ഒരിക്കലും എതിർപ്പു പ്രകടിപ്പിച്ചിട്ടില്ല ജെവിപി. അവരിലെ തീവ്രവാദികളോട് സ്വാഭാവികമായ വിയോജിപ്പുണ്ടാകാം. അത്രമാത്രം.’ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന പാർടിയാണ് ജെവിപി.’ –അവർ പറഞ്ഞു.
മറ്റു ബൂർഷ്വാ പാർടികളെല്ലാം അഴിമതിഗ്രസ്‌തമാണെന്നും ലങ്കയുടെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം അവർ പിന്തുടരുന്ന സമ്പന്നാനുകൂല നയങ്ങളാണെന്നും സ്ഥാപിക്കാൻ ജെവിപിക്ക് കഴിഞ്ഞതുകൊണ്ടാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അനുര കുമാര ദിസനായകെയ്ക്ക് വിജയിക്കാനായത്. തെക്കനേഷ്യയുടെ ഭൗമ രാഷ്ട്രീയ മണ്ഡലത്തിൽ വലിയ ചലനം സൃഷ്ടിക്കാനുതകുന്ന തെരഞ്ഞെടുപ്പ് വിജയമാണിത്. പതിറ്റാണ്ടുകളായി ഉയിരുകൊടുത്തും ജനങ്ങൾക്കൊപ്പം നിന്നതിന്റെ അനിവാര്യ ഫലസിദ്ധി. സായുധ സമരത്തിൽനിന്ന് പാർലമെന്ററി ജനാധിപത്യത്തിന്റെ പാതയിലേക്ക് ശരിയായ വിധം മാറിയ ജെവിപിക്കും എ കെ ഡി എന്ന് അനുയായികൾ സ്‌നേഹത്തോടെ വിളിക്കുന്ന അനുര കുമാര ദിസനായകെയ്‌ക്കും മുന്നിലുള്ള വെല്ലുവിളികൾ ചെറുതല്ല. മുന്നണിയിലെ സമാനമനസ്‌കരായ പാർടികളെ ഒപ്പം നിർത്തണം. തകർന്ന സമ്പദ്‌ഘടനയെ പുനരുജ്ജീവിപ്പിക്കണം. വംശീയ യുദ്ധത്തിന്റെ മുറിവുകളിൽനിന്ന് വീണ്ടും ചോര കിനിയാതെ നോക്കണം. ജനങ്ങൾക്കിടയിൽനിന്ന് വളർന്നു വന്ന തിൽവിൻ സിൽവയും എ കെ ഡിക്കും അതിനു സാധിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..