29 November Tuesday
ഉമ്മ വറ്റിപ്പോയ 
ചുണ്ടുകൾ

തിരികെ പിടിക്കാം...
സൗന്ദര്യലഹരി

ശ്രീരാജ് ഓണക്കൂർUpdated: Wednesday Oct 5, 2022

 

ജീവിതസൗന്ദര്യം ലഹരിയായി കണ്ടിരുന്ന കാലത്തുനിന്ന്‌ എത്രപെട്ടെന്നാണ്‌ നമ്മുടെ യുവതലമുറ ലഹരിയുടെ സൗന്ദര്യം ജീവിതമായി കാണുന്ന കാലത്തേക്ക്‌ നടന്നുപോയത്‌. എത്രയെത്ര കുട്ടികൾ അകാലത്തിൽ മരണത്തിലേക്ക്‌ നടന്നടുത്തു. ഇനിയൊരു തിരിച്ചുയാത്ര ഇല്ലാത്തവിധം മാനസികമായി തകർന്നവരെത്ര... അതിലേറെ കുടുംബങ്ങൾ... കൂടെ നിൽക്കുന്നവർക്ക്‌ തീരാവേദനമാത്രം നൽകുന്ന ഈ ലഹരി ഉപയോഗത്തിന്‌ അറുതിവരുത്താൻ നാമോരോരുത്തരും യോദ്ധാക്കളായി രംഗത്തിറങ്ങിയേ മതിയാകൂ... സർക്കാരിനൊപ്പം ഈ നീക്കത്തിൽ ദേശാഭിമാനിയും അണിചേരുന്നു....  നമുക്ക്‌ തിരികെ പിടിക്കാം ജീവിതസൗന്ദര്യം .

ഉമ്മ വറ്റിപ്പോയ 
ചുണ്ടുകൾ
സ്കൂളിൽനിന്നെത്തിയാൽ അമ്മയ്‌ക്കൊരുമ്മ... അതവളുടെ പതിവായിരുന്നു. പൂമ്പാറ്റയെപ്പോലെ മനോഹരമായി ചിരിച്ച്‌ പാറിനടന്നിരുന്ന ആ പത്താം ക്ലാസുകാരി പെട്ടെന്നൊരു ദിവസം ആ ശീലം വേണ്ടെന്നുവച്ചു. അടുത്ത് വിളിച്ചാൽ വരാതായി. സ്കൂളിൽനിന്നെത്തിയാൽ പലതവണ ബ്രഷ് ചെയ്യും. ചോദിച്ചാൽ ദേഷ്യപ്പെടും. എല്ലാവരും അഭിനന്ദിച്ചിരുന്ന ചുവന്ന ചുണ്ടുകളിൽ നിറവ്യത്യാസം കണ്ടുതുടങ്ങി. പെർഫ്യൂം കൂടുതലായി ഉപയോഗിക്കാൻ തുടങ്ങി, പ്രത്യേകിച്ച് വിരലുകളിൽ.

എറണാകുളത്തെ പ്രമുഖ സ്കൂളിലെ ആ മിടുക്കി പഠനത്തിലും പിന്നോട്ടായപ്പോൾ അമ്മയ്‌ക്ക്‌  സംശയമായി. ബാഗ് പരിശോധിച്ചപ്പോൾ കഞ്ചാവ് ബീഡി. സഹപാഠിയായ കാമുകനായിരുന്നു ഗുരു. അവനൊപ്പം സിഗററ്റിൽ തുടങ്ങി ലഹരി മതിയാകാതെ വന്നതോടെയാണ്‌ കഞ്ചാവിലെത്തിയത്‌. കാമുകനുമായുള്ള ബന്ധം പുറത്തായപ്പോൾ അവൾ ആത്മഹത്യാ ഭീഷണി മുഴക്കി.  ‘ആണുങ്ങൾക്കാകാമെങ്കിൽ പെണ്ണുങ്ങൾക്കെന്താ’  കൗൺസലിങ്ങിൽ അവൾ പൊട്ടിത്തെറിച്ചു. എക്‌സൈസ് വകുപ്പിന്റെ ‘വിമുക്തി’ കേന്ദ്രത്തിൽ ചികിത്സയിലാണ് ഇന്ന്‌ ഈ മിടുക്കി. കിട്ടാതെപോയ ഉമ്മകൾക്കായി കണ്ണീരോടെ കാത്തിരുപ്പാണ്‌ അമ്മയും...
 

കൊച്ചി ലഹരിയുടെ ഹബ്ബാകുന്നു
അച്ഛൻ ഗൾഫിൽ വലിയ വ്യാപാരി, അമ്മയും അവിടെ ഉന്നത ജോലിയിൽ. പ്ലസ്‌ടുവരെ ഗൾഫിലെ സ്‌കൂളിൽ ഒന്നാമനായി പഠിച്ച ജീവൻ (പേര്‌ സാങ്കൽപ്പികം) അച്ഛനമ്മമാരുടെ താൽപ്പര്യപ്രകാരമാണ്‌ എറണാകുളത്തെ പ്രമുഖ എൻജിനിയറിങ്‌ കോളേജിലെ പഠനത്തിന്‌ നാട്ടിലെത്തിയത്‌. ഒരു വർഷംകൊണ്ട്‌ അവൻ പേരെടുത്തു, പഠനത്തിലല്ലെന്നുമാത്രം. 25 എൽഎസ്‌ഡി സ്‌റ്റാമ്പ്‌ സഹിതം ആ മിടുക്കൻ എക്‌സൈസ്‌ പിടിയിലായി.

പരീക്ഷകളിൽ തോറ്റുതുടങ്ങിയ ജീവൻ കൂട്ടുകാരോടും അധ്യാപകരോടും അനാവശ്യമായി ദേഷ്യപ്പെടും. ഹോസ്റ്റലിൽവച്ച്‌ സുഹൃത്തിനുനേരെ കത്തി വീശി. അവനെക്കുറിച്ചുള്ള കഥകൾ ഓരോന്നായി അച്ഛനമ്മമാർ കണ്ണീരോടെ കേട്ടുനിന്നു. കഞ്ചാവിൽ തുടങ്ങിയ ലഹരി ഉപയോഗം എംഡിഎംഎയും എൽഎസ്‌ഡി സ്‌റ്റാമ്പിലുമെത്തി. അയച്ചുതരുന്ന പണം ആഡംബര ജീവിതത്തിനും മയക്കുമരുന്ന്‌ ഉപയോഗത്തിനും തികയാതെ വന്നപ്പോൾ മയക്കുമരുന്ന്‌ കച്ചവടവും ആരംഭിച്ചിരുന്നു. അതിനിടെയാണ്‌ എക്‌സൈസ്‌ വലയിലായത്‌. ലഹരിവിമുക്തി കേന്ദ്രത്തിലെ ചികിത്സയ്‌ക്കുശേഷം അവനിപ്പോൾ പതിയെ പഴയ ജീവിതത്തിലേക്ക്‌ തിരിച്ചെത്തിയിരിക്കുന്നു.

പ്രൊഫഷണലുകൾക്കുമുതൽ സ്‌കൂൾ കുട്ടികൾക്കുവരെ ലഹരിമരുന്നുകൾ സുലഭമായി കിട്ടുന്ന കൊച്ചിയുടെ മാറിയ മുഖം ദേശീയ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോ (എൻസിആർബി) കണക്കുകളിൽ കാണാം. അതുപ്രകാരം കഴിഞ്ഞവർഷം ലഹരി കേസുകളുടെ നിരക്കിൽ (നർകോട്ടിക്‌ ഡ്രഗ്സ്‌ നിയമപ്രകാരം) കൊച്ചിയാണ്‌ മൂന്നാമത്‌. ഒരുലക്ഷംപേരിൽ നാൽപ്പത്തിമൂന്നാണ്‌ കൊച്ചിയിലെ ലഹരി കേസുകളുടെ നിരക്ക്‌. ഇൻഡോർ, ബംഗളൂരു എന്നിവയാണ്‌ കൊച്ചിക്കുമുന്നിലുള്ളത്‌. മൊത്തം ലഹരി കേസുകളുടെ എണ്ണത്തിൽ നാലാമതും–- 910 കേസ്‌. ഒന്നരമാസത്തിനിടെ നഗരത്തിൽ നടന്ന ഏഴ്‌ കൊലപാതകത്തിൽ അഞ്ചിലും ലഹരിയുടെ സ്വാധീനമുണ്ടായിരുന്നു.

ലഹരിക്കെതിരെ 
ക്യാമ്പയിന് ഇന്ന്‌ തുടക്കം
മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സർക്കാരിന്റെ വിപുലമായ പ്രചാരണ പരിപാടികൾക്ക് വ്യാഴാഴ്‌ച തുടക്കമാകും. കേരളപ്പിറവി ദിനംവരെയാണ് ആദ്യഘട്ട പ്രചാരണം.  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാർഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും രാവിലെ 9.30ന്‌  ഉദ്ഘാടനച്ചടങ്ങ് നടക്കും. രാവിലെ 10ന്‌ എല്ലാ കേന്ദ്രങ്ങളിലെയും പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി മുഖ്യമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്യും. 

വ്യാഴവും വെള്ളിയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കും.  എല്ലാ അയൽക്കൂട്ടങ്ങളും ഞായറാഴ്‌ച ലഹരിവിരുദ്ധ സഭ സംഘടിപ്പിക്കും. 14ന് ബസ് സ്റ്റാൻഡുകൾ, ചന്തകൾ, ടൗണുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ലഹരിവിരുദ്ധ സദസ്സ്‌ സംഘടിപ്പിക്കും. 16ന് വൈകിട്ട് നാലുമുതൽ ഏഴുവരെ എല്ലാ വാർഡുകളിലും ജനജാഗ്രതാ സദസ്സ്‌ സംഘടിപ്പിക്കും.16 മുതൽ 24 വരെ തീരദേശമേഖലയിലും പ്രത്യേകമായ പ്രചാരണം സംഘടിപ്പിക്കും. 24ന് വൈകിട്ട് എല്ലാ വീടുകളിലും പൊതുസ്ഥലങ്ങളിലും ലഹരിവിരുദ്ധ ദീപം തെളിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top