22 September Sunday

നാദം സംഗീതമാക്കിയ അന്നമനട

ഇ പി വിനയകൃഷ‌്ണൻUpdated: Thursday Jun 13, 2019

തൃശൂർ
 ‘പഞ്ചവാദ്യ’ങ്ങളെ  കൂട്ടിക്കൊട്ടിച്ച്‌  വാദ്യപ്രേമികളെ  ആസ്വാദനലഹരിയുടെ കൊടുമുടി കയറ്റിയാണ്‌ അന്നമനടയെന്ന വാദ്യപ്രതിഭ  വിടവാങ്ങുന്നത്‌. പഞ്ചവാദ്യപ്പെരുമയെ  വാദ്യലോകത്തിന്റെ ശിരസ്സിലേക്ക‌് കൈപിടിച്ചുയർത്തിയ അന്നമനട കളരിയിൽനിന്ന്‌ പരമേശ്വര മാരാർ(സീനിയർ), കുഴൂർ നാരായണമാരാർ തുടങ്ങിയ തിമില പ്രമാണക്കാർ, ചാലക്കുടി നാരായണൻനമ്പീശൻ(സീനിയർ), കൊളമംഗലം നാരായണൻനായർ എന്നീ  മദ്ദള പ്രമാണക്കാർ ....ഇവർക്കൊപ്പം അരങ്ങേറ്റം, പിന്നെ കലാമണ്ഡലത്തിലെ പഠനം, തുടർന്ന്‌    മറ്റൊരു പഞ്ചവാദ്യ കളരിയായ പല്ലാവൂർ ശൈലിയുടെ  സഹയാത്രികൻ......  കൊട്ടിക്കയറുമ്പോഴും   സഞ്ചരിച്ച വാദ്യകലാലോകത്ത്‌ പകരംവയ‌്ക്കാൻ ഇല്ലാത്ത  പേരായി മാറുകയായിരുന്നു അന്നമനട പരമേശ്വരമാരാർ. 

പല്ലാവൂർ ശൈലിയിലെ വിളംബകാല മാധുര്യവും അന്നമനടക്കാരുടെ  കൂട്ടിക്കൊട്ടലുകളും പരമേശ്വരമാരാരുടെ പഞ്ചവാദ്യത്തിൽ കാണാമെന്നാണ്‌ വാദ്യാസ്വാദകർ   അഭിപ്രായപ്പെടുന്നത‌്. കൂട്ടിക്കൊട്ടലുകളിലെ ഇടകാലത്തിൽ  ചോറ്റാനിക്കര  ശൈലിയും പരമേശ്വരമാർക്ക്‌  സ്വന്തമായിട്ടുണ്ടായിരുന്നു.

കൂട്ടിക്കൊട്ടലുകളിൽ തിമിലയുടെ തോംകാരവും മദ്ദളത്തിന്റെ ധീംകാര താളവട്ടങ്ങളിൽ ഇരട്ടികൾ കൊട്ടാതെ ഇടതൂർന്ന വിന്യാസങ്ങളും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. തോംകാരമുള്ള തിമിലയിൽ  പഞ്ചവാദ്യമാരംഭിക്കുന്ന   അപൂർവം പ്രമാണക്കാരിലൊരാളായിരുന്നു പരമേശ്വരമാരാർ. സംഗീതസാന്ദ്രമായ തൃപുടയും പതികാലത്തിലെ ചിട്ടകൾ എല്ലാം  പാലിച്ച കൂട്ടിക്കൊട്ടലുകളും ചേർന്ന  അന്നമനടയുടെ നാദധാര ആസ്വാദനത്തിന്റെ അതിരുകളെല്ലാം ഭേദിച്ചിരുന്നു.


പ്രധാന വാർത്തകൾ
 Top