17 September Tuesday

തിമിലയുടെ ജനകീയ മുഖം

കോങ്ങാട‌് മധുUpdated: Thursday Jun 13, 2019



അരനൂറ്റാണ്ടോളം  തനിക്ക‌് ആത്മബന്ധമുണ്ടായിരുന്ന കലാകാരൻ അന്നമനട‌  സഹോദര തുല്യനായിരുന്നു. പഞ്ചവാദ്യത്തിലെ  ഈ കുലപതിക്കുപകരം വയ്ക്കാൻ മറ്റൊരാളെ കണ്ടെത്താൻ പാടുപെടേണ്ടിവരും. അത്രയും മികവാർന്ന പ്രകടനമാണ് അദ്ദേഹത്തിന്റെ വാദനത്തിലൂടെ ലോകം ശ്രവിച്ചത്.  പഞ്ചവാദ്യപ്പെരുമയുടെ ആ തിളക്കമാർന്ന അധ്യായം അവസാനിച്ചിരിക്കുന്നു.

നിരവധി രാജ്യങ്ങളിൽ അദ്ദേഹത്തോടൊപ്പം പഞ്ചാവദ്യമവതരിപ്പിക്കാൻ അവസരം ലഭിച്ചു. എടുത്തുപറയേണ്ടത് ലോകോത്തര പൂരമായ തൃശൂർ പൂരത്തിന് 15 വർഷം ഒപ്പംചേർന്ന് കൊട്ടി എന്നതാണ‌്. എന്റെ ഉയർച്ചയ‌്ക്കും അത‌് കാരണമായിട്ടുണ്ട‌്. മഠത്തിൽ വരവ് പഞ്ചവാദ്യത്തിന് പുതു രൂപവും ഭാവവും നൽകാൻ പരമേശ്വരമാരാർക്കായി. പഞ്ചവാദ്യത്തിന് രൗദ്രതയും ചിട്ടയും നൽകുന്നതിനുപകരം, ആസ്വാദകരുടെ മനമറിഞ്ഞ ജനകീയവാദ്യപ്രകടനമായിരുന്നു അത‌്.  

പെരുമാറ്റംപോലെതന്നെ പഞ്ചവാദ്യത്തിനും അദ്ദേഹം സൗമ്യഭാഷയൊരുക്കിയാണ‌് ലക്ഷോപലക്ഷം ജനങ്ങളുടെ കാതുകളിൽ വിശ്വോത്തര സിംഫണിയാക്കി ഉയർത്തിയത‌്. ഉത്രാളിക്കാവ്, പറക്കോട്ടുകാവ്, നെന്മാറ... പൊടിപാറിയ പഞ്ചവാദ്യങ്ങളുടെ സ‌്മരണകൾക്ക‌് അന്തമില്ല. 

1984ൽ തൃശൂരിൽ പഞ്ചവാദ്യമേള മത്സരം നടന്നപ്പോൾ തന്റെ ടീമിൽ മധു വേണമെന്ന‌്  പറഞ്ഞ‌് ഉൾപ്പെടുത്തിയത‌് മറക്കാനാവില്ല. ടീമിന് രണ്ടാം സ്ഥാനവും കിട്ടി. ഒന്നാമത‌് കുഴൂരായിരുന്നു.  ഒരേ ജനനത്തീയതിയായിരുന്നു ഞങ്ങളുടേത്. 2012 മെയ് 17ന‌് അദ്ദേഹത്തിനും 2014 മെയ് 17ന് എനിക്കും അറുപതു വയസ്സ് തികഞ്ഞു. പിറന്നാൾ ദിനങ്ങളിൽ ഞങ്ങൾ പതിവായി ഒത്തുകൂടിയിരുന്നു.  എന്നാൽ, എന്റെ അറുപതാം പിറന്നാളിന‌് കോങ്ങാട് മനയിൽ എത്താനാകാഞ്ഞതിൽ അദ്ദേഹം വിഷമിച്ചു.  ചികിത്സയിലായിരുന്ന അദ്ദേഹം ‘സംബന്ധിക്കാനാവില്ലല്ലോ’ എന്ന‌ ഇടറിയ വാക്കുകളോടെ  ഫോൺ കട്ട് ചെയ്യുകയായിരുന്നു. 

വാദ്യകലയോടുള്ള അദമ്യമായ കൂറാണ‌് വാദനത്തോടൊപ്പം പരിഷ‌്കരണത്തിനും അദ്ദേഹത്തെ പ്രേരിപ്പിച്ചത‌്. പഞ്ചവാദ്യത്തിന്റെ ഇടറാത്ത പ്രമാണങ്ങളിലൂടെ ആസ്വാദകർക്കിടയിൽ എന്നും അന്നമനട സ‌്മരിക്കപ്പെടും.


പ്രധാന വാർത്തകൾ
 Top