24 April Wednesday

അമൃത പൊരുതുകയാണ‌്; അകത്തും പുറത്തും

ജിബിന എ എസ‌്Updated: Thursday Jun 7, 2018കൊച്ചി
പരിഹാസങ്ങളെയും തുറിച്ചുനോട്ടങ്ങളെയും സധൈര്യം നേരിട്ട് സമൂഹത്തിന്റെ മുഖ്യധാരയിൽ ആത്മവിശ്വാസത്തോടെ നിലയുറപ്പിക്കുകയാണ് ട്രാൻസ്‌ജെൻഡറായ അമൃത. ജോലിയും വരുമാനവും കണ്ടെത്തുന്നതുമുതൽ സുരക്ഷിതമായി യാത്രചെയ്യാനും താമസിക്കാനുംവരെയുള്ള കാര്യങ്ങളിൽ വെല്ലുവിളി നേരിടുന്ന വിഭാഗത്തിന്റെ പ്രതിനിധിയാണെങ്കിലും അമൃത തളർന്നില്ല. പ്രതിസന്ധികളോടു പൊരുതിത്തന്നെ ജീവിതത്തെ കൈപ്പിടിയിലൊതുക്കാനാണ‌് പരിശ്രമം.

എട്ടുവർഷം മുമ്പാണ് ഇരുപത്തിയേഴുകാരിയായ അമൃത തന്റെ ഭിന്ന വ്യക്തിത്വം വെളിപ്പെടുത്തുന്നത്. അതോടെ പുരുഷവേഷത്തിൽ പൂട്ടിയിട്ട സ്ത്രീമനസ്സ് സ്വതന്ത്രമായി. മനസ്സിനൊപ്പം വേഷവും സ്ത്രീയുടേതായി.
എട്ടാം ക്ലാസ‌് മാത്രം വിദ്യാഭ്യാസമുള്ള അമൃത ഉത്സവങ്ങളിലും സ്റ്റേജ്‌ഷോകളിലും സന്തോഷത്തോടെ സ്ത്രീവേഷം കെട്ടി. സുഹൃത്തുക്കൾക്കൊപ്പം മോഹിനി നടനവും അർധനാരി നടനവും ദേവീ മാഹാത്മ്യവും അഖോരിനൃത്തവും ആത്മവിശ്വാസത്തോടെ ആടി. ഉത്സവകാലങ്ങളിൽ കാവടികളിലെ നിറസാന്നിധ്യമായി. അമൃതയും ട്രാൻസ്‌ജെൻഡർമാരായ സുഹൃത്തുക്കളും ചേർന്ന് ശ്രീനടരാജ കലാസമിതിക്ക് രൂപംനൽകി.  ഉത്സവകാലങ്ങളിൽ മാത്രമാണ് സമിതിക്ക് പരിപാടികൾ ലഭിച്ചിരുന്നത്. ഇത് ജീവിതത്തെ ദുരിതത്തിലാക്കി. സുരക്ഷിതമായി താമസിക്കാൻ ഇടംലഭിക്കാത്തതും കിട്ടുന്ന ഇടങ്ങളിലെ അമിതവാടകയും തിരിച്ചടിയായി. അപ്പോഴും ജീവിക്കാനായി ഭിക്ഷാടനമോ ലൈംഗികവൃത്തിയോ തെരഞ്ഞെടുക്കില്ലെന്ന വാശിയായിരുന്നു അമൃതയ്ക്ക്. അങ്ങനെയാണ് അമൃത പിക്കിൾസ് എന്ന പേരിൽ അച്ചാർ നിർമാണം ആരംഭിക്കുന്നത്. അമൃതയുടെ അമ്മ മേരിയുടെ പേരിൽ അച്ചാർ തയ്യാറാക്കി വിൽക്കുന്നതിനുള്ള ലൈസൻസ‌് എടുത്തു. ട്രാൻസ്‌ജെൻഡർമാർക്കിടയിലായിരുന്നു ആദ്യ വിൽപ്പന. പിന്നീടത് മറ്റുള്ളവരിലേക്കും വ്യാപിപ്പിച്ചു. ഇതിനിടയിലാണ് എറണാകുളം നോർത്ത് സിഡിഎസിന്റെ കീഴിൽ ലക്ഷ്യ എന്ന പേരിൽ ട്രാൻസ്‌ജെൻഡർമാരുടെ പ്രത്യേക അയൽക്കൂട്ടം രൂപീകരിച്ചത്. 12 പേരടങ്ങുന്ന ഈ അയൽക്കൂട്ടത്തിന്റെ പ്രസിഡന്റായി അമൃതയെ തെരഞ്ഞെടുത്തു. സ്വയംതൊഴിലിനായി കുടുംബശ്രീ അമൃതയ്ക്ക് ലോൺ അനുവദിച്ചു. അടുത്തദിവസംമുതൽ കലക്ടറേറ്റിനു മുന്നിൽ ജ്യൂസ് വിൽപ്പന ആരംഭിച്ചു. ട്രാൻസ്‌ജെൻഡർ അനാമികയെ കടയിലെ സ്റ്റാഫാക്കി. വേനൽക്കാലത്ത് നല്ല കച്ചവടം ലഭിച്ചു. ഇനി കഞ്ഞിക്കച്ചവടം നടത്താനാണ് അമൃതയുടെ തീരുമാനം. ഇതിന് കലക്ടറുടെ അനുമതി ലഭിച്ചു.  ആറുമാസത്തെ അന്വേഷണത്തിനൊടുവിൽ വെണ്ണല തേവർമഠത്തിൽ അനിലിന്റെ വീട് അമൃതയ്ക്കും അനാമികയ്ക്കും വാടകയ്ക്ക് ലഭിച്ചു. നാലുമാസമായി വെണ്ണലയിൽ താമസിക്കുന്ന അമൃതയ്ക്കും സുഹൃത്തുക്കൾക്കും പൂർണപിന്തുണയാണ് അയൽപക്കങ്ങളിൽനിന്നു ലഭിക്കുന്നത്.

ട്രാൻസ്‌ജെൻഡർമാരെക്കുറിച്ച് പൊതുസമൂഹത്തെ ബോധവൽക്കരിക്കണമെന്നും അവർക്കും മനുഷ്യരായി ജീവിക്കാനുള്ള അവകാശമുണ്ടെന്ന് തിരിച്ചറിയണമെന്നുമാണ് അമൃതയുടെ ആവശ്യം. നിലവിൽ ഹോർമോൺ ചികിത്സ നടത്തുന്ന അമൃതയ്ക്ക് അതേക്കുറിച്ചും പറയാനുണ്ട്. ട്രാൻസ്‌ജെൻഡർ കമ്യൂണിറ്റിയിലെ ഒരാൾ ഡോക്ടറുടെ പരിശോധനയ്ക്ക് വിധേയമായി മരുന്നു കഴിക്കാൻ ആരംഭിച്ചാൽ അതേ മരുന്ന് ഡോക്ടർമാരുടെ നിർദേശമില്ലാതെ കൂടെയുള്ള മറ്റുള്ളവരും വാങ്ങിക്കഴിക്കുന്ന പ്രവണതയുണ്ട‌്. ഇത് അപകടമാണ്. ഹോർമോൺ ചികിത്സയെക്കുറിച്ചും ശസ്ത്രക്രിയയെക്കുറിച്ചും ട്രാൻസ്‌ജെൻഡർമാരെ ശക്തമായി ബോധവൽക്കരിക്കണമെന്നും അമൃത പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top