18 September Saturday

‘ഒഴുകുന്ന സ്വർണം’ മുതൽ കടൽക്കുതിര വരെ

ഡോ. എ ബിജുകുമാർUpdated: Sunday Jul 18, 2021


തിമിംഗലങ്ങളിൽനിന്ന് ലഭിക്കുന്ന ആംബർഗ്രിസ്‌ മുതൽ, സ്രാവ് ചിറകുകളും കടൽ വെള്ളരികളും (sea cucumbers)  കടൽക്കുതിരകളും (sea horses)വരെ നിരവധി ജീവികൾ ഇന്ന്  ഉയർന്ന വിലയുള്ള ആഡംബര സമുദ്രോൽപ്പന്നങ്ങളാണ്. ഒരു കിലോ ആംബർഗ്രിസിന് വിപണിയിൽ ഒരു കോടിയോളം വില ലഭിക്കും. അന്താരാഷ്ട്ര വിപണിയിൽ ഉണക്കിയ ഒരു കടൽക്കുതിരയ്‌ക്ക് 400 മുതൽ 500 രൂപവരെ വിലയുണ്ട്‌. വിപണിയിൽ കൂടുതൽ വില ലഭിക്കുന്നതനുസരിച്ച് ഇവയുടെ ആവശ്യകത ഏറുകയും, വ്യാപാരം വർധിക്കുന്നതിനനുസരിച്ച്,  ഇവ വംശനാശ ഭീഷണി നേരിടുകയും ചെയ്യും.

സ്വർണവിലയുള്ള ആംബർഗ്രിസ്
മുപ്പത് കോടി വിലമതിക്കുന്ന ആംബർഗ്രിസ് എന്ന വസ്തു വിൽക്കാൻ ശ്രമിച്ചവരെ അടുത്തിടെ  തൃശൂരിലെ ചേറ്റുവയിൽനിന്ന് അറസ്റ്റ്‌ ചെയ്‌തത്‌ വലിയ വാർത്തയായിരുന്നു.  വംശനാശത്തിന്റെ നിഴലിലുള്ള  എണ്ണത്തിമിംഗലത്തി(sperm whale, ശാസ്ത്ര നാമം:  Physeter macrocephalus)ൽ നിന്ന്‌ ലഭിക്കുന്ന ഒരു പ്രകൃതിദത്ത ഉൽപ്പന്നമാണ് ആംബർഗ്രിസ്. ഔഷധങ്ങൾ,  സുഗന്ധദ്രവ്യങ്ങൾ എന്നിവ നിർമിക്കാനാണ്‌ ഇത്‌ ഉപയോഗിക്കുന്നത്. സുഗന്ധം കൂടുതൽ നേരം നിൽക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത പശ (ഫിക്സേറ്റീവ്) എന്ന നിലയിൽ സുഗന്ധദ്രവ്യവിപണിയിൽ സ്വർണത്തേക്കാൾ വിലയുണ്ടിതിന്‌.

ആംബർഗ്രിസ്‌ രൂപപ്പെടൽ സങ്കീർണം
എണ്ണത്തിമിംഗലങ്ങളുടെ പ്രധാന ആഹാരം കണവയും കൂന്തലും ആണ്. പ്രായപൂർത്തിയായ ഒരു തിമിംഗലത്തിന് ഒരു ദിവസം ഒരു ടൺവരെ കണവയെ അകത്താക്കാനാകും. കണവയുടെ ശരീരത്തിലെ മറ്റുഭാഗങ്ങൾ നാല് അറയുള്ള തിമിംഗലങ്ങളുടെ ആമാശയത്തിൽ ദഹിച്ചുപോകുമെങ്കിലും ചുണ്ട് (beak), നാക്ക്  (internal shell)  എന്നിവ ദഹിക്കാതെ അവിടെ  അടിഞ്ഞുകൂടുന്നു. സാധാരണ തിമിംഗലം ഇവ ഛർദിച്ചു കളയുകയാണ് ചെയ്യുക. ഇതാണ് തിമിംഗല ഛർദി, ഇത് ആംബർഗ്രിസ്  അല്ല.  എന്നാൽ, ഏതാണ്ട് ഒരുശതമാനം എണ്ണത്തിമിംഗലങ്ങളിൽ  ദഹിക്കാത്ത കണവച്ചുണ്ടുകളും മറ്റും ചെറുകുടലിൽ എത്തിപ്പെടും. കൂർത്തമുനകളുള്ള ഇവ അതിലോലമായ കുടലിന്റെ ഉള്ളിൽ ഉരഞ്ഞ്  അതിന്റെ അന്തസ്ഥരത്തെ (internal cell layer)  പ്രകോപിപ്പിക്കാൻ തുടങ്ങും. പ്രതികരണമായി കുടൽ  കൊഴുപ്പ്/  കൊളസ്ട്രോൾ അടങ്ങിയ ഒരു വസ്തുവിനെ സ്രവിപ്പിക്കുന്നു.  ദഹിക്കാതെ കിടക്കുന്ന ഭാഗങ്ങളെ ഇത്‌  കൂട്ടിയോജിപ്പിച്ച് പുറമെ മൃദുവാക്കി കൂടുതൽ പ്രകോപനം തടയുന്നു. ദീർഘകാലം  ഇത്തരം പ്രക്രിയകൾ  ആവർത്തിക്കപ്പെടും. തുടർന്ന്‌ മലാശയത്തിൽ വച്ച് നിരവധി പാളികൾ കൂട്ടിച്ചേർക്കപ്പെടുകയും ഇവ ക്രമേണ വലുതാകുകയും പിന്നീട് ആംബർഗ്രിസ് ആയി മാറുകയും ചെയ്യും. ഒരു  ശതമാനം എണ്ണത്തിമിംഗലങ്ങളിൽ മാത്രമാണ്‌ ഈ പ്രക്രിയ നടക്കുന്നത്. അതുകൊണ്ടുതന്നെ ആംബർഗ്രിസ്  വിലയേറിയ അപൂർവവസ്തുവും.

എണ്ണത്തിമിംഗലങ്ങളിൽ ചെറുകുടലിൽ ദഹിക്കാതെ അടിഞ്ഞുകൂടുന്ന കണവയുടെ ശരീരഭാഗങ്ങൾ, കുടലിലെ സ്രവങ്ങൾ, വിസർജ്യ വസ്തുക്കൾ എന്നിവ കൂടിച്ചേർന്ന് പാറപോലുള്ള വസ്തുവായി മാറുന്നതാണ് ആംബർഗ്രിസിന്റെ ആദിരൂപം.  ഇവ ചിലപ്പോൾ എണ്ണത്തിമിംഗലങ്ങളുടെ കുടലിനെ പൂർണമായും അടച്ചുകളഞ്ഞേക്കാം.  ഇത്തരം സന്ദർഭങ്ങളിൽ ആംബർഗ്രിസ് കുടൽ പൊട്ടി പുറത്തുവരാനും അപൂർവമായി വിസർജ്യവസ്തുവായി പുറത്തുവരാനും സാധ്യതയുണ്ട്. അതുകൊണ്ട്‌ ആംബർഗ്രിസ് തിമിംഗല ഛർദി അല്ല, മറിച്ച് വിസർജ്യവസ്തുവാണ്.

തിമിംഗലങ്ങളിൽ ജഡം ചീഞ്ഞുകഴിഞ്ഞാൽ കുടലിൽനിന്ന് ഇവ കടലിൽ എത്തുന്നു. കടൽവെള്ളത്തേക്കാൾ അൽപ്പം സാന്ദ്രത കുറവുള്ള  ആംബർഗ്രിസ്  വെള്ളത്തിൽ മുങ്ങി ഒഴുകുന്നു. ക്രമേണ ആംബർഗ്രിസ് മാറ്റങ്ങൾക്ക് വിധേയമാകുന്നു. ഇത് ഉപ്പുവെള്ളത്താൽ ഓക്സീകരിക്കപ്പെടുന്നു, സൂര്യപ്രകാശത്താൽ നിർവധി ഭ്രംശങ്ങൾക്ക് വിധേയമാകുന്നു,  തിരമാലയുടെ പ്രവർത്തനത്താൽ കൂടുതൽ മാറ്റങ്ങൾക്ക് വിധേയമാകും.  സമുദ്രപ്രവാഹങ്ങൾ ഇവയെ എവിടെ എത്തിക്കും എന്ന് പ്രവചിക്കാനാകില്ല. എണ്ണത്തിമിംഗലങ്ങളുടെ സാന്നിധ്യം കൂടുതലുള്ള സ്ഥലങ്ങളിൽ ആംബർഗ്രിസിന്റെ സാന്നിധ്യം അധികമാകും. ഇന്ത്യൻ തീരങ്ങളിലും കേരള തീരത്തും ഇവയുടെ സാന്നിധ്യം അപൂർവമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

സുഗന്ധം രാസമാറ്റത്തിലൂടെ
ആദ്യമായി കടലിൽ എത്തുന്ന ആംബർഗ്രിസ് കൂടുതൽ ദൃഢവും മലത്തിന്റെ ഗന്ധമുള്ളതും ആയിരിക്കും.  വർഷങ്ങളായി കടലിൽ കിടക്കുമ്പോൾ ഇവ കൂടുതൽ മൃദുവാകുകയും സങ്കീർണമായ രാസമാറ്റങ്ങൾക്ക് വിധേയമാകുകയും ചെയ്യും.  ആംബ്രിൻ എന്നറിയപ്പെടുന്ന ഒരു ടെർപീൻ  വിഭാഗത്തിലെ രാസവസ്തു, അവയിൽ നിന്നുണ്ടാകുന്ന അംബ്രോക്സാനും ആംബ്രിനോലും ആംബർഗ്രിസിന് പ്രത്യേക ഗന്ധം നൽകുന്നു. ജൈവസംയുക്തമായ സ്റ്റിറോളുകളിൽനിന്ന് വ്യത്യസ്തമായ ബയോസിന്തറ്റിക് സംവിധാനം വഴിയാണ് ആംബ്രിൻ ഉണ്ടാകുന്നത്‌. സ്വർണത്തോളം വിലയുള്ളതിനാൽ ഇവയെ ‘ഒഴുകുന്ന സ്വർണം' എന്ന് വിളിക്കുന്നു.

നിയമങ്ങൾ പലവിധം
വ്യാപാരം നടക്കുന്നുണ്ടെങ്കിലും  ആംബർഗ്രിസിന്റെ  ശേഖരണവും വിൽപ്പനയും നിയന്ത്രിക്കുന്ന നിയമങ്ങൾ ലോകമെമ്പാടും വ്യത്യാസപ്പെട്ടിരിക്കുന്നു. ചില രാജ്യങ്ങളിൽ ആംബർഗ്രിസും മറ്റ് തിമിംഗലങ്ങളിൽനിന്നുള്ള ഉൽപ്പന്നങ്ങളും നിരോധിച്ചിട്ടുണ്ട്‌.  ചിലയിടങ്ങളിൽ ഇത് അനുവദനീയവും. ഓസ്ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ അന്താരാഷ്ട്ര വ്യാപാരകരാർ  അനുസരിച്ച് ആംബർഗ്രിസ് വ്യാപാരത്തിന്‌  വിലക്കുണ്ട്. എന്നാൽ മാലദ്വീപ്, ന്യൂസിലൻഡ്‌, ഗൾഫ് രാജ്യങ്ങൾ, ഫ്രാൻസ് എന്നിവിടങ്ങളിൽ വ്യാപാരം തുടരുന്നു.

ഇന്ത്യയിൽ വന്യജീവി സംരക്ഷണ നിയമത്തിലെ സംരക്ഷണ പട്ടിക (ഷെഡ്യൂൾ) 2ൽ  ആണ് എണ്ണത്തിമിംഗലങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്.  ഇവയുടെ ഒരു വിസർജ്യവസ്തുവെന്ന നിലയിൽ കണക്കിലെടുത്താലും നിയമത്തിൽ ‘സംസ്കരിക്കാത്ത ട്രോഫി' (uncured trophy)  എന്ന നിലയിൽ  ആംബർഗ്രിസ് പ്രത്യേകം ഉൾപ്പെടുത്തിയിട്ടുണ്ട്‌. അതുകൊണ്ടുതന്നെ  അതോ അതിന്റെ ഏതെങ്കിലും ഉപോൽപ്പന്നങ്ങളോ കൈവശം വയ്ക്കുകയോ വ്യാപാരം നടത്തുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്.


 

സ്രാവ് ചിറക് സൂപ്പ്
അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നതും  നിയന്ത്രണമില്ലാത്തതുമായ സ്രാവ് ചിറക്  വ്യാപാരം ലോകമെമ്പാടും കടലിലെ ഇരപിടിയന്മാരായ സ്രാവുകളുടെ നിലനിൽപ്പിന് ഗുരുതര ഭീഷണിയാണ്. സ്രാവ് ചിറക്  വ്യാപാരത്തിന്റെ ആഗോള മൂല്യം 540 ദശലക്ഷം യുഎസ് ഡോളർ മുതൽ 5 ബില്യൺ യുഎസ് ഡോളർ വരെയാണ്.  ചെലവേറിയ സമുദ്രവിഭവങ്ങളിൽ ഒന്നാണ്  സ്രാവ് ചിറക്.  സാധാരണയായി കിലോയ്ക്ക് 400 യുഎസ് ഡോളറാണ് ചില്ലറ വിൽപ്പന. ഓരോ വർഷവും 73 ദശലക്ഷം സ്രാവുകൾ സ്രാവ്-ചിറക്  സൂപ്പിനായി കൊല്ലപ്പെടുന്നു. വിവേചനരഹിതമായ ഒരു കശാപ്പ് പല സ്രാവ് സ്പീഷീസുകളെയും വംശനാശത്തിന്റെ വക്കിലെത്തിക്കുന്നു.

ഈ ചിറകുകൾ സ്രാവ്-ഫിൻ സൂപ്പിലെ പ്രധാന ഘടകമായി ഉപയോഗിക്കുന്നു. സ്രാവിന്റെ ചിറകിൽനിന്ന് ലഭിക്കുന്ന നാരുകൾ  നൂഡിൽസിന് സമാനമായി സൂപ്പിൽ ഉണ്ടാകും.  പക്ഷേ, അവയ്ക്ക് രുചിയോ പോഷകമൂല്യമോ ഇല്ല. എന്നിരുന്നാലും ചില തെറ്റായ വിശ്വാസങ്ങളുടെ പേരിൽ ഇവ ഉപയോഗിക്കുന്നതിനാൽ ലോകമെമ്പാടും സ്രാവുകൾ കൊന്നൊടുക്കപ്പെടുന്നു.

ലോകത്തിൽ ഏറ്റവുമധികം സ്രാവുകളെ പിടിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. സ്രാവുകൾ നേരിടുന്ന ഭീഷണി കണക്കിലെടുത്ത് ഇന്ത്യയിൽ നിന്നുള്ള സ്രാവ് ചിറക് കയറ്റുമതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2015 മുതൽ നിർത്തലാക്കിയിട്ടുണ്ട്.  തിമിംഗല സ്രാവ് അടക്കം പത്തു സ്രാവുകളെ ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമം പട്ടിക 1 ൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌.


 

കടൽ വെള്ളരി: കടലിലെ ‘മണ്ണിര'
കടൽ വെള്ളരി എന്നത് പച്ചക്കറികളോട് സാമ്യമുള്ള മൃദുവായ ശരീരങ്ങളുള്ള എക്കിനോഡെർമുകളാണ്. കടലിന്റെ അടിത്തട്ടിലെ ജൈവാവശിഷ്‌ടങ്ങൾ തിന്നുജീവിക്കുന്ന ഇവ പോഷകങ്ങൾ പുനരുപയോഗം ചെയ്യാനും നൈട്രജൻ, അമോണിയ, കാൽസ്യം കാർബണേറ്റ് എന്നിവയുടെ ക്രമീകരണത്തിനും സഹായിക്കുന്നു. കൂടാതെ, മണ്ണ് ഉഴുതുമറിക്കുന്നതുകൊണ്ടതുതന്നെ ഇവ അടിത്തട്ടിലെ ജീവികൾക്ക് പ്രാണവായു എത്തിച്ചു നൽകുന്നു. മനുഷ്യരുടെ പ്രവർത്തനം കൊണ്ടുള്ള സമുദ്രങ്ങളുടെ അമ്ലീകരണം മന്ദഗതിയിലാക്കാനും ഇവയുടെ ഭക്ഷണം സഹായിക്കുന്നു. ചൈനയിലും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും കടൽ വെള്ളരിക്ക് വളരെയധികം ആവശ്യക്കാരുണ്ട്, അവ പാചകവിഭവമായി കണക്കാക്കുകയും പരമ്പരാഗത മരുന്നുകളിൽ ഉപയോഗിക്കുകയും ചെയ്യുന്നു.  1980കളിൽ കടൽ വെള്ളരിക്ക കിലോയ്ക്ക് 50 ഡോളറിൽ താഴെയാണ് ലഭിച്ചത്; ഇപ്പോൾ വില കിലോയ്ക്ക് 200 ഡോളറിലധികം ഉയർന്നു, അപൂർവയിനങ്ങളുടെ വില കിലോയ്ക്ക് 2500 ഡോളറിൽ കൂടുതലാണ്. നിയമവിധേയമായും അനധികൃതമായും നടക്കുന്ന കച്ചവടം ലോകത്ത് കടൽ വെള്ളരികളുടെ എണ്ണം  60 ശതമാനംവരെ കുറച്ചിട്ടുണ്ടെന്നാണ് കണക്ക്.

കടൽകടക്കുന്ന കടൽക്കുതിര
കടലിൽ ഏറ്റവുമധികം പ്രഭാവമുള്ളതും സവിശേഷ ജീവിതരീതികൾ പിന്തുടരുന്നതുമായ മത്സ്യങ്ങളാണ് കടൽക്കുതിരകൾ. രക്ഷാകർതൃ പരിചരണം, ആജീവനാന്തം ഒരു ഇണയുമായി മാത്രം ജീവിക്കൽ, ഒരു പ്രത്യേക സ്ഥലത്തുമാത്രം ജീവിക്കുക തുടങ്ങി നിരവധി സവിശേഷതകൾ. പെൺ മത്സ്യങ്ങളുടെ മുട്ടകൾ ‘ഗർഭസഞ്ചി'യിൽ ഏറ്റുവാങ്ങി ‘ഗർഭിണികൾ' ആകുന്ന ആൺ മത്സ്യങ്ങൾതന്നെ ഏറ്റവും മെച്ചപ്പെട്ട ഉദാഹരണം. ലോകമെമ്പാടും 45  ഇനമുള്ള ഇവ അശാസ്ത്രീയ മത്സ്യബന്ധന രീതികൾ, അമിത മത്സ്യബന്ധനം, ആവാസവ്യവസ്ഥയുടെ തകർച്ച എന്നീ കാരണങ്ങളാൽ  ഭീഷണിയിലാണ്. വന്ധ്യത, സന്ധിവാതം എന്നിവ ചികിത്സിക്കുന്നതിനായി വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും രോഗശമനത്തിന്  ശാസ്ത്രീയ തെളിവൊന്നുമില്ല.  വിപണിമൂല്യം കൂടിയപ്പോൾ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന്‌ ഉണക്കിയ കടൽക്കുതിരകളെ കയറ്റി അയക്കുന്ന തോതും വർധിച്ചു. 1990കളിൽ ഇന്ത്യയിൽനിന്ന് പ്രതിവർഷം 3.6 ടൺ ഉണക്കിയ കടൽക്കുതിരകളെ കയറ്റി അയച്ചിരുന്നുവത്രെ!  ഇതിനായി ഏതാണ്ട് 41.9 ടൺ അല്ലെങ്കിൽ 16.76 ദശലക്ഷം കടൽക്കുതിരകൾ തീരത്തുടനീളം പിടിച്ചിരുന്നു. 2001 മുതൽ ഇന്ത്യയിൽ കടൽക്കുതിരകളും പൈപ്പ് മത്സ്യങ്ങളും അടങ്ങിയ വിഭാഗം മൊത്തമായി വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ 1 ൽ ഉൾപ്പെടുത്തി. ഇതൊക്കെയാണെങ്കിലും ഇവയുടെ കള്ളക്കടത്ത് ഇപ്പോഴും തുടരുന്നുണ്ട്.

(കേരള സർവകലാശാല അക്വാട്ടിക് ബയോളജി & ഫിഷറീസ് വകുപ്പ് മേധാവിയാണ്‌ ലേഖകൻ)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top