20 September Friday

ഒരു കാട് കത്തുമ്പോൾ ലോകം കത്തുന്നു

ജോജി കൂട്ടുമ്മേൽUpdated: Thursday Aug 29, 2019


ഒരു കാട് കത്തുന്നതാണ് ഇപ്പോൾ ലോകത്തെ ചൂട് പിടിപ്പിക്കുന്ന പ്രശ്നം. വെറുമൊരു കാടല്ല, 55 ലക്ഷം - ച.കി.മീ.വിസ്തൃതിയുള്ള വലിയൊരു കാട്. നമ്മുടെ കേരളത്തിന് ആകെ 38,863 ച.കി.മീ. വിസ്തൃതിയാണുള്ളത് എന്നോർക്കണം. ഇന്ത്യയാകട്ടെ 32 ലക്ഷം ച.കി.മീ വിസ്തൃതിയുള്ള രാജ്യവും. അതായത് 145 കേരളത്തിന്റെയും ഏകദേശം ഒന്നേമുക്കാൽ ഇന്ത്യയുടെയും വലിപ്പമുള്ള മഴക്കാടാണിത്. ആമസോൺ കാടുകളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ബ്രസീൽ, ബൊളീവിയ, പെറു, ഇക്വഡോർ,കൊളംബിയ, വെനീസ്വല, ഗയാന,സുരീനാം, ഫ്രഞ്ച് ഗയാന എന്നീ ഒൻപത് രാജ്യങ്ങളിലായി പടർന്ന് കിടക്കുന്ന മഹാ ആരണ്യകം. ആമസോൺ നദിയും ഇവിടെയുണ്ട്. ലോകത്തിലെ രണ്ടാമത്തെ വലിയ നദിയാണതെന്ന് കരുതപ്പെടുന്നു. 6400 കി.മീ. ദൈർഘ്യം. ലോകത്തെ ഏറ്റവും വലിയ ശുദ്ധജലശേഖരം. ഒരു സെക്കന്റിൽ 20,90,00,000 ലിറ്റർ വെള്ളമൊഴുകുന്ന നദി. കഴിഞ്ഞ ഇരുപതിലധികം ദിവസങ്ങളായി ഇവിടെ കാട്ടുതീ പടർന്നിട്ട്. ബ്രസീൽ അതിർത്തിക്കുള്ളിൽ തുടങ്ങിയ അഗ്നിബാധ അയൽരാജ്യാതിർത്തികളിലേയ്ക്ക് വ്യാപിക്കുന്നു.

ജൈവവൈവിധ്യങ്ങളുടെ കലവറ--
ഈ കാടിന്റെ വിസ്തൃതിയും അതുൾക്കൊള്ളുന്ന ജൈവവൈവിധ്യത്തിന്റെ വിശാലതയും കണക്കിലെടുക്കുമ്പേൾ ഈ അഗ്നിബാധ അത്യന്തം അപകടകരം തന്നെ. ആമസോണിൽ 430 ഇനം ഉഭയജീവികൾ ഉണ്ടെന്ന് കണക്കാക്കുന്നു. കണ്ടാൽ ഉരഗത്തിന്റെ ഘടനയുള്ള, കൈകാലുകളില്ലാത്ത ഇഴഞ്ഞ് നീങ്ങുന്ന സീസിലിയൻസ് എന്ന ഉഭയജീവി അതിലൊരെണ്ണം മാത്രമാണ്. ആംഫിസ്ബയ്നിയൻസ് എന്ന വിഭാഗത്തിലാണ് ഈ ജീവിവർഗ്ഗം ഉൾപ്പെടുന്നത്. അന്ധൻ പുഴു എന്ന് അന്നാട്ടുകാർ വിളിക്കും.

ഇവിടെ പൊതുവിലുള്ള ജൈവ വൈവിധ്യം പോലെ തന്നെ ഉഭയജീവികളിലെ വൈവിധ്യവും അതിനുള്ളിൽ തവളകളിലെ സവിശേഷ വൈവിധ്യവും വിസ്മയകരമാണ്. നിങ്ങളുടെ ചെറുവിരൽതുമ്പിൽ ഇരി ക്കാൻ മാത്രം വിലിപ്പമുള്ള തവളകളുണ്ട്.അരയടിയോളം വളർച്ചയെത്തുന്ന തവളകളുമുണ്ട്.പോയിസണസ് ഡാർട്ട് ഫ്രോഗ് ഉണ്ട്.വിഷ അമ്പൻ തവള എന്ന് മലയാളത്തിൽ വിളിക്കാം. ത്വക്കിൽ നിന്ന് മാരകവിഷം പുറപ്പെടുവിക്കാൻ കഴിവുള്ള തവളകളാണിവ.ആമസോണിലെ ഗോത്രവർഗ്ഗക്കാർ വിഷം പുരട്ടിയ അമ്പ് പ്രയോഗിക്കാൻ മിടുക്കരാണല്ലോ? ആ വിഷം ശേഖരിക്കുന്നത് ഈ തവളകളിൽ നിന്നാണ്. അങ്ങനെയാണിവയ്ക്ക് ഈ പേരുണ്ടായത്.പല്ലി, ഓന്ത്,പാമ്പ്, മുതല തുട ങ്ങിയ ഉരഗവർഗ്ഗങ്ങളുടെ വൈവിധ്യവും അമ്പരപ്പിക്കുന്നത് തന്നെ. മാരകവിഷമുള്ള അണലികൾ മുതൽ ഭീമത്തം കൊണ്ട് വിസ്മയിപ്പിക്കുന്ന അനക്കോണ്ട വരെ. 380 തരം ഉരഗങ്ങൾ. മൊത്തമെടുത്താൽ 40,000 സസ്യഇനങ്ങൾ ഉണ്ട് ഈ കാട്ടിൽ. 1300 ഇനം പക്ഷികൾ,3000 തരം - മത്സ്യങ്ങൾ,430 ഇനം സസ്തനികൾ, ഏതാണ്ട് 25 ലക്ഷം തരം ചെറുപ്രാണികൾ. കൗതുകകരവും വൈജ്ഞാനിക പ്രാധാന്യമുള്ളതുമായ പിങ്ക് ഡോൾഫിനുകൾ, ജാഗ്വാറുകൾ,ഗ്രീൻ അനാക്കോണ്ട, ഇലക്ട്രിക്ക് ഈൽ, മാംസഭോജികളായ, ഒരുപക്ഷേ നരഭോജികൾ തന്നെയായേക്കാവുന്ന പിരാനകൾ തുടങ്ങിയ സവിശേഷജന്തുക്കൾ - വേറെയും. മൂന്ന് മീറ്റർ വരെ വളരുന്ന മത്സ്യങ്ങൾ ആമസോൺ നദിയിൽ കാണപ്പെടുന്നു.

പലതും വംശനാശത്തിന്റെ വക്കിലാണ്. കഴിഞ്ഞ പതിനഞ്ച് കോടി വർഷങ്ങളായി ആമസോൺ കാടുകളിൽ ജീവിച്ചിരുന്ന പോഡോനെമിസ് എക്സ്പാൻസ എന്നയിനം ശുദ്ധജല ആമകൾ അപ്രത്യക്ഷമാകാൻ ഒരുങ്ങിയിരിക്കുന്നു. ആവാസവ്യവസ്ഥയിലുള്ള ചെറിയ മാറ്റങ്ങളോട് പോലും പെട്ടന്ന് പ്രതികരിക്കുന്ന തരം ജീവികളാണിവ. അതുകൊണ്ട് അവയുടെ സാന്നിധ്യവും ആരോഗ്യാവസ്ഥയും അവയുടെ ചുറ്റുപാടുമുള്ള പരിസ്ഥിതിയുടെ ആരോഗ്യത്തെ അളക്കാനുള്ള സൂചകങ്ങളായി കാണാവുന്നതാണ്. ഈ ആമകൾ നാട് നീങ്ങുന്നുവെന്നതിന്റെയർത്ഥം ആമസോൺ കാടുകൾ ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾ നേരിടുന്നുവെന്നാണല്ലോ?

ഇതൊക്കെ മറ്റ് ജന്തുക്കളുടെ കാര്യം. ഇരുപത്തിയേഴ് ലക്ഷം മനുഷ്യരുണ്ടവിടെ. 4,00-,500 അമേരിന്ത്യൻ ഗോത്രവർഗ്ഗങ്ങളിലായി അവർ വ്യാപിച്ചുകിടക്കുന്നു. ഇവർക്കെല്ലാം തനതായ സംസ്‌കാരവും ഭാഷയുമുണ്ട്. ഇവ - രിൽ 5,0-60 ഗോത്രങ്ങളെങ്കിലും പുറംലോകം കാണാത്തവരോ മറ്റ്  നാഗരിക മനുഷ്യരുമായി സമ്പർക്കമില്ലാത്തവരോ ആണ്. ഇങ്ങനെ നോക്കിയാൽ ആമസോൺ കാടുകൾ വിശ്വപ്രകൃതിയുടെ നിലയ്ക്കാത്ത ജീവന്റെയുന്മത്തനൃത്തവേദിയാണെന്ന് പറയാം.

 

മഴക്കാടുകളുടെ പ്രസക്തി-
ഇവയെല്ലാം ആമസോണിന്റെ ആന്തരികശക്തികളും സൗന്ദര്യവും അതിന് പുറത്ത് എന്താണ് ഈ മഴക്കാടുകളുടെ പ്രസക്തി? ആഗോളതാപനത്തിന് മരമാണ് മറുപടി എന്ന് കേട്ടിട്ടില്ലേ? സത്യത്തിൽ മരമല്ല, കാടാണ് മറുപടി. ആഗോളതാപനത്തെ പ്രതിരോധിക്കുന്നതിൽ വലിയ പങ്കുണ്ട് ഈ കൊടും വനത്തിന്. ഓരോ പകലിലും അത് പ്രകാശസംശ്ലേഷണത്തിനായി വലിച്ചെടുക്കുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് അത്ര -യും ഭീമമാണ്. അന്തരീക്ഷവായുവിലെ കാർബൺഡൈ ഓക്സൈഡിന്റെ അളവ് വർധിക്കുന്നതാണല്ലോ ആഗോളതാപനത്തിന്റെ കാരണം.ഭൂമിയിലെ ഏറ്റവും വലിയ കാർബൺ സിങ്ക് ആണ് ആമസോൺ മഴക്കാടുകൾ. മുതലാളിത്തം മലിനമാക്കി, നാശത്തിലേയ്ക്ക് നയിക്കുന്ന ഈ ഭൂമിയുടെ നിലനിൽപ്പിന് ആമസോണിനോടും - നാം കടപ്പെട്ടിരിക്കുന്നു. ഇവിടുത്തെ സസ്യങ്ങൾ പുറത്ത് വിടുന്ന ഓക്സിജന്റെ അളവ് കണക്കിലെടുത്ത് ആമസോണിനെ ‘ഭൂമിയുടെ ശ്വാസകോശം’ എന്ന് വിളിക്കാറുണ്ട്. എന്നാൽ ഇതിനോട് വിയോജിക്കുന്നവരും ഉണ്ട്. ഉത്സർജ്ജിക്കുന്നത് പോലെ തന്നെ ആമസോൺ ഓക്സിജൻ ഉപയോഗിക്കുന്നുമുണ്ടല്ലോ? എന്ന് മാത്രമല്ല ഭൂമിയിലെ ഓക്സിജൻ ഉത്പാദകരിൽ പ്രഥമസ്ഥാനം കടലിലെ പ്ലവകസസ്യങ്ങൾക്കാണുതാനും. എങ്കിലും ഇക്കാര്യത്തിലെ ആമസോൺ കാടുകളുടെ സംഭാവന നാം തള്ളിക്കളയേണ്ടതില്ല. എന്നാൽ തർക്കമില്ലാത്ത മറ്റ് ചിലവയുണ്ട്. ഭൂമിയിലെ ഭക്ഷ്യവസ്തുക്കളിൽ 80% ത്തി ന്റെയും ഉത്പത്തി ഉറവിടം ഈ കാടുകളായിരുന്നു. 3,000 - തരം പഴവർഗ്ഗങ്ങളാണ് ഇപ്പോഴും ഇവിടെ അവശേഷിക്കുന്നത്.ഇവയിൽ ഓറഞ്ച്, നാരങ്ങ, വെണ്ണപ്പഴം, തേങ്ങ, മുന്തിരി,പൈനാപ്പിൾ എന്നിവയൊക്കെ ഉൾപ്പെടുന്നു. ലോകത്താകെ ഉപയോഗിക്കുന്ന ആധുനിക മരുന്നുകളിലെ ചേരുവകളിൽ നാലിലൊന്നും ഇവിടെ നിന്നാണ്. ഒരുപക്ഷേ ഇനിയും കണ്ടെത്തപ്പെടാത്തവയായി ആ വന്യ -ഗർഭത്തിൽ കുടികൊള്ളുന്ന ഔഷധ സസ്യങ്ങൾ എത്രയോ ഉണ്ടാവാം.

നശിപ്പിക്കുന്നത്‌ മനുഷ്യൻതന്നെ-
പ്രകൃതിയുടെ ഈ അക്ഷയഖനി നശിപ്പിക്കുന്നത് ആധുനിക മനുഷ്യന്റെ അശാസ്ത്രീയ മനമോഹങ്ങൾ തന്നെ. 1972 ലെ പട്ടാളഭരണമാണ് ബ്രസീലിലെ കർഷകരുടെ ഭൂമിപ്രശ്നങ്ങൾ പരിഹരിക്കുന്നതിനെന്ന് പറഞ്ഞ് ആമസോൺ കാടുകളിലൂടെ 4000 കി.മീ. ദൈർഘ്യമുള്ള ട്രാൻസ് ആമസോണിയൻ ഹൈവേ - നിർമ്മിച്ചത്. യഥാർത്ഥത്തിൽ ഭൂപരിഷ്കരണം വഴി എല്ലാ കർഷകർക്കും ഭൂമി ലഭ്യമാക്കണമെന്നായിരുന്നു ആവശ്യമുയർന്നത്. എന്നാൽ ഭൂഉടമകളെ പിണക്കാൻ ഇഷ്ടപ്പെടാതിരുന്ന പട്ടാള ഭരണകൂടം കൂടുതൽ ഭൂമി കൃഷിയോഗ്യമാക്കുന്നത് ലക്ഷ്യമിട്ടാണ് ഹൈവേ പ്രോജക്ട് തുടങ്ങിയത്. തുടർന്ന് ഈ മേഖലയിലേയ്ക്ക് വ്യാപകമായി കുടിയേറ്റം ഉണ്ടായി. കൃഷി,കാലിമേയ്ക്കൽ, സ്വർണ്ണഖനനം എന്നിവയ്ക്കായി വൻതോതിൽ ഭൂമി പരിവർത്തനം ചെയ്യപ്പെട്ടു. ഇപ്പോഴത്തെ പ്രസിഡന്റ് ജയ്ർ ബോൾസനാറോയും അദ്ദേഹത്തിന്റെ മുൻഗാമി മൈക്കിൾ ടെമറും മേൽപ്പറഞ്ഞതിന് പൂരകമായ സാമ്പത്തിക നയങ്ങളാണ് പിന്തുടരുന്നത്. ടെമർ സുസ്ഥിരകുടുംബകൃഷിക്കുള്ള മന്ത്രാലയം തന്നെ അഴിച്ചുപണിയുകയും പരിസ്ഥിതി സംരക്ഷണത്തിനും ശാസ്ത്രവ്യാപനത്തിനുമുള്ള ഫണ്ട് വെട്ടിക്കുറക്കുകയും ചെയ്‌തു. ബോൾസനാറോയും ഇതേ നയം തുടരുന്നു. ബ്രസീലിയൻ പരിസ്ഥിതി സംരക്ഷണ ഏജൻസി യായ ഐ ബി ബി എം എ യുടെ ഫണ്ടും വെട്ടിക്കുറച്ചു. ഇവയെല്ലാം ചേർന്ന് വനനശീകരണത്തിന്റെ തോത് - വർദ്ധിപ്പിച്ചു. ബ്രസീലിയൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് റിസേർച്ച് പുറത്ത് വിട്ട ചിത്രം പ്രകാരം  2018 ജൂലൈയുമായി താരതമ്യം ചെയ്യുമ്പോൾ 2019 ജൂലൈയിൽ വനനശീകരണത്തിൽ 278% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവുമൊടുവിൽ 50,000 ഏക്കർ കാട് കത്തിനശിച്ചതായി കണക്കുകൾ പുറത്ത് വന്നിട്ടുണ്ട്.ബ്രസീൽ സർക്കാരാകട്ടെ ലോകവ്യാപകപ്രതിഷേധം ഉയരുന്നത് വരെ തീയണയ്ക്കുന്നതിനായി കാര്യമായി ഒന്നും ചെയ്തില്ല എന്ന ആക്ഷേപവും ഉയർന്നിരിക്കുന്നു.

ഇപ്പോഴത്തെ ദുരന്തം കന്നുകാലികൾക്കുള്ള മേച്ചിൽ പുറങ്ങൾ സജ്ജമാക്കുന്നതിന് തടിവ്യവസായികൾ മനപ്പൂർവം തീയിട്ടത് മൂലമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.തടി-ഖനി വ്യവസായത്തിനായി ആമസോൺ മേഖലയിലെ ഗോത്രവർഗ്ഗത്തെ നശിപ്പിക്കാനാണ് പ്രസിഡന്റ് ബോൾസനാറോ ശ്രമിക്കുന്നതെന്ന് ഗോത്രവർഗ്ഗനേതാക്കൾ അഭിപ്രായപ്പെടുന്നു. മുറഗോത്രക്കാർ ശരീരമാകെ ഓറഞ്ചും ചുവപ്പം ചായം പൂശി, - അമ്പും വില്ലുമെടുത്ത് യുദ്ധസജ്ജരായാണ് തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നത്. ലോകമെമ്പാടും പരിസ്ഥി തി സംഘടനകളും വിദ്യാർഥി യുവജനസംഘടനകളും ബ്രസീലിന്റെ അനങ്ങാപ്പാറ നയത്തിനെതിരേ പ്രതിഷേധസൂചകമായ പ്രക്ഷോഭങ്ങളും പ്രചാരണങ്ങളും ആരംഭിച്ചിട്ടുണ്ട്.വീണ്ടുവിചാരമില്ലാത്ത മുതലാളിത്ത വികസനപാത ലോകത്തെ മറ്റൊരു ദുരന്ത മുഖത്തേയ്ക്ക് നയിക്കുകയാണ്. വിവേകശാലികൾ ഒത്തുചേർന്ന് അതിനെ - തടയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.-


പ്രധാന വാർത്തകൾ
 Top