09 October Wednesday

കൂത്തുപറമ്പ് വിളിച്ചപ്പോൾ

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

അനശ്വര രക്തസാക്ഷി ചെ ഗുവേരയുടെ മകൾ അലെഡ്‌യ ഗുവേര 2019 ആഗസ്‌ത്‌ ഒന്നിന്‌ ചൊക്ലി മേനപ്രത്തെ വീട്ടില്‍ പുഷ്‌പനെ സന്ദർശിച്ചപ്പോൾ


നീതിനിഷേധിക്കപ്പെടുന്നവർക്കായി ഒരു മുദ്രാവാക്യമെങ്കിലും വിളിക്കാൻ പറ്റാതെയിരിക്കുന്നതിലും ഭേദം മരണമെന്നായിരുന്നു സഹനങ്ങളത്രയും താണ്ടിയിട്ടും ജീവിതാന്ത്യത്തിലും പുഷ്പന്റെ നിലപാട്. അപവാദങ്ങളിലൂടെ സമരത്തിന്റെ നന്മയെ കരിതേക്കാൻ ശ്രമിച്ചതാണ് അനക്കാനാവാത്ത ശരീരത്തെക്കാൾ പലപ്പോഴും വിഷമിപ്പിച്ചത്. എങ്ങനെ കുത്തിവരച്ചാലും കെ കെ രാജീവന്റെയും ഷിബുലാലിന്റെയും മധുവിന്റെയും ബാബുവിന്റെയും കെ വി റോഷന്റെയും ഹൃദയരക്തംവീണ കൂത്തുപറമ്പ് നിവർന്നുതന്നെ നിൽക്കുമെന്ന് വിവാദങ്ങളോട്അറുത്തുമുറിച്ച പ്രതികരണം.

1994 നവംബർ 25ന് ഇരുപത്തിനാലാം വയസിൽ പുഷ്പന്റെ ജീവിതം നിശ്ചലമായതാണ്. ബംഗളൂരുവിലെ ജോലിയുടെ ഇടവേളയിൽ നാട്ടിലെത്തിയപ്പോഴാണ് സമരഭൂമി വിളിച്ചത്. കുട്ടിക്കാലംമുതൽ മുദ്രാവാക്യവും സമരവുമെല്ലാം ആവേശംനിറച്ച ചെറുപ്പക്കാരനും പടയണിയുടെ ഭാഗമായി. തികച്ചും യാദൃച്ഛികമായി സമരത്തിൽ പങ്കെടുത്ത പുഷ്പൻ ഡിവൈഎഫ്ഐ കുറ്റിയിൽപീടിക യൂനിറ്റ് അംഗമായിരുന്നു. മാരാങ്കണ്ടിയിൽനിന്ന് നാട്ടിലെ പ്രവർത്തകർക്കൊപ്പമാണ് ചൊക്ലി  ലോക്കൽകമ്മിറ്റി ഓഫീസിലെത്തി കൂത്തുപറമ്പിലേക്ക് തിരിച്ചത്.

കൂത്തുപറമ്പ്തലശേരി റോഡിലെ ആലക്കണ്ടി കോംപ്ലക്സിന് മുന്നിലായിരുന്നു പുഷ്പനുൾപ്പെടെയുള്ളവർ. ടൗൺഹാൾ ഭാഗത്തെ വെടിവെപ്പും ലാത്തിച്ചാർജുമൊന്നും അറിയാതെ കുത്തിയിരുന്ന പ്രവർത്തകർ. കണ്ണൂർ റോഡിൽനിന്നുള്ള മുദ്രാവാക്യവും ഒച്ചയും  കേട്ട് എഴുന്നേൽക്കുന്നവരോട് ഇരിക്കാൻ നിർദേശിക്കുമ്പോഴാണ് പൊടുന്നനെ ചീറിവന്ന വെടിയുണ്ടയിൽ കെ കെ രാജീവൻ പിടഞ്ഞുവീണത്. താങ്ങിപിടിക്കാൻ ഓടിച്ചെന്നപ്പോൾ പുഷ്പനും വെടിയേറ്റു.

ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്കുള്ള യാത്രയായിരുന്നുപിന്നെ. ലഭിക്കാവുന്ന എല്ലാചികിത്സയും പ്രസ്ഥാനം ഉറപ്പുവരുത്തി. പരിചരിക്കാൻ എത്തിയ മാമൻവാസു (രക്തസാക്ഷിയായി) ഉൾപ്പെടെയുള്ളവർ, ഡോക്ടർമാർ തുടങ്ങി എല്ലാവരെയും പുഷ്പൻ ഓർത്തുപറയുമായിരുന്നു. ഇനിയൊരിക്കലും എഴുന്നേറ്റ് നടക്കാനാവില്ലെന്നറിഞ്ഞപ്പോൾ മനസ്സൊന്ന് ഉലഞ്ഞതാണ്. അവിടെയാണ് സൈമൺബ്രിട്ടോ കരുത്തായി വന്നത്. സമുന്നത  നേതാക്കളെല്ലാം പലവട്ടംആശ്വാസം പകരാനെത്തി.  

വി എസ് അച്യുതാനന്ദൻ, പ്രകാശ്കാരാട്ട്, സീതാറാംയെച്ചൂരി, പിണറായിവിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം ബേബി തുടങ്ങി അനേകർ. സമയം കിട്ടുമ്പോഴെല്ലാം അരികെ എത്തിയവരും ദൂരെനിന്ന് വാക്കുകളിലൂടെ സാന്ത്വനം പകർന്നവരുമുണ്ട്. സ്നേഹത്തിന്റെ  നൂലിഴകളാൽ ജീവിതത്തെ ചലനാത്മകമാക്കിയത് അവരാണെന്ന്പുഷ്പൻ ആവർത്തിച്ചിരുന്നു. പേരറിയാത്ത എത്രയോ പേർ, എതൊക്കെയോ ദേശങ്ങളിലുള്ളവർ, കുട്ടികൾ മുതൽ മുതിർന്നവർവരെ ജീവിക്കുന്ന രക്തസാക്ഷിക്കരികിലെത്തി. അനശ്വര രക്തസാക്ഷി ചെ. ഗുവേരയുടെ മകൾ അലെഡ് ഗുവേരയും പുഷ്പനെ സന്ദര്ശിച്ചിട്ടുണ്ട്.

അച്ഛന്റെയും അമ്മയുടെയും വേർപാട് പുഷ്പനെ തളർത്തി. വീണുപോയ മകനെ പൊന്നുപോലെ കാത്തവരായിരുന്നു അവർ. ഒപ്പം സഹോദരങ്ങളും. ‘തിരിഞ്ഞുനോക്കുമ്പോൾ ഒട്ടും വേദനയില്ല. എന്റെ യൗവനവും ജീവിതവും ബലിനൽകിയത്  സ്നേഹിച്ച പ്രസ്ഥാനത്തിനാണ്അവസാനനാളുകളിൽ പുഷ്പൻ പറഞ്ഞ  വാക്കുകൾ മതി മഹാപർവതം പോലെ ഔന്നത്യത്തിൽ നിൽകുന്ന ജീവിതം അറിയാൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top