എ കെ ജിയുടെ സന്തതസഹചാരിയും ദേശാഭിമാനി ഡൽഹി ലേഖകനുമായിരുന്ന നരിക്കുട്ടി മോഹനന്റെ മകൻ ജയകൃഷ്‌ണൻ നരിക്കുട്ടി തന്റെ ഓർമകളിലെ എ കെ ജിയെ കണ്ടെടുക്കുന്നു. കുട്ടികൾക്കൊപ്പം കളിക്കാനും മധുരം കഴിക്കാനും മനുഷ്യരുടെ ജീവിതദുരിതങ്ങൾ നേരിൽ കാട്ടികൊടുക്കാനും കൂട്ടുകൂടിയ എ കെ ജിയെ
കൊല്ലപ്പരീക്ഷകളിലൊന്നുകഴിഞ്ഞ് സ്കൂളിൽനിന്ന് പുറത്തിറങ്ങിയപ്പോൾ റോഡിലാകെ കുഞ്ഞുകുട്ടികളുമായി പെണ്ണുങ്ങളും ആണുങ്ങളും. എല്ലാവരുടെയും കണ്ണ് റോഡിന്റെ അങ്ങേയറ്റത്തേക്ക്. മുഖത്താകട്ടെ വിങ്ങലും.
ആരോ പറഞ്ഞു എ കെ ജി മരിച്ചു. വിലാപയാത്ര ഇപ്പോ വരും. കണ്ണൂരിൽനിന്ന് പെരളശ്ശേരിയിലേക്ക് നീളുന്ന റോഡിന്റെ ഇരുവശങ്ങളിൽ മൗനജാഥപോലെ ആളുകൾ സങ്കടം ഉള്ളിലൊതുക്കി നിൽക്കുന്നു. അതിൽ കമ്യൂണിസ്‌റ്റുകാരും കോൺഗ്രസുകാരുമുണ്ട്. വീട്ടിലേക്ക് തിരിയുന്നിടത്ത് അമ്മമ്മയും സംഘവും. എന്നെ കണ്ടപ്പോൾ അമ്മമ്മ ചേർത്തുനിർത്തി. ചേലത്തുമ്പ് എടുത്ത് എന്റെ തലയിലിട്ടുകൊണ്ടുപറഞ്ഞു. ഇവിടെ നിന്നോ. ഇപ്പം വരും. നിന്റച്ഛനും വന്നിറ്റുണ്ടാവും.
നട്ടുച്ചക്ക് അന്ന് വെയിലുണ്ടായിരുന്നില്ല. കാറ്റ് മരച്ചില്ലകളൊന്നും അനക്കിയിരുന്നില്ല. പ്രകൃതി നിശ്ചലമായപോലെ. എല്ലാവരുടെയും പ്രാണനായ, മഹാനായ വിപ്ലവകാരിയുടെ വേർപാടിൽ പ്രകൃതിയുടെ ഉള്ളം തേങ്ങുന്നുണ്ടായിരുന്നു.
വിലാപയാത്ര എത്തിയപ്പോൾ എല്ലാവരും ഇളകി. എ കെ ജിയുടെ ചിരിക്കുന്ന ചിത്രം മുന്നിൽവച്ച വാഹനമായിരുന്നു. അതിൽ നീണ്ടുനിവർന്നുകിടക്കുന്ന എന്റെ എ കെ ജി. ആ മുഖം ഒരുനോക്ക് കണ്ടു. സങ്കടം ബാക്കിയാക്കി വിലാപയാത്ര നീങ്ങി. എ കെ ജി മരിച്ചു. വാഹനം കടന്നുപോയശേഷവും മനസ്സിൽ ഉരുവിട്ടുകൊണ്ടിരുന്നു. കണ്ണ് നിറഞ്ഞു.
അപ്പോൾ മനസ്സുകൊണ്ട് ഞാൻ ഫോർ അശോകാ റോഡിലെ ബംഗ്ലാവിലായിരുന്നു. അവിടെ പ്രസന്നവദനനായി എ കെ ജി യുണ്ടായിരുന്നു. മകൾ ലൈലേച്ചി, എന്റെ സഹോദരിമാരായ ജമ്മു, ജീജ എന്നിവർക്കുപുറമേ, ലത, ദിനേശൻ... അങ്ങനെ ഒരു ബാലസംഘം. ഒളിച്ചുകളിയായിരുന്നു മാസ്റ്റർപീസ്. ഒരാൾ കള്ളനാവും. ബാക്കിയുള്ളവർ ഒളിക്കും. ഇതെല്ലാം കണ്ട് ചാരുകസേരയിലിരുന്ന് വായിക്കുകയാവും എ കെ ജി. ഞങ്ങൾ ചിലപ്പോൾ ആ കസേരക്ക് പിന്നിൽ ഒളിക്കും. അദ്ദേഹമാവട്ടെ ലുങ്കികൊണ്ട് മറയിട്ട് ഒന്നും അറിയാത്തപോലെ ഇരിക്കും. മറ്റു ചിലപ്പോൾ അനിയത്തിക്കുട്ടിയടക്കമുള്ളവരെ മടിയിൽ കയറ്റിയിരുത്തി വായിക്കുന്ന പത്രത്തിനുള്ളിൽ ഒളിപ്പിക്കും. പത്രം വായിക്കുന്ന എ കെ ജി മാമനെ ആരും സംശയിക്കില്ലല്ലോ.
എ കെ ജിയുള്ള ദിവസങ്ങൾ ഞങ്ങൾ കുട്ടികൾക്ക് ഉത്സവമാണ്. ആ ബംഗ്ലാവിലെ തോട്ടത്തിലും പുറത്തുമൊക്കെ കറങ്ങുമ്പോൾ സംശയം തീർത്തുതരാൻ അദ്ദേഹമുണ്ടാവും. വൈകിട്ട് ഓട്ടമത്സരം, തൊട്ടുകളി, ദൂരത്തിൽ ചാടൽ എന്നിങ്ങനെ പലവിധ കളികൾ. ജയിക്കുന്നവർക്ക് എ കെ ജി സമ്മാനം പ്രഖ്യാപിക്കും. അതിനാൽ ഓട്ടമായാലും ചാട്ടമായാലും ഞങ്ങൾ കടുത്ത മത്സരത്തിലാവും. എന്നാൽ തോൽക്കുന്നവരോടായിരിക്കും ആ വാത്സല്യം കൂടുതൽ. കുഞ്ഞിക്കുട്ടിയായ അനിയത്തി ജീജ ഓടുന്നതിനിടെ വീണുപോയിട്ടുണ്ടെങ്കിൽ അവൾക്കായിരിക്കും അദ്ദേഹത്തിന്റെ മടിയിൽ സ്ഥാനം.
സന്ധ്യ മയങ്ങിയാൽ സുശീലമ്മ എല്ലാവരോടും കുളിച്ചുവരാൻ പറയും. അവരുടെ വക പലഹാരമുണ്ടാവും.
ലൈലേച്ചിയും എന്റെ അമ്മ കമലയുമായിരിക്കും വിതരണക്കാർ. ദോശയും എരിവുള്ള ചട്ടിണിയുമാണെങ്കിൽ ബംഗാളിയായ സുഭാഷ് മാമന്റെ മോന്റെ കണ്ണിൽനിന്ന് കുടുകുട വെള്ളം വരും. എ കെ ജി കളിയാക്കും. അവൻ അവന്റെ അച്ഛന്റെ പിന്നിൽ ഒളിക്കും. ഞങ്ങളുടെ വീട്ടിൽ നിന്നുപോലും തൈരും പഞ്ചസാരയുമിട്ടാണ് ആ കുട്ടി ചോറ് തിന്നുക. ഒരു കഷ്‌ണം ഉരുളകിഴങ്ങുകൂടി കിട്ടിയാൽ കുശാലായി.
എ കെ ജി കുറേ നാൾ നാട്ടിലായിരിക്കും. നാട്ടിൽനിന്ന് വരുമ്പോൾ കരുവാളിച്ചിരിക്കും. ചിലപ്പോൾ നടക്കാൻ പോലും കഴിയാത്തത്ര അവശനായിരിക്കും. ഞാൻ അമ്മയോട് ചോദിച്ചു. അമ്മേ എ കെ ജി മാമന് നാട്ടിലെന്നാ പണി.
ഉത്തരം അച്ഛനായിരിക്കും പറയുക. എ കെ ജി പാവങ്ങളുടെ നേതാവാ. അവർക്കുവേണ്ടി വാദിക്കാനും സമരം ചെയ്യാനുമൊക്കെയാ നാട്ടിൽ പോകുന്നത്. ചിലപ്പോ പൊലീസിന്റെ അടികിട്ടും. ജയിലിലും കിടക്കേണ്ടിവരും. എനിക്ക് ഒന്നും മനസ്സിലായില്ല.
ഞാൻ പല ദിവസം അതാലോചിച്ചു. ആരാണീ പാവങ്ങൾ. മാമൻ അവർക്കുവേണ്ടി എന്തായിരിക്കും ചെയ്യുന്നത്. എന്തിനാണ് ഇത്ര നല്ല മാമനെ പൊലീസ് അടിക്കുന്നത്. ജയിലിലിടുന്നത്. എന്നിലെ എട്ട് വയസ്സുകാരന് ഒന്നും പിടികിട്ടിയില്ല.
ഞങ്ങളുടെ ക്വാർട്ടേഴ്സിന്റെ മതിലിനരികിൽ ഒരു മൾബറി മരമുണ്ട്. അതിൽ കയറിയാൽ മൾബറിപ്പഴം തിന്നാം. ഒപ്പം മതിലിനപ്പുറത്തെ മറ്റൊരു ജീവിതം കാണാം. നാട്ടിൽ പോയിവരുമ്പോൾ ട്രെയിനിൽ കാണുന്ന ദൃശ്യങ്ങൾക്ക് സമാനമായിരുന്നു പുറംകാഴ്‌ചകൾ. തോട്ടക്കാരൻ മാലിക്ക് അവിടെയാണ് താമസിക്കുന്നത്. അത് പാവങ്ങളുടെ ചേരിയാണെന്ന് അച്ഛൻ പറഞ്ഞു.
മരത്തിൽ കയറി മതിലിനപ്പുറത്തേക്ക് നോക്കിയിരുന്ന ഞങ്ങളെ ഒരു ദിവസം എ കെ ജി പിടികൂടി. തുടർന്നുള്ള ചോദ്യത്തിന് പാവങ്ങളെ കാണുകയാണെന്ന് പറഞ്ഞു.
എല്ലാവരോടും ഇറങ്ങാൻ ആവശ്യപ്പെട്ടു.
നേരെ ഞങ്ങളെയും കൂട്ടി അവിടേക്ക് നടന്നു. പൊട്ടിപ്പൊളിഞ്ഞ മണ്ണിന്റെ നിറമുള്ള കുടിലുകൾ. അതിൽ നിന്ന് ഏതോ അന്യഗ്രഹ ജീവികളെപ്പോലെ മനുഷ്യർ പുറത്തേക്കുവന്നു. നടവഴി നിറയെ വൃത്തിയില്ലാത്ത വലിയ ദ്വാരമുള്ള ചൂടിക്കട്ടിലുകളുണ്ട്. ഒരു തുണി മുഖത്തേക്കിട്ട് വെയിലിനെ കൂസാതെ ചിലർ ഉറങ്ങുന്നു. ക്യാബേജും കോളിഫ്‌ളവറും തക്കാളിയുമൊക്കെ ചുറ്റുമുണ്ട്. കുപ്പായമിടാത്തതും പേരിനുമാത്രം കുപ്പായമിട്ടതുമായ കുട്ടികൾ തൊടുത്തുവിട്ടപോലെ മിന്നിപ്പായുന്നു. പെൺകുട്ടികളിൽ ചിലർ ഓടി കുടിലിൽ കയറി. അവിടമാകെ അപരിചിതമായ ഏതോ മണമായിരുന്നു.
അവർക്കെല്ലാം എ കെ ജിയെ അറിയാം. കിടക്കുന്നവരും ചാടി എഴുന്നേൽക്കുന്നു. ഇരിക്കാൻ ഒരു കട്ടിൽ എത്തി. ഉടുത്ത കുപ്പായം കൊണ്ടുതന്നെ അവർ മത്സരിച്ചു കട്ടിൽ തുടച്ച് എ കെ ജിയെ ഇരുത്തി. ചുറ്റുമുള്ളവരൊക്കെ കൂടിയപ്പോൾ ഞങ്ങൾ ഒരു വൃത്തത്തിലായി. നടുവിൽ എ കെ ജി, പിന്നിൽ ഞങ്ങൾ, കുട്ടികൾ. ചിലർ കൈകൂപ്പി എന്തൊക്കെയോ പറയുന്നു. ചിലർ കരയുന്നു. എ കെ ജി അവരെ ആശ്വസിപ്പിച്ചു. ചിലരുടെ തോളിൽ കൈയിട്ട് അടുപ്പിച്ചു.
ഇതെന്താണ്? ഇവരുമായി എങ്ങനെയാണ് പരിചയം. എന്തിനാണിങ്ങനെ കെട്ടിപ്പിടിക്കുന്നത്. അങ്ങനെ പലവിധ ചോദ്യങ്ങൾ ഉള്ളിൽ നിറഞ്ഞു. മടങ്ങുമ്പോൾ എ കെ ജി പറഞ്ഞു: ആ കുട്ടികളും നിങ്ങളെപ്പോലെ ജീവിക്കേണ്ടവരാണ്. സ്‌കൂളിൽ പോകേണ്ടവരാണ്. അതിനുള്ള പണമില്ലാത്തതുകൊണ്ടാണ് അതൊന്നും ചെയ്യാത്തത്. ഒരിക്കൽ അവരും നിങ്ങളെപ്പോലെ പഠിച്ച് മിടുക്കന്മാരാവും. എന്നിട്ട് നല്ല വീടുണ്ടാക്കും. നടന്നും പറഞ്ഞും ബംഗ്ലാവിലെത്തി. അപ്പോഴേക്കും ഒരുപാടുപേർ എ കെ ജിയെ കാണാൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
ദിവസങ്ങൾക്ക് ശേഷം മതിലിനപ്പുറം ബഹളം കേട്ടപ്പോൾ ഞാൻ മൾബറി മരത്തിലേക്ക് വലിഞ്ഞുകേറി. പാവപ്പെട്ടവർ താമസിക്കുന്ന കുടിലുകളുടെ വഴിയിലുണ്ട് ചൂടിക്കട്ടിലിട്ട് എ കെ ജി ഇരിക്കുന്നു. ചുറ്റുമുള്ളവർ ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുന്നു. അതിൽ സൈക്കിൾ റിക്ഷക്കാരും കുതിരവണ്ടിക്കാരും ഫടാഫട്ട് (മുന്നിൽ ബൈക്കിനോട് സാമ്യമുള്ള വാഹനം) ഓടിക്കുന്നവരുണ്ട്. ചുറ്റും പൊലീസുണ്ട്. സൂക്ഷിച്ചുനോക്കിയപ്പോൾ ആ കൂട്ടത്തിൽ അച്ഛനെയും കണ്ടു. കുറേ സമയം ഞാൻ മരത്തിനുമുകളിൽ പുറത്തേക്ക് നോക്കിയിരുന്നു.
നിമിഷങ്ങൾ കഴിയുംതോറും ആളുകൾ കൂടി. വെയിലിന് തീപിടിച്ചപ്പോൾ അമ്മയുടെ വഴക്കുകേട്ട് ഞാൻ മരത്തിൽ നിന്നിറങ്ങി. ശേഷം എന്തായി എന്നറിയാൻ അച്ഛനെ കാത്തിരുന്നുവെങ്കിലും, രാത്രി വൈകി ഞാൻ ഉറങ്ങിയ ശേഷമാണ് വന്നത്. രാവിലെ ഉണർന്നപ്പോൾ അച്ഛൻ തിരക്കിലായിരുന്നു. ചേരിക്കാർക്കും മെച്ചപ്പെട്ട ജീവിതമുണ്ടാക്കാൻ എ കെ ജി നടത്തിയ സമരമാണ് അതെന്ന് അമ്മ പറഞ്ഞുതന്നു.
എന്റെ അച്ഛൻ നരിക്കുട്ടി മോഹനൻ എ കെ ജിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.

നരിക്കുട്ടി മോഹനനും എ കെ ജിയും
പലപ്പോഴും അച്ഛന് ഞങ്ങളോടൊപ്പം കളിക്കാൻ നേരം കിട്ടാറില്ല. എന്നാൽ എ കെ ജി സമയം കിട്ടുമ്പോഴൊക്കെ കുട്ടികളോട് കൂട്ടുകൂടാൻ വരും. ഞാൻ ചോദിച്ചു: അമ്മേ എ കെ ജി മാമനല്ലേ അച്ഛനേക്കാൾ വലിയയാൾ, എന്നിട്ട് മാമൻ കളിക്കാൻ വരാറുണ്ടല്ലോ. അച്ഛനും വന്നൂടെ. അച്ഛനോട് ചോദിക്കെന്ന് അമ്മ പറയും. അച്ഛൻ പറയും: എ കെ ജി വലിയ ആളാണ്.
എംപി എന്ന നിലയിൽ എ കെ ജിക്ക് ഡൽഹി അശോക റോഡിൽ നൽകിയ നാലാമത്തെ പാർപ്പിട സമുച്ചയത്തെയാണ് ഫോർ അശോക റോഡ് എന്ന് വിളിച്ചിരുന്നത്. പാർടിയുടെ ഡൽഹിയിലെ പ്രധാന ഓഫീസും അതായിരുന്നു. പാർലമെന്റ് സമ്മേളനം തുടങ്ങിയാൽ അവിടെ വരുന്നവരുടെ എണ്ണത്തിന് കണക്കില്ല. അച്ഛനടക്കമുള്ളവർക്ക് ഇരിക്കാനും നിൽക്കാനും നേരമുണ്ടാവില്ല. രാജ്യത്തിന്റെ പലഭാഗത്തുള്ളവർ അവിടെജോലിക്കാരായിരുന്നു. മലയാളിയായ വേലായുധൻ, ബംഗാളി സുഭാഷ്, യുപിയിൽനിന്നുള്ള ജഗദീഷ്, തമിഴ്‌നാട്ടുകാരൻ രാമകൃഷ്‌ണൻ എന്നിവരൊക്കെ അക്കൂട്ടത്തിലുണ്ട്. എംപി യായിരുന്ന സമർമുഖർജി
യും അവിടെ താമസമുണ്ടായിരുന്നു.
മെലിഞ്ഞ് കൃശാഗാത്രനായ സമർദ യാത്ര പോയി തിരിച്ചുവരുമ്പോൾ, കുട്ടികൾക്ക് മിഠായികൊണ്ടുവരുമായിരുന്നു. പുഞ്ചിരിയോടെ തരുന്ന മിഠായിക്ക് ഇരട്ടിമധുരമായിരുന്നു. ഇ കെ നായനാർ, പാട്യം ഗോപാലൻ, പി കെ കുഞ്ഞച്ചൻ, എം എ ബേബി, തുടങ്ങിയവരും ഞങ്ങൾക്ക് പ്രിയപ്പെട്ടവർ. പാട്യം അതിനിടെ മരിച്ചു. പിന്നീട് പാട്യം ഗോപാലന്റെ അനുജൻ പാട്യം രാജൻ എംപിയായി വന്നു. അദ്ദേഹത്തെയും നമ്മൾ പാട്യം മാമൻ എന്നുവിളിച്ചു. പി കെ കുഞ്ഞച്ചനൊപ്പം ഫിറോഷാ റോഡിലും പാട്യം രാജനൊപ്പം വിതൽഭായി പട്ടേൽ ഹൗസിലും ഞങ്ങൾ താമസിച്ചിട്ടുണ്ട്.
അടിയന്തരാവസ്ഥക്കാലത്താണെന്ന് തോന്നുന്നു എം എ ബേബി ഫോർ അശോക റോഡിൽ കുറേനാൾ രഹസ്യമായി കഴിഞ്ഞിരുന്നു. സ്വന്തം ഏട്ടനെ പ്പോലെയായിരുന്നു അദ്ദേഹം. പലപ്പോഴും യക്ഷിക്കഥ പറഞ്ഞുതരും. എന്നിട്ട് ചോദിക്കും ആരാണ് ആ യക്ഷി.
അടിയന്തരാവസ്ഥക്കാലത്ത് ഞങ്ങളുടെ കറങ്ങിനടത്തത്തിനൊക്കെ നിയന്ത്രണമുണ്ടായി. ഫോർ അശോക റോഡിൽ വരുന്നവരുടെ എണ്ണം കുറഞ്ഞു.പലപ്പോഴും ഞങ്ങൾ സ്ഥിരവാസക്കാർ മാത്രമായി ചുരുങ്ങി. ഇല്ലായ്‌മയുടെ നാളുകളുമായിരുന്നു അത്. മക്കളെ നാട്ടിലേക്കയക്കാനുള്ള ആലോചനയും അച്ഛൻ തുടങ്ങി. തണുപ്പുകാലത്ത് സൂര്യപ്രകാശംപോലും എത്തിനോക്കാൻ മടിച്ചു. രഹസ്യപൊലീസുകാർ പുറത്ത് കറങ്ങി നടക്കുന്നുണ്ടാവും. ഞങ്ങൾ കുട്ടികളോട് എന്തെങ്കിലും ചോദിക്കും. ഓഫീസിൽനിന്ന് കടലാസ് കൊണ്ടുവരുവാൻ പറയും. അവരോട് കൂട്ടുകൂടരുത്, അവർ പറയുന്നതൊന്നും ചെയ്യരുത് എന്നൊക്കെ വീട്ടിൽനിന്ന് കർശനമായി പറഞ്ഞിട്ടുണ്ട്. അതിനാൽ മതിലിനടുത്തുപോലും പോകാതായി. അവരെ കാണുമ്പോൾ യക്ഷിയുടെ ആൾക്കാർ എന്ന് കുശുകുശുക്കും.
യക്ഷിയുടെ ആളുകൾ കാണാതെ ഏതൊക്കെയോ കടലാസുകൾ ഫോർ അശോക റോഡിന് പുറത്തേക്കും അകത്തേക്കും കൊണ്ടുപോകാൻ അച്ഛൻ ഞങ്ങളോടുപറയും. പഹാഡ് ഗഞ്ചിൽ പച്ചക്കറി വാങ്ങാൻ പോകുമ്പോൾ
എന്റെ ട്രൗസറിന്റെ പിൻഭാഗത്ത് കടലാസ് മടക്കിവയ്‌ക്കും. പൊലീസ് എന്തെങ്കിലും ചോദിച്ചാൽ പേടിക്കാതെ ചിരിച്ചുകാട്ടിയാൽ മതിയെന്ന് പറഞ്ഞിരുന്നു. ആച്ഛനെ പൊലീസ് പരിശോധിക്കുമ്പോൾ ഞാനും അനിയത്തിയും അതുപോലെ ചെയ്‌തു. പൊലീസ് ഞങ്ങളെ തൊടാതെ വിട്ടു. ചിലപ്പോൾ അമ്മയും പെങ്ങന്മാരും കൊണാട്ട് പ്ലേസിൽ നിന്ന് അച്ഛന്റെ കൈയിൽനിന്ന് വീട്ടുസാധനങ്ങളടങ്ങുന്ന സഞ്ചി വാങ്ങിക്കൊണ്ടുവരും. അതിലും അച്ഛൻ എന്തെങ്കിലും രഹസ്യം ഒളിച്ചുവച്ചിട്ടുണ്ടാവും.
എ കെ ജി അസുഖ ബാധിതനായതോടെ ഭക്ഷണകാര്യത്തിലൊക്കെ നിയന്ത്രണം വന്നു. സദാസമയവും സുശീലമ്മ ജാഗ്രതയോടെ ശ്രദ്ധിച്ചു. എ കെ ജിയാണെങ്കിൽ കുട്ടികളെപ്പോലെയാണ്. കണ്ണ്

ഫോർ അശോക റോഡിലെ ജീവനക്കാരുടെ കുടുംബങ്ങൾക്കൊപ്പം എ കെ ജി. നിൽക്കുന്നവരിൽ ഇടത് നിന്ന് മൂന്നാമത് എം എ ബേബി
തെറ്റിയാൽ എന്തെങ്കിലും ഒപ്പിക്കുമെന്ന് സുശീലമ്മ പറയും. ഒരിക്കൽ ഞങ്ങൾ ക്വാർട്ടേഴ്‌സിന്റെ മുന്നിൽനിന്ന് ലഡു തിന്നുമ്പോഴാണ് അദ്ദേഹം വന്നത്. കുട്ടിയെപ്പോലെ ഏച്ചിയുടെ കൈയിൽ നിന്ന് ലഡു തട്ടിപ്പറിച്ചു വായിലിട്ടു. പിന്നാലെ സുശീലമ്മയുമെത്തി.
എത്ര പറഞ്ഞാലും എ കെ ജിക്ക് മനസ്സിലാവില്ല. പ്രമേഹം അങ്ങേയറ്റത്താണ്. ചെയ്യരുതെന്ന് പറയുന്നതേ ചെയ്യൂ. ഇഷ്ടമുള്ള സാധനങ്ങൾ പതുക്കെ രുചിച്ചുതിന്നാറുള്ള ജമു ഏച്ചിയാവട്ടേ ലഡുപോയ സങ്കടത്തിൽ കരച്ചിലിന്റെ വക്കിലായിരുന്നു. അന്ന് വൈകിട്ട് അച്ഛൻ വന്നത് കൈയിൽ ഒരുപൊതി ലഡുവുമായിട്ടായിരുന്നു. ലഡു വേണമെന്ന് എ കെ ജിയോട് ആരെങ്കിലും പറഞ്ഞോ എന്നും ചോദിച്ചു.
അക്കാലത്ത് ഡൽഹിയിൽ ജോലി തേടി വരുന്ന യുവാക്കളുടെ പടതന്നെയുണ്ടായിരുന്നു. അവരിൽ ഭൂരിപക്ഷവും എത്തിയിരുന്നത് ഫോർ അശോക റോഡിലായിരുന്നു. അപരിചിതമായ നഗരമാണെങ്കിലും അവിടെ എ കെ ജിയുണ്ടല്ലോ എന്ന ആത്മവിശ്വാസം അവർക്കുണ്ടായിരുന്നു. ഉടുതുണിക്ക് മറുതുണിയില്ലാതെ വരുന്ന അവർക്കായി ഒരു ക്വാർട്ടേഴ്‌സ് മാറ്റിയിട്ടിരുന്നു.
അക്കാലത്ത് ഡൽഹിയിൽ ജോലി തേടി വരുന്ന യുവാക്കളുടെ പടതന്നെയുണ്ടായിരുന്നു. അവരിൽ ഭൂരിപക്ഷവും എത്തിയിരുന്നത് ഫോർ അശോക റോഡിലായിരുന്നു. അപരിചിതമായ നഗരമാണെങ്കിലും അവിടെ എ കെ ജിയുണ്ടല്ലോ എന്ന ആത്മവിശ്വാസം അവർക്കുണ്ടായിരുന്നു. ഉടുതുണിക്ക് മറുതുണിയില്ലാതെ വരുന്ന അവർക്കായി ഒരു ക്വാർട്ടേഴ്‌സ് മാറ്റിയിട്ടിരുന്നു. അതിൽ പത്തും പതിനഞ്ചുപേർ സദാസമയം ഉണ്ടാവും. നാടിന്റെ പലഭാഗത്ത് നിന്ന് വരുന്നവർ.
സഹോദരങ്ങളെപ്പോലെ, ഒരു തൊഴിൽ കിട്ടുംവരെ അവിടെ തങ്ങും. പതിയെ മറ്റിടങ്ങളിലേക്ക് മാറും. ഏതെങ്കിലും പണികിട്ടുംവരെ അവർ പട്ടിണി കിടക്കാൻ പാടില്ലെന്ന നിർദേശം എ കെ ജി പറയും. അങ്ങനെ ഡൽഹിയിൽ

എ കെ ജി അമ്മയ്‌ക്കും സഹോദരിക്കുമൊപ്പം
പണിതേടിവരുന്നവരിൽ പലരും ആദ്യ ദിവസങ്ങളിൽ ഞങ്ങളുടെ അതിഥികളായി. അതിനുശേഷം അവരെ ഡൽഹിയിലെ കോഫി ഹൗസിൽ താൽക്കാലികമായി പണിക്ക് കയറ്റും. അവിടെയാവുമ്പോൾ അന്നത്തിന് മുട്ടില്ലല്ലോ.
എ കെ ജിയായിരുന്നു കോഫി ഹൗസുകളുടെ നേതാവ്.
എ കെ ജി ഒരിക്കൽ അച്ഛനോട് ദേഷ്യപ്പെടുന്നത് കണ്ടിട്ടുണ്ട്. ‘മോഹനാ അയാളെ നീ വേണ്ട രീതിയിൽ ശ്രദ്ധിച്ചില്ല, അതുതന്നെ കാര്യം’. എന്ന് പറയുന്നതുകേട്ടു. അച്ഛനാകെ വിഷമത്തിലായി. അന്ന് രാത്രി അമ്മയോട് അച്ഛൻ പറയുന്നത് കേൾക്കാൻ ഞാൻ കാതോർത്തു. നല്ല വിദ്യാഭ്യാസമുള്ള ഒരു ചെറുപ്പക്കാരൻ അസുഖ ബാധിതനായി അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.
രോഗ കാരണം അയാൾ തുടർച്ചയായി രക്തം വിറ്റിരുന്നതാണ്. അക്കാര്യം അറിഞ്ഞാണ് എ കെ ജി ദേഷ്യപ്പെട്ടത്. അവിടെ വരുന്നവരിൽ ഒരാൾ സ്വന്തം രക്തം വിറ്റു ജീവിക്കേണ്ടിവന്നുവെന്നത് എ കെ ജിക്ക് സഹിക്കാൻ കഴിയുന്നതിനപ്പുറമായിരുന്നു. ആ ചെറുപ്പക്കാരനും ഞങ്ങളുടെ വീട്ടിൽ വന്നു ചിലപ്പോഴൊക്കെ ഭക്ഷണം കഴിച്ചിരുന്നു. പലപ്പോഴും അയാളെ കാണാത്തതിൽ അമ്മ അന്വേഷിക്കാറുണ്ടായിരുന്നു. ജോലി തേടി അയാൾ എന്നും രാവിലെ ഇറങ്ങും. അതിനിടയിലായിരുന്നു നിത്യചെലവിനുള്ള പണം കണ്ടെത്താനായി രക്ത വിൽപ്പന.
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ എ കെ ജി വന്നില്ല. കൊടുംതണുപ്പ് പോയപ്പോഴാണ് വന്നത്. തീർത്തും അവശനായിരുന്നു. മുറിയിലേക്ക് താങ്ങിപ്പിടിച്ചാണ് കൊണ്ടുവന്നത്. എന്റെ ഓർമയിലിതുവരെ എ കെ ജിയെ അങ്ങനെ കണ്ടിട്ടില്ല. സാധാരണ ഒരു ദിവസംകൊണ്ട് ഉന്മേഷം തിരിച്ചുപിടിച്ച്, ഞങ്ങളെ കൂട്ടി പുറത്തിറങ്ങുകയാണ് പതിവ്. ഇത്തവണ അതും ഉണ്ടായില്ല.
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ എ കെ ജി വന്നില്ല. കൊടുംതണുപ്പ് പോയപ്പോഴാണ് വന്നത്. തീർത്തും അവശനായിരുന്നു. മുറിയിലേക്ക് താങ്ങിപ്പിടിച്ചാണ് കൊണ്ടുവന്നത്. എന്റെ ഓർമയിലിതുവരെ എ കെ ജിയെ അങ്ങനെ കണ്ടിട്ടില്ല. സാധാരണ ഒരു ദിവസംകൊണ്ട് ഉന്മേഷം തിരിച്ചുപിടിച്ച്, ഞങ്ങളെ കൂട്ടി പുറത്തിറങ്ങുകയാണ് പതിവ്. ഇത്തവണ അതും ഉണ്ടായില്ല. അദ്ദേഹം കിടക്കുന്ന മുറിയിലേക്ക് ആരെയും കയറ്റിയില്ല. ഞങ്ങൾ വാതിൽ വിടവിലൂടെ നോക്കി മടങ്ങും. ആരെങ്കിലും കണ്ടാൽ കുട്ടികൾ പോയി കളിച്ചാട്ടേയെന്ന് വഴക്കുപറയും. ആർക്കും കാണാൻ അനുവാദം നൽകിയില്ല. ഇടയ്‌ക്ക് ഡോക്ടർമാർ വന്നു അദ്ദേഹത്തെ പരിശോധിച്ചു.
എതാനും ദിവസം കഴിഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു: എ കെ ജി നാട്ടിലേക്ക് തിരിച്ചുപോവുകയാണ്. അവിടെ ചികിത്സിക്കാനാണ് തീരുമാനം.
ആ ദിവസമെത്തി. ബംഗ്ലാവാകെ തണുത്തുമരവിച്ചപോലെ. വിളക്കുകൾ കത്തിയിരുന്നെങ്കിലും വെളിച്ചമില്ല. സുശീലമ്മയെ എന്റെ അമ്മ സഹായിച്ചു. ആരും ഒന്നും സംസാരിക്കുന്നില്ല. യാന്ത്രികമായി എല്ലാവരും ഒരോന്ന് ചെയ്യുന്നു. ഞങ്ങൾ, കുട്ടികളും മ്ലാനതയിലായി. പറഞ്ഞറിയിക്കാനാവാത്ത സങ്കടം മനസ്സിനെ മൂടി. ഒന്നും മിണ്ടാതെ ഞങ്ങൾ തിണ്ണയിൽ ഇരുന്നു. ഇടയ്‌ക്ക് എ കെ ജി മാമന്റെ മുറിയിലേക്ക് നോക്കും. ഒന്ന് കാണണമെന്ന് തോന്നി. അച്ഛനെ കൂടാതെ രാമകൃഷ്‌ണനങ്കിളും ജഗദീഷുമുണ്ട്. എ കെ ജിയെ കൂട്ടാൻ വന്ന വാഹനത്തിൽ നിന്ന് ഇറങ്ങിയത് ഡോക്ടറാണെന്ന് തോന്നുന്നു.
എ കെ ജിയെ വീൽ ചെയറിലിരുത്തിയാണ് പുറത്തേക്ക് കൊണ്ടുവന്നത്. ഞങ്ങളെ കാണുമ്പോൾ പതിവുപോലെ എന്താ തെമ്മാടികളെ എന്ന് ചോദിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. നേർത്തൊരു ചിരി ആ ചുണ്ടിൽ വിടർന്നോ. അമ്മ വണ്ടിയിൽ തലയിണ വയ്‌ക്കുമ്പോൾ മറ്റുള്ളവർ ബാക്കി സാധനങ്ങൾ എടുത്തുവയ്‌ക്കുന്നുണ്ടായിരുന്നു.
വാഹനം നീങ്ങുമ്പോൾ എല്ലാവരുടെയും കണ്ണ് നിറഞ്ഞിരുന്നു. ഞങ്ങളും കരഞ്ഞു. ഞാനും നാട്ടിലേക്കുള്ള വണ്ടി കയറി. വർഷങ്ങൾക്കുശേഷം ഫോർ അശോക റോഡിലെ കളിമുറ്റം കാണാൻ പോയ ഞാൻ കണ്ടത്, അവിടെ ചെങ്കൊടിക്ക് പകരം മറ്റൊരു കൊടി പാറുന്നതാണ്. സ്‌നേഹത്തിന്റെയും കരുണയുടെയും പ്രതിരൂപമായ എ കെ ജി അവിടെയുണ്ടായിരുന്നില്ല. എന്നാൽ എന്റെ കാതിൽ തെമ്മാടിയെന്ന വിളിയെത്തി. പൊലീസിനോ ജയിലുകൾക്കോ ബന്ധിച്ചിടാനാവാത്ത ആ ശബ്ദം എല്ലായിടത്തും മുഴങ്ങുന്നതായി തോന്നി.
സ്വാതന്ത്ര്യ ദിനത്തിൽ ജയിലിൽ കിടക്കേണ്ടിവന്ന, മണ്ണിൽ പണിയെടുക്കുന്നവന് നല്ല ജീവിതം സമ്മാനിക്കാനായി രാജ്യമെമ്പാടും ഓടിനടന്ന എ കെ ജിയെക്കുറിച്ച് ഞാൻ അപ്പോഴേക്ക് നന്നായി മനസ്സിലാക്കിയിരുന്നു. ഒരു സിനിമയിലെന്നപോലെ അതൊക്കെ മുന്നിലെത്തി .
(ദേശാഭിമാനി വാരികയിൽ നിന്ന്)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..