26 May Sunday

‘മുറി’ ഇംഗ്ലീഷിലെ മുറിയാത്ത സത്യം

വിജേഷ‌് ചൂടൽUpdated: Friday Mar 22, 2019

 

സംസാരിക്കുന്നത‌് എ കെ ജിയാണ‌്. അദ്ദേഹത്തിന്റെ വാക്കുകളിൽ രാജ്യത്തെ ജനങ്ങളുടെ ശബ്ദമുണ്ട‌്. അത‌് കേൾക്കേണ്ടത‌് എന്റെ ഉത്തരവാദിത്തമാണ‌്
 

ഒന്നാം ലോക‌്സഭയുടെ സമ്മേളനദിനങ്ങളിലൊന്നിൽ സഭാനടപടികൾക്കിടെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ‌്റു പുറത്തേക്കിറങ്ങി. അദ്ദേഹം സഭയുടെ വാതിൽക്കൽ എത്തിയപ്പോൾ അടുത്ത‌് സംസാരിക്കാനുള്ള അംഗത്തിന്റെ പേര‌് സ്പീക്കർ വിളിച്ചു–- എ കെ ഗോപാലൻ. പുറത്തേക്കുപോയ നെഹ‌്റു ഉടൻ ഇരിപ്പിടത്തിലേക്ക‌് മടങ്ങി. പ്രസംഗം സശ്രദ്ധം കേട്ടിരുന്നു. പിന്നീടൊരിക്കൽ ചില മാധ്യമപ്രവർത്തകർ നെഹ‌്റുവിനോട‌് ചോദിച്ച‌ു, പുറത്തേക്കിറങ്ങിയ താങ്കൾ എന്തുകൊണ്ടാണ‌് വീണ്ടും സഭയിലേക്ക‌് തിരികെക്കയറിയതെന്ന‌്.

‘സംസാരിക്കുന്നത‌് എ കെ ജിയാണ‌്. അദ്ദേഹത്തിന്റെ വാക്കുകളിൽ രാജ്യത്തെ ജനങ്ങളുടെ ശബ്ദമുണ്ട‌്. അത‌് കേൾക്കേണ്ടത‌് എന്റെ ഉത്തരവാദിത്തമാണ‌്’–-

ഇതായിരുന്നു നെഹ‌്റുവിന്റെ മറുപടി.

തൊരിക്കലും മുറിഞ്ഞ സത്യമായിരിക്കില്ല
‘എനിക്ക‌് ഇംഗ്ലീഷ‌് അത്രയ‌്ക്ക‌് വശമില്ല. മുറി ഇംഗ്ലീഷിലേ സംസാരിക്കാനാകൂ. എന്നാൽ, അതൊരിക്കലും മുറിഞ്ഞ സത്യമായിരിക്കില്ല’–- ആദ്യ ലോക‌്സഭയിൽ തന്റെ കന്നിപ്രസംഗം തുടങ്ങവെ എ കെ ജി പറഞ്ഞു. പക്ഷേ, വൻ ശ്രദ്ധയാകർഷിച്ച ആ പ്രസംഗം അംഗങ്ങൾ ഹർഷാരവത്തോടെ സ്വീകരിച്ചു.
എ കെ ജിയുടെ പ്രസംഗം ഏറ്റവും ഇഷ്ടപ്പെട്ടിരുന്നവരിൽ ഒരാൾ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ‌് ജവാഹർലാൽ നെഹ‌്റുതന്നെയായിരുന്നു. എ കെ ജി സംസാരിക്കുന്ന ദിവസങ്ങളിലെല്ലാം നെഹ‌്റു കൃത്യമായി സഭയിൽ ഹാജരായിരുന്നു. അദ്ദേഹം ഉയർത്തുന്ന വാദങ്ങൾ കുറിച്ചെടുക്കുമായിരുന്നു. എ കെ ജിയുടെ പ്രസംഗം എല്ലാ കോൺഗ്രസ‌് അംഗങ്ങളും നിർബന്ധമായും കേൾക്കണമെന്നും നെഹ‌്റു നിർദേശിച്ചിരുന്നു.

ദ്ദേഹത്തിന്റേത‌് ജനങ്ങളുടെ ഭാഷയാണ‌്
എ കെ ജിയുടെ ഇംഗ്ലീഷ‌് പരിജ്ഞാനത്തെ ചോദ്യംചെയ‌്ത ചില കോൺഗ്രസ‌് അംഗങ്ങൾക്ക‌് മറുപടി നൽകിയത‌് സാക്ഷാൽ നെഹ‌്റുതന്നെയായിരുന്നു. ‘അദ്ദേഹത്തിന്റേത‌് ജനങ്ങളുടെ ഭാഷയാണ‌്. എനിക്ക‌് ആ ഭാഷ മനസ്സിലാകുന്നുമുണ്ട‌്’–- നെഹ‌്റു പറഞ്ഞു. മുൻകൂട്ടി ആലോചിച്ച‌് എഴുതി തയ്യാറാക്കിയ പ്രസംഗങ്ങളാണ‌് എ കെ ജി പാർലമെന്റിൽ നടത്തിയിരുന്നത‌്. കൃത്യമായ ഗൃഹപാഠവും ജനങ്ങളോടുള്ള പ്രതിബദ്ധതയുംകൊണ്ട‌് ഭാഷാപരമായ പരിമിതികളെ അദ്ദേഹം മറികടന്നു. പ്രധാനമന്ത്രി പ്രസംഗിക്കുമ്പോൾപ്പോലും അംഗങ്ങൾ തടസ്സപ്പെടുത്തിയിരുന്ന ലോക‌്സഭയിൽ എ കെ ജി സംസാരിക്കാൻ എഴുന്നേൽക്കുമ്പോൾ അംഗങ്ങൾ നിശ്ശബ്ദമായി ആ വാക്കുകൾക്ക‌് കാതോർത്തു. ലോബിയിൽ അലസഗമനം നടത്തിയിരുന്ന അംഗങ്ങൾപോലും സ്പീക്കർ എ കെ ജിയുടെ പേര‌് വിളിക്കുമ്പോൾ ഇരിപ്പിടങ്ങളിലേക്ക‌് ഓടിയെത്തുമായിരുന്നു. സർക്കാരിന്റെ ജനവിരുദ്ധനയങ്ങളും മന്ത്രിമാരുടെ വികലമായ നിലപാടുകളും അദ്ദേഹം കടുത്ത ഭാഷയിൽത്തന്നെ സഭയിൽ ഉന്നയിച്ചു. കടുത്ത വിമർശം ഉയർത്തിയ ഘട്ടങ്ങളിലും ഒരാൾപോലും എ കെ ജിയുടെ പ്രസംഗം തടസ്സപ്പെടുത്താൻ ധൈര്യപ്പെട്ടില്ല. ആ നിലപാടുകളിലെ സത്യസന്ധതയോട‌ുള്ള ബഹുമാനംകൊണ്ടായിരുന്നു അത‌്.

 



ങ്ങൾ ഒരിക്കലും മുട്ടുമടക്കില്ല’
പാർലമെന്റിനെ അക്ഷരാർഥത്തിൽ എങ്ങനെ ജനങ്ങളുടെ വേദിയാക്കാമെന്ന‌് എ കെ ജി കാട്ടിത്തന്നു. രാജ്യത്തിന്റെ ഫെഡറലിസത്തിനും സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കുംവേണ്ടി ആദ്യ ദിനംമുതൽ വിട്ടുവീഴ‌്ചയില്ലാതെ വാദിച്ച പാർലമെന്റേറിയനാണ‌് എ കെ ജി. 1959ൽ ഇ എം എസ‌് മന്ത്രിസഭയെ അട്ടിമറിച്ചപ്പോൾ എ കെ ജിയുടെ നേതൃത്വത്തിൽ കമ്യൂണിസ്റ്റുകാർ പാർലമെന്റിൽ കടുത്ത പ്രതിഷേധമുയർത്തി.

നെഹ‌്റുവിന്റെ പുരോഗമന നടപടികൾക്ക‌് പിന്തുണയേകുമ്പോൾത്തന്നെ കോൺഗ്രസിന്റെ ജനവിരുദ്ധ നയങ്ങളെ തുറന്നുകാട്ടുന്നതിൽ എ കെ ജി എന്നും മുന്നിൽനിന്നു. അഴിമതിക്കെതിരെ വിട്ടുവീഴ‌്ചയില്ലാത്ത പോരാട്ടമാണ‌് എ കെ ജി നടത്തിയത‌്. അദ്ദേഹം സജീവമായി ഉന്നയിച്ച മുണ്ട്ര കേസ‌് ഒടുവിൽ കേന്ദ്രമന്ത്രിയായിരുന്ന കൃഷ്ണമാചാരിയുടെ രാജിയിലേക്ക‌് നയിച്ചു.

അടിയന്തരാവസ്ഥയ‌്ക്കെതിരെ എ കെ ജി നടത്തിയ പ്രസംഗം പാർലമെന്റിനെ വിറപ്പിച്ചു. ‘ഞങ്ങൾ ഒരിക്കലും അധികാരിവർഗത്തിനു മുന്നിൽ മുട്ടുമടക്കില്ല. ഞങ്ങൾ ഒരിക്കലും ജനങ്ങളെയും രാജ്യത്തിന്റെ ജനാധിപത്യമൂല്യങ്ങളെയും ഒറ്റുകൊടുക്കില്ല. ചരിത്രം ഞങ്ങളെ കുറ്റക്കാരല്ലെന്നു വിധിക്കും’–- ആ വാക്കുകൾ ഇന്ദിരയുടെ സിംഹാസനത്തെ വിറപ്പിക്കുന്ന ഇടിമുഴക്കമായി.

നെഹ‌്റുവിനെ മുട്ടുകുത്തിച്ച നിശ്ചയദാർഢ്യം

നെഹ‌്റുവരെ തെറ്റ‌് അംഗീകരിച്ച‌് പിന്മാറിയിട്ടുണ്ട‌് എ കെ ജിയുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ. സിംഗപ്പൂരിലും മലേഷ്യയിലും വിമോചനപോരാളികളെ നേരിടാൻ ഇന്ത്യയിൽനിന്ന‌് ബ്രിട്ടീഷുകാർ കൂലിപ്പട്ടാളത്തെ റിക്രൂട്ട‌്ചെയ്യുന്നുവെന്ന‌് ഒരിക്കൽ എ കെ ജി സഭയിൽ ചൂണ്ടിക്കാട്ടി. അങ്ങനെയൊരു സംഭവമേയില്ലെന്ന‌് നെഹ‌്റു നിഷേധിച്ചു. സഭയിൽനിന്നിറങ്ങിയ എ കെ ജി നേരെ വണ്ടികയറിയത‌് ബിഹാറിലേക്കായിരുന്നു. അവിടെനിന്നുള്ള റിക്രൂട്ട‌്മെന്റിന്റെ ചിത്രവുമായാണ‌് അദ്ദേഹം പിന്നീട‌് സഭയിൽ എത്തിയത‌്. നെഹ‌്റുവിന‌് പരാജയം സമ്മതിക്കേണ്ടിവന്നു. റിക്രൂട്ട‌്മെന്റ‌് നിർത്തലാക്കാൻ ഉത്തരവുമിറക്കി.

നകീയ പാർലമെന്റേറിയൻ

പതിറ്റാണ്ടുകളോളം കോൺഗ്രസ‌് മൃഗീയ ഭൂരിപക്ഷം ആസ്വദിച്ച ഇന്ത്യൻ പാർലമെന്റിനെ അക്ഷരാർഥത്തിൽ ജനകീയമാക്കിയ പാർലമെന്റേറിയനാണ‌് എ കെ ജി. 1952ൽ ഒന്നാം ലോക‌്സഭയിൽ പ്രധാന പ്രതിപക്ഷമായ കമ്യൂണിസ്റ്റ‌് പാർടിയെ  നയിച്ചത‌് എ കെ ജിയാണ‌്. അഞ്ചാം ലോക‌്സഭവരെ കാൽനൂറ്റാണ്ടുകാലം ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ  സാധാരണക്കാർക്കായി അദ്ദേഹം നിരന്തരം പൊരുതി. ഇന്ത്യ കണ്ട ഏറ്റവും മികച്ച പാർലമെന്റേറിയന്മാരിൽ ഒരാളായാണ‌് ആദ്യ പ്രതിപക്ഷനേതാവിനെ ഏവരും വിലയിരുത്തുന്നത‌്.

ഭരണസിരാകേന്ദ്രത്തിൽ എല്ലാ വിധത്തിലുള്ള സുഖലോലുപതയെയും പ്രലോഭനങ്ങളെയും അകറ്റിനിർത്തി പാർലമെന്റിനകത്തും പുറത്തും ജനങ്ങൾക്കുവേണ്ടിമാത്രം ജീവിച്ച മനുഷ്യൻ. അടിയന്തര പ്രമേയം, ശ്രദ്ധക്ഷണിക്കൽ, ചോദ്യോത്തരവേള, ചർച്ചകൾ തുടങ്ങി സഭയിൽ ലഭ്യമായ എല്ലാ അവസരങ്ങളും ജനങ്ങളുടെ വിഷയങ്ങൾ ഉയർത്താൻ അദ്ദേഹം വിനിയോഗിച്ചു. ആദ്യ രണ്ട‌് ലോക‌്സഭകളിൽ ഏറ്റവുമധികം ചോദ്യങ്ങൾ ഉന്നയിച്ചത‌ും  മറ്റാരുമായിരുന്നില്ല. രാജ്യം വീണ്ടും സുപ്രധാനമായ ഒരു തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഇന്ത്യൻ പാർലമെന്റിന്റെ കണക്കുപുസ‌്തകം അടിവരയിടുന്നു, പാർലമെന്റിലെ ജനകീയ ഇടപെടലിൽ എന്നും മുന്നിൽ എ കെ ജിയുടെ പിന്മുറക്കാർ തന്നെയാണെന്ന‌്.

കേരളത്തിനായി പോരാടിയ എംപി
രാജ്യത്താകെയുള്ള ജനകീയ വിഷയങ്ങൾ പാർലമെന്റിൽ ഉയർത്തുമ്പോഴും സ്വന്തം നാടിന്റെ വികസനകാര്യത്തിൽ എ കെ ജി ജാഗരൂകനായിരുന്നു. കേരളത്തിന്റെ വികസനത്തിന‌് കക്ഷിരാഷ‌്ട്രീയത്തിനതീതമായി ഇടപെട്ട രാഷ‌്ട്രതന്ത്രജ്ഞനായിരുന്നു എ കെ ജി. കൊച്ചി കപ്പൽനിർമാണശാല ഏറ്റവും മികച്ച ഉദാഹരണം. ഈ വിഷയം ലോക‌്സഭയിൽ അടിയന്തര പ്രമേയമായി ഉന്നയിക്കാൻ അമ്പതുപേരുടെ ഒപ്പുവേണമായിരുന്നു. കമ്യൂണിസ്റ്റ‌് പാർടിക്ക‌് അത്രയും അംഗങ്ങളില്ല. പക്ഷേ, എ കെ ജി ലക്ഷ്യം നേടി. കോൺഗ്രസ‌് അംഗമായ സി കൃഷ‌്ണൻനായരുടെ ഒപ്പടക്കം അദ്ദേഹം നേടിയെടുത്തത‌് അന്ന‌് വലിയ ചർച്ചയായി.

ഭക്ഷ്യക്ഷാമകാലത്ത‌് കേരളം നേരിട്ട ക്രൂരമായ അവഗണനയ‌്ക്കെതിരെ  എ കെ ജി പാർലമെന്റിനെ സമരഭൂമിയാക്കി. അദ്ദേഹം സഭയിൽ കുത്തിയിരുന്നു. സ‌്പീക്കർ വൈകിട്ട‌് സഭ പിരിച്ചുവിട്ടിട്ടും എ കെ ജി അനങ്ങിയില്ല. ഒടുവിൽ സാർവത്രിക റേഷനുവേണ്ടി ഇന്ദിര ഗാന്ധിയുടെ സഫ‌്ദർജങ‌് റോഡിലെ ഒന്നാം നമ്പർ വസതിക്കുമുന്നിൽ എ കെ ജി സത്യഗ്രഹം കിടന്നു.


പ്രധാന വാർത്തകൾ
 Top