26 March Tuesday

എഐഎഡിഎംകെ ബിജെപി പാളയത്തിൽ തന്നെ

വെബ് ഡെസ്‌ക്‌Updated: Sunday Feb 17, 2019

ചെന്നൈ
അഞ്ചുവട്ടം ചർച്ച കഴിഞ്ഞതോടെ എഐഎഡിഎംകെ–-ബിജെപി സഖ്യം തമിഴ‌്നാട്ടിൽ യാഥാർഥ്യമാകുമെന്ന‌് ഏറെക്കുറെ ഉറപ്പായി. എഐഎഡിഎംകെയ‌്ക്കും ബിജെപി അടക്കമുള്ള സഖ്യകക്ഷികൾക്ക‌ും ആകെ മത്സരിക്കേണ്ട സീറ്റുകളുടെ എണ്ണം സംബന്ധിച്ചാണ‌് ധാരണയായത‌്. 25 മണ്ഡലത്തിൽ എഐഎഡിഎംകെയും 15 സീറ്റിൽ (പുതുച്ചേരിയിലെ ഒന്ന‌് ഉൾപ്പെടെ) ബിജെപിയും മറ്റ‌് സഖ്യകക്ഷികളും മത്സരിക്കുമെന്നാണ‌് ഇപ്പോഴുള്ള ധാരണ. മണ്ഡലങ്ങൾ ഏതൊക്കെയെന്ന‌് ധാരണയായിട്ടില്ല. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പിയൂഷ‌് ഗോയലുമായി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ പന്നീർശെൽവവും നടത്തിയ  ചർച്ചയിലാണ‌് ഏകദേശ ധാരണയായത‌്. തിങ്കളാഴ‌്ചയോ ചൊവ്വാഴ‌്ചയോ പിയൂഷ‌് ഗോയൽ വീണ്ടും ചർച്ചയ‌്ക്കായി ചെന്നൈയിലെത്തുന്നുണ്ട‌്. അതിനുശേഷമാകും സഖ്യം സംബന്ധിച്ച പ്രഖ്യാപനം. മാർച്ച‌് ഒന്നിന‌് കന്യാകുമാരിയിൽ നരേന്ദ്ര മോഡി പങ്കെടുക്കുന്ന റാലിയിൽ സഖ്യകക്ഷികളെയാകെ അണിനിരത്താനാണ‌് ലക്ഷ്യമിടുന്നത‌്.

ചെന്നൈ സൗത്ത‌്, കോയമ്പത്തൂർ, കന്യാകുമാരി, ശിവഗംഗ, തെങ്കാശി, പെരമ്പലൂർ സീറ്റുകൾ ബിജെപിക്ക‌് ലഭിച്ചേക്കും. തിരുപ്പൂർ, പൊള്ളാച്ചി സീറ്റുകളിൽ ഏതെങ്കിലുമൊന്നും തിരുനെൽവേലി, രാമനാഥപുരം സീറ്റുകളിൽ ഒന്നും തങ്ങൾക്ക‌് വേണമെന്നും ബിജെപി ആവശ്യപ്പെടുന്നുണ്ട‌്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ട്രിച്ചി സീറ്റിന്റെ കാര്യത്തിൽ ആവശ്യമുന്നയിക്കാൻപോലും എഐഎഡിഎംകെ സമ്മതിച്ചില്ല. ആരക്കോണം, അരണി, ധർമപുരി സീറ്റുകളും ചിദംബരം, വില്ലുപുരം എന്നിവയിലൊന്നുമാണ‌് പിഎംകെ ആവശ്യപ്പെടുന്നത‌്. സെൻട്രൽ ചെന്നൈ, കടലൂർ, കല്ലക്കുറിച്ചി സീറ്റുകൾ ഡിഎംഡികെയും ആവശ്യപ്പെടുന്നു.

ബിജെപിയുമായി തെരഞ്ഞെടുപ്പ‌് സഖ്യമുണ്ടാക്കുന്നതിൽ ലോക‌്സഭാ ഡെപ്യൂട്ടി സ‌്പീക്കർകൂടിയായ എം തമ്പിദുരൈ അടക്കമുള്ള എഐഎഡിഎംകെ നേതാക്കൾക്ക‌് ശക്തമായ എതിർപ്പുണ്ടായിരുന്നു. എന്നാൽ, 2014ലെ തെരഞ്ഞെടുപ്പിനെ നേരിട്ട സമയത്തുള്ള സംഘടനാശക്തി എഐഎഡിഎംകെയ‌്ക്ക‌് ഇപ്പോ ഴില്ല എന്ന യാഥാർഥ്യം കണക്കിലെടുത്ത‌് തെരഞ്ഞെടുപ്പ‌് സഖ്യത്തിന‌് അവർ നിർബന്ധിതരാവുകയാണ‌്. കോൺഗ്രസോ ഡിഎംകെയോ ബിജെപിയുമായി ഒരു തരത്തിലുള്ള സഖ്യത്തിനും തയ്യാറല്ല. ബിജെപിക്കും തമിഴ‌്നാട്ടിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഏതെങ്കിലും ശക്തമായ പാർടിയുമായുള്ള സഖ്യമില്ലാതെ കഴിയില്ല. രണ്ട‌് പാർടികൾക്കുമുള്ള ഈ പരിമിതിയാണ‌് സഖ്യം അനിവാര്യമാക്കിയത‌്. തമിഴ‌്നാട്ടിൽ തങ്ങൾക്കുള്ളത്ര രാഷ്ട്രീയ അടിത്തറയില്ലാത്ത ബിജെപിക്ക‌് എട്ട‌് സീറ്റ‌് നൽകുന്നതിൽ പിഎംകെയ‌്ക്ക‌് ശക്തമായ എതിർപ്പുണ്ട‌്. എന്നാൽ, സഖ്യമില്ലാതെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ധൈര്യം അവർക്കുമില്ല. നരേന്ദ്ര മോഡി, അമിത‌് ഷാ എന്നിവരുമായി ചർച്ച നടത്തിയശേഷമാകും പിയൂഷ‌് ഗോയൽ അടുത്തയാഴ‌്ച ചെന്നൈയിലെത്തുക.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top