13 August Saturday

ആളിക്കത്തി ബിഹാർ , ചോരപടർന്ന്‌ തെലങ്കാന , രാജ്യതലസ്ഥാനം 
കലുഷിതം

വെബ് ഡെസ്‌ക്‌Updated: Friday Jun 17, 2022


ന്യൂഡൽഹി
അഗ്‌നിപഥ്‌ പദ്ധതിക്കെതിരായ പ്രതിഷേധം കൂടുതൽ സംസ്ഥാനങ്ങളിലേക്ക്‌ വ്യാപിച്ചു. ബുധനാഴ്‌ച ബിഹാറിലാണ്‌ അഗ്‌നിപഥ്‌ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക്‌ തുടക്കമായത്‌. ബിജെപി ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളിൽ മാത്രമാണ്‌ പ്രതിഷേധമെന്ന്‌ തുടക്കത്തിൽ സംഘപരിവാർ വാദിച്ചെങ്കിലും വളരെ വേഗത്തിൽ യുപി, ഹരിയാന, മധ്യപ്രദേശ്‌ സംസ്ഥാനങ്ങളിലും ജനം തെരുവിലിറങ്ങി.

ആളിക്കത്തി ബിഹാർ
ബിജെപി കൂട്ടുകക്ഷി ഭരണത്തിലുള്ള ബിഹാറിൽ മൂന്നാം ദിവസവും വ്യാപക പ്രതിഷേധം. ഔറംഗാബാദിൽ നാല്‌ സ്‌കൂൾ ബസും പൊലീസ്‌ വാനും കത്തിച്ചു. മധേപ്പുരയിൽ ബിജെപി ഓഫീസിന്‌ തീയിട്ടു. സസാരമിൽ രണ്ട്‌ പൊലീസുകാർക്ക്‌ മർദനമേറ്റു. സമസ്‌തിപ്പുരിൽ ഗുവാഹത്തിയിലേക്കുള്ള ലോഹിത്‌ എക്‌സ്‌പ്രസിന്‌ തീയിട്ടു. 12 ജില്ലയിൽ ഇന്റർനെറ്റ്‌ റദ്ദാക്കി. ലക്കീസരായിൽ ട്രെയിനിന്‌ തീയിട്ടു. കുൽഹരിയയിൽ ഓടിക്കൊണ്ടിരുന്ന മൂന്ന്‌ ട്രെയിനിനും നിർത്തിയിട്ട ഒരു ട്രെയിനിനും തീയിട്ടു. ഹാജിപ്പുർ റെയിൽവേസ്‌റ്റേഷൻ പ്രക്ഷോഭകർ ആക്രമിച്ചു. റെയിൽവേക്ക്‌ കോടികളുടെ നഷ്ടം.

യുപിയിലും 
യുവജനരോഷം
ബിജെപി ഭരിക്കുന്ന യുപിയിലെ ബല്ലിയയിൽ ട്രെയിനിന്‌ തീയിട്ടു. നിർത്തിയിട്ട ട്രെയിനിനാണ്‌ തീവച്ചത്‌. നിരവധി ബോഗികൾ കത്തിനശിച്ചു.  അലിഗഡിലെ ജട്ടാരിയിൽ പൊലീസ്‌ സ്‌റ്റേഷനും പൊലീസ്‌ വാഹനവും കത്തിച്ചു. ബിജെപി നേതാവിന്റെ കാർ കത്തിച്ചു. ട്രാൻസ്‌പോർട്ട്‌ ബസുകളുടെ ടയറുകൾക്കും തീയിട്ടു. 17 ഇടത്ത്‌ അക്രമസംഭവങ്ങളുണ്ടായി.   ഫിറോസാബാദിലും അമേത്തിയിലും സർക്കാർ ബസുകൾ തകർത്തു. പൊതുസ്വത്തുക്കൾ നശിപ്പിച്ചു.

വഴിമുട്ടി ഹരിയാന
റെയിൽ–- റോഡ്‌ ഗതാഗതം സംസ്ഥാനത്തിന്റെ പലയിടത്തും തടസ്സപ്പെട്ടു. നിരവധി ജില്ലകളിൽ ഇന്റർനെറ്റിന്‌ വിലക്ക്‌. ഡൽഹിയോട്‌ ചേർന്നുള്ള ഗുഡ്‌ഗാവിലും ഫരീദാബാദിലും നിരോധനാജ്ഞ. അക്രമം വച്ചുപൊറുപ്പിക്കില്ലെന്ന്‌ ആഭ്യന്തരമന്ത്രി അനിൽ വിജ്‌.

രാജ്യതലസ്ഥാനം 
കലുഷിതം
രാജ്യതലസ്ഥാന നഗരിയിലും വ്യാപക പ്രതിഷേധം. എസ്‌എഫ്‌ഐ, ഐസാ, ഡിവൈഎഫ്‌ഐ തുടങ്ങി നിരവധി സംഘടനകളുടെ പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഐടിഒയിൽ പ്രതിഷേധക്കാർ റോഡ്‌ ഉപരോധിച്ചു. ഐടിഒ അടക്കം നിരവധി മെട്രോ സ്‌റ്റേഷനുകൾ മണിക്കൂറുകളോളം അടച്ചു.  ഡൽഹി ഖജൂരിയിൽ പ്രതിഷേധക്കാർ ബസുകൾക്ക്‌ നേരെ കല്ലെറിഞ്ഞു.

ചോരപടർന്ന്‌ തെലങ്കാന
-ഹൈദരാബാദും സെക്കന്തരാബാദും അടക്കം സംസ്ഥാനത്ത്‌ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധം. സെക്കന്തരാബാദിൽ റെയിൽവേസ്‌റ്റേഷനിലേക്ക്‌ ഇരച്ചുകയറിയ പ്രതിഷേധക്കാർ ട്രെയിനുകൾക്കും റെയിൽവേ സാമഗ്രികൾക്കും തീയിട്ടു. മണിക്കൂറുകളോളം സംഘർഷസ്ഥിതി. വെടിവയ്‌പിൽ പത്തൊമ്പതുകാരൻ മരിച്ചു. നിരവധി പേർക്ക്‌ പരിക്കേറ്റു.

മുൾമുനയിൽ 
ബംഗാൾ
കൊൽക്കത്തയിലെ ഹൗറാ പാലം പ്രക്ഷോഭകർ ഉപരോധിച്ചു. മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു. നോർത്ത്‌24 പർഗാനാസ്‌, സിലിഗുഡി എന്നിവിടങ്ങളിലും പ്രതിഷേധം. സംസ്ഥാനത്ത്‌ വ്യാപകമായി ട്രെയിനുകൾ തടഞ്ഞു.


 

ദുരന്തമാകും; കേന്ദ്ര സർക്കാരിനെ തള്ളി ഉന്നത ഉദ്യോഗസ്ഥർ
രാജ്യരക്ഷാസൈന്യങ്ങളുടെ ഘടനയിലും ശേഷിയിലും ദൂരവ്യാപക പ്രത്യാഘാതം വരുത്തിവയ്‌ക്കുന്ന അഗ്നിപഥ്‌ പദ്ധതിക്കെതിരെ അതിരൂക്ഷ വിമർശവുമായി മുൻ ഉന്നത ഉദ്യോഗസ്ഥർ. റിട്ട. മേജർ ജനറലും ദേശീയ മാധ്യമങ്ങളിൽ ബിജെപിയുടെ മുഖവുമായ എസ്‌ എം ഭക്ഷി, റിട്ട. മേജർ ജനറൽ ഹർഷ കാഖർ, സിബിഐ മുൻ ഡയറക്‌ടർ എം നാഗേശ്വര റാവു എന്നിവര്‍ കടുത്ത വിമര്‍ശമുന്നയിച്ചു. ‘യുവത്വവും പരിചയസമ്പത്തും സേനകൾക്ക്‌ ഒരേപോലെ ആവശ്യമുണ്ട്‌. നാലുവർഷത്തെ സേവനം അപകടം പിടിച്ചതാണ്.

റഷ്യയിൽനിന്ന്‌ പാഠമുൾക്കൊള്ളണം’ ഭക്ഷി പറഞ്ഞു. പെൻഷൻ, സാമൂഹ്യസുരക്ഷ തുടങ്ങിയവയില്ലാതാകുന്നതിൽ ആശങ്കയറിയിച്ച്‌ സൈനിക റിക്രൂട്ട്‌മെന്റിന്‌ തയ്യാറെടുക്കുന്ന ഉദ്യോഗാർഥിയുടെ വീഡിയോ സന്ദേശമാണ്‌ ഹർഷ കാഖർ പങ്കുവച്ചത്‌.  മൂന്ന്‌ മുതൽ അഞ്ചുവർഷംവരെയുള്ള സൈനിക സേവനം അമേരിക്കൻ ഉൽപ്പന്നമാണെന്നും അത്‌ നടപ്പാക്കിയശേഷം അവർ ഒരു യുദ്ധവും വിജയിച്ചിട്ടില്ലെന്നും നാഗേശ്വരറാവു പറഞ്ഞു.

21ന്‌ സംയുക്ത ദേശീയ പ്രക്ഷോഭം
അഗ്നിപഥ്‌ പദ്ധതിക്കെതിരെ അഖിലേന്ത്യ കിസാൻ സഭ, അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ സംഘടനകൾ  21ന്‌ സംയുക്ത ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കും. യുവജനങ്ങൾക്ക്‌ തൊഴിൽ നൽകുന്നതിൽ കേന്ദ്രം പരാജയപ്പെട്ടു. പദ്ധതി പിൻവലിക്കണമെന്ന്‌ കിസാൻ സഭ അഖിലേന്ത്യ പ്രസിഡന്റ്‌ ഡോ. അശോക്‌ ധാവ്‌ളെയും ജനറൽ സെക്രട്ടറി ഹന്നൻ മൊള്ളയും ആവശ്യപ്പെട്ടു.

ഉന്നതപഠനം സാധ്യമാകാത്ത ഗ്രാമീണ യുവാക്കളാണ്‌ സൈനികരാകുന്നതിൽ കൂടുതലും. പ്രത്യാഘാതമെന്തെന്ന്‌ വിലയിരുത്താതെയാണ്‌ കേന്ദ്രസർക്കാർ പദ്ധതി പ്രഖ്യാപിച്ചതെന്ന്‌ അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ വിമർശിച്ചു. പദ്ധതി ഉടൻ പിൻവലിക്കണമെന്ന്‌ യൂണിയൻ അഖിലേന്ത്യ പ്രസിഡന്റ്‌ എ വിജയരാഘവനും ജനറൽ സെക്രട്ടറി ബി വെങ്കിടും ആവശ്യപ്പെട്ടു. തെലങ്കാനയിൽ പത്തൊമ്പതുകാരൻ രാജേഷ്‌  വെടിയേറ്റുമരിച്ചതിൽ യൂണിയൻ അനുശോചിച്ചു.

പടരുന്നു വിദ്യാർഥി യുവജന പ്രക്ഷോഭം
അഗ്നിപഥിനെതിരെ ദേശീയ പ്രക്ഷോഭത്തിന്‌ ആഹ്വാനം ചെയ്‌ത്‌ എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും. ‘അഗ്നിപഥ്‌ പദ്ധതിയെ തള്ളുക, രാജ്യത്തിന്റെ പരമാധികാരത്തെ സംരക്ഷിക്കുക’  മുദ്രാവാക്യമുയർത്തി  ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ രാജ്യവ്യാപകമായി വിദ്യാർഥികളും യുവജനങ്ങളും സംയുക്ത പ്രക്ഷോഭം നയിക്കും.   ഡിവൈഎഫ്‌ഐ വെള്ളിയാഴ്‌ച രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. രാജസ്ഥാൻ, ബിഹാർ, ഡൽഹി, ഹിമാചൽ, ബംഗാൾ, ത്രിപുര, തെലങ്കാന, തമിഴ്‌നാട്‌, മഹാരാഷ്ട്ര, ഹരിയാന തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ പ്രവർത്തകർ തെരുവിലിറങ്ങി. 

പദ്ധതി പിൻവലിക്കാൻ സർക്കാർ കൂട്ടാക്കുന്നില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്ന്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹീമും ജനറൽ സെക്രട്ടറി ഹിമാഘ്‌നരാജ്‌ ഭട്ടാചാര്യയും അറിയിച്ചു. പദ്ധതി പിൻവലിക്കണമെന്നും റിക്രൂട്ട്‌മെന്റിൽ മുൻ മാതൃക പിന്തുടരണമെന്നും എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ വി പി സാനുവും ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസും ആവശ്യപ്പെട്ടു.

ദേശീയ താൽപ്പര്യത്തിന്‌ എതിര്‌
പെൻഷൻ വ്യവസ്ഥപോലുമില്ലാതെ കരാർ  സൈനിക നിയമനം നടത്താനുള്ള നീക്കത്തിൽ നടുക്കം രേഖപ്പെടുത്തി സിഐടിയു.  ഉദാരവൽക്കരണം സായുധ സേനകളിലും നടപ്പാക്കുന്നത്‌ പ്രത്യാഘാതം സൃഷ്ടിക്കും. മോദി സർക്കാരിന്റെ കപട രാജ്യസ്‌നേഹം വെളിവാക്കുന്ന നടപടിയാണ് ഇത്‌. 

നാലുവർഷത്തിനുശേഷം പിരിച്ചുവിടുന്ന പട്ടാളക്കാരുടെ ഭാവിയും അനിശ്ചിതത്വത്തിലാകും. രാജ്യവ്യാപകമായി യുവാക്കൾ നടത്തുന്ന പ്രക്ഷോഭത്തെ സ്വാഗതം ചെയ്യുന്നുവെന്നും പദ്ധതി പിൻവലിക്കണമെന്നും സിഐടിയു അഖിലേന്ത്യ സെക്രട്ടറി തപൻസെൻ ആവശ്യപ്പെട്ടു.

രാജ്യത്തെ  അനിശ്ചിതത്വത്തിലേക്ക്‌ നയിക്കുന്ന പദ്ധതിയാണിതെന്ന് എഐടിയുസി ചൂണ്ടിക്കാട്ടി. 2024 തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള കുറുക്കുവഴിയാണ് ഇതെന്നും യുവജനങ്ങളെ വഞ്ചിക്കുന്ന പദ്ധതി ഉടൻ പിൻവലിക്കണമെന്നും എഐടിയുസി ദേശീയ സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top