19 September Sunday

ഉദിച്ചുയർന്നു രക്തതാരകം ; ഓർമ പുതുക്കി ജന്മനാട്

വെബ് ഡെസ്‌ക്‌Updated: Saturday Jul 3, 2021


വട്ടവട
എറണാകുളം മഹാരാജാസിന്റെ മണ്ണിൽ എസ്‌ഡിപിഐ തീവ്രവാദികളുടെ കത്തിമുനയിൽ പിടഞ്ഞുവീണ അനശ്വര രക്തസാക്ഷി അഭിമന്യുവിന്റെ ഓർമ പുതുക്കി ജന്മനാടായ വട്ടവട. ഇടുക്കിയിലെ പിന്നാക്ക ഗ്രാമത്തിൽ നിന്നും ഏറെ സ്വപ്‌നവുമായി മഹാരാജാസിലെത്തി പാതിവഴിയിൽ വീണുപോയ അഭിമന്യവിന്റെ സ്‌മരണകൾ തുളുമ്പുന്ന കൊട്ടക്കമ്പൂരിൽ നിർമിച്ച രക്തസാക്ഷി സ്‌മാരകം സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ നാടിന്‌ സമർപ്പിച്ചു.

അഭിമന്യുവിന്റെ സഹപ്രവർത്തകരുടെയും പാർടി പ്രവർത്തകരുടെ ജ്വലിക്കുന്ന ഓർമകൾ മുദ്രാവാക്യങ്ങളായി ഉയർന്ന അന്തരീക്ഷത്തിലായിരുന്നു സ്‌മാരകം നാടിന്‌ സമർപ്പിച്ചത്‌. അഭിമന്യു കേരളത്തിന്റെ ഹൃദയത്തിൽ കോറിയിട്ട ‘വർഗീയത തുലയട്ടെ’ എന്ന വാക്കുകൾ അവർ വീണ്ടുമുറക്കെ ഏറ്റുചൊല്ലി. നേതാക്കളും പാർടി പ്രവർത്തകരും സ്‌തൂപത്തിൽ പുഷ്‌പാർച്ചന നടത്തി. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി എ വിനീഷ്‌ പതാകയുയർത്തി.

ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ പി രാമരാജ്‌ അധ്യക്ഷനായി. എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു അനുസ്‌മരണപ്രഭാഷണം നടത്തി. അഭിമന്യുവിന്റെ അച്ഛൻ മനോഹരൻ , അമ്മ ഭൂപതി, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി,  ജില്ലാ കമ്മിറ്റിയംഗങ്ങളായ എം ലക്ഷ്‌മണൻ, എസ്‌ രാജേന്ദ്രൻ, മൂന്നാർ ഏരിയാ സെക്രട്ടറി കെ കെ വിജയൻ, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. എ രാജ എംഎൽഎ, എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി എ വിനീഷ്‌, സെക്രട്ടറി കെ എം സച്ചിൻദേവ്‌ എംഎൽഎ, സംസ്ഥാന കമ്മിറ്റിയംഗം കെ വി കൃഷ്‌ണേന്ദു, ജില്ലാ പ്രസിഡന്റ്‌ ടിജു തങ്കച്ചൻ, സെക്രട്ടറി തേജസ്‌ കെ ജോസ്‌ എന്നിവർ സംസാരിച്ചു. സിപിഐ എം മറയൂർ ഏരിയാ സെക്രട്ടറി വി സിജിമോൻ സ്വാഗതവും എസ്‌എഫ്‌ഐ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എം എസ്‌ ശരത്‌ നന്ദിയും പറഞ്ഞു.

അഭിമന്യുവിന്റെ 
സ്വപ്‌നം 
സാക്ഷാത്‌കരിക്കാൻ
വട്ടവട ഉൾപ്പെടെയുള്ള പിന്നാക്ക ഗ്രാമങ്ങളിൽ ഉൾപ്പെടെ എല്ലാവർക്കും പഠനസൗകര്യം ലഭ്യമാക്കണമെന്നത് അഭിമന്യുവിന്റെ സ്വപ്‌നങ്ങളിലൊന്നായിരുന്നു. അവന്റെ മൂന്നാം രക്തസാക്ഷി ദിനത്തിൽ ആ സ്വപ്‌നങ്ങളും സാക്ഷാത്‌കരിക്കുകയാണ്‌ അഭിന്യുവിന്റെ പ്രസ്ഥാനം.രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ 10,000 വിദ്യാർഥികൾക്ക് എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ രക്തസാക്ഷി മണ്ഡപം നിർമിച്ച ശിൽപി ആനാട്‌ സുധിർ, വി എസ്‌ പ്രസന്നൻ എന്നിവരെ ആദരിച്ചു.

14 ഏരിയ കമ്മിറ്റികളിൽനിന്നുള്ള അർഹരായ വിദ്യാർഥികൾക്കാണ്‌ പഠനസാമഗ്രികൾ നൽകിയത്‌. ജില്ലാതല വിതരണോദ്ഘാടനം  അഭിമന്യു പഠിച്ച കൊട്ടക്കാമ്പൂരിയിലെ സ്കൂളിലെ വിദ്യാർഥികൾക്ക്‌ നൽകി എസ്എഫ്ഐ അഖിലേന്ത്യാ അധ്യക്ഷൻ വി പി സാനു നിർവഹിച്ചു. രാവിലെ ജില്ലയിലെ യൂണിറ്റ്, ലോക്കൽ കേന്ദ്രങ്ങളിൽ രണ്ടിന് പ്രഭാതഭേരി മുഴക്കി പ്രവർത്തകർ പതാക ഉയർത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top