20 March Wednesday

ഇപ്പോൾ വട്ടവടയുടെ ആകാശത്ത് നക്ഷത്രം

ആർ സാംബൻUpdated: Wednesday Jul 11, 2018

വട്ടവട ഗവ.-- സ്--കൂ-ളിൽ എസ്--എഫ്--ഐ യൂ-ണി-റ്റ്- രൂ-പീ-കരി-ക്കുന്നതിന്റെ തലേന്ന‌് സി-പി-ഐ എം- ഓ-ഫീ-സി-ലി-രു-ന്ന് പതാക ഉണ്ടാക്കുന്ന അഭിമന്യൂ. (ഫയൽ ചിത്രം)


വട്ടവട
മുഷിഞ്ഞ ട്രൗസറും ഷർട്ടുമിട്ട് നിറഞ്ഞ പുഞ്ചിരിയുമായി കുഞ്ഞ് അഭിമന്യു വട്ടവട ഊരിനെ ഉണർത്തിയിരുന്നത് കെ ജി അഴകേശിന്റെ ഓർമയിലുണ്ട്. തന്റെ പിന്നാലെ കുസൃതിയുമായി അന്നവൻ നടന്നു. വളർന്നപ്പോൾ ഒപ്പം കൊടി പിടിച്ചു. മഹാരാജാസിന്റെ ആകാശങ്ങൾ തേടിപ്പോയ അവൻ നാടിന്റെ നക്ഷത്രമായി. അകാലത്തിൽ കൊഴിഞ്ഞിട്ടും അതെല്ലാം അഴകേശിന് മരണമില്ലാത്ത ഓർമകൾ.  

വട്ടവട ഊരിൽ അഴകേശിന്റെ അയൽപക്കമായിരുന്നു അഭിമന്യുവിന്റെ അമ്മവീട്. പള്ളനാട്  എൽപി സ്കൂളിന്റെ ഹോസ്റ്റലിൽ താമസിച്ചിരുന്ന അവൻ അവധിക്ക് നാട്ടിലെത്തുമ്പോൾ അമ്മവീട്ടിലും സന്ദർശകനായി. മുത്തശ്ശി കുമാരത്താളും അമ്മാവന്മാരായ ചന്ദ്രബോസും അൻപഴകനും രഘുപതിയും മാത്രമല്ല അവിടെ ഉണ്ടായിരുന്നത്. അവന്റെ മൂത്ത സഹോദരൻ പരിജിത്തിന്റെ  പഠനവും അവിടെ താമസിച്ചായിരുന്നു.
പുല്ലുമേഞ്ഞ കൂരകളായിരുന്നു അന്ന് വട്ടവട ഊരിൽ. പട്ടിണയും ദാരിദ്ര്യവും അതിന്റെ മുഖമുദ്ര. അവിടത്തെ തെരുവുകളിലെല്ലാം അവൻ ഓടിക്കളിച്ചു. പ്രാദേശിക വോളിബോൾ ടൂർണമെന്റ്നടക്കുമ്പോൾ അവൻ സ്വന്തം നാടായ കൊട്ടക്കാമ്പൂരിനു വേണ്ടി ആർത്തു വിളിച്ചു.

വട്ടവടയിലെ കുര്യാക്കോസ് ഏലിയാസ് സ്കൂളിലും തൃക്കാക്കര സ്കൂളിലും വട്ടവട ഗവ. ഹയർ സെക്കൻഡറി സ്കൂളിലും എറണാകുളം മഹാരാജാസ് കോളേജിലും പഠിക്കുമ്പോഴും നാട്ടിലെ ചങ്ങാത്തങ്ങൾ കൈവിട്ടില്ല. ഒന്നാം ക്ലാസ് മുതൽ ഒപ്പമുണ്ടായിരുന്ന അജി, ഡിവൈഎഫ്ഐ നേതാക്കളായ അഴകേശൻ, രവീന്ദ്രൻ, മൂർത്തി, സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം പി കുമാരസ്വാമി തുടങ്ങിയവരെല്ലാം ചങ്ങാതിമാരായി തുടർന്നു.
ഇടതുപക്ഷ ആഭിമുഖ്യമുള്ള കുടുംബമായിരുന്നു അഭിമന്യുവിന്റേത്. അച്ഛൻ മനോഹരൻ ഇന്നും സിപിഐ എം അംഗം. അദ്ദേഹത്തിന്റെ  സഹോദരങ്ങളും പാർടി പ്രവർത്തകർ. ചെറുപ്പകാലത്ത് അഭിമന്യുവിനെ ഒക്കത്തിരുത്തി കുടുംബം പ്രകടനങ്ങളിൽ അണിനിരക്കുമയിരുന്നു. മഹാരാജാസിലെ പഠനം അഭിമന്യുവിനെ ജ്വലിപ്പിച്ചു. നാട്ടിലെത്തുമ്പോഴെല്ലാം ഊരിലെ ഇരുളകറ്റാനുള്ള ശ്രമങ്ങളായി.  അവന്റെ മുദ്രാവാക്യങ്ങൾ നാട് ശ്രദ്ധിച്ചു. പ്രസംഗങ്ങൾക്ക് ചെവി വട്ടംപിടിച്ചു.

ഇതിനകം എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. അവധിക്കാലത്ത് വട്ടവടയിൽ എത്തിയപ്പോൾ എസ്എഫ്ഐ യൂണിറ്റ് രൂപീകരിക്കാനുള്ള  ശ്രമങ്ങളായി. വട്ടവട ഗവ. സ്കൂളിൽ പഠിക്കുമ്പോൾ നടത്തിയ ശ്രമത്തിന്റെ തുടർച്ചയായിരുന്നു അത്.  മെയ് 14 ന് ഉദ്ഘാടനം നടത്താനും നിശ്ചയിച്ചു. പക്ഷേ, ടൗണിൽ ഉയർത്താനുള്ള ശുഭ്രപതാക കൈവശമില്ല. മൂന്നാർ ഏരിയ കമ്മിറ്റിയുമായി ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. ഒടുവിൽ, തലേന്ന് വൈകിട്ട് കടയിൽ നിന്ന് തൂവെള്ളത്തുണി വാങ്ങി തയ്പിച്ചു. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന മുദ്രാവാക്യം സ്വന്തം കൈപ്പടയിൽ അതിലെഴുതി. ചുവപ്പു നക്ഷത്രം വരച്ചു ചേർത്തു. രണ്ടു മാസത്തിനുള്ളിൽ താനും ഒരു അനശ്വര നക്ഷത്രമാകുമെന്ന് അറിയാതെ.

സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസിലിരുന്ന് പതാകയിൽ അന്നെഴുതുന്നത‌്ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.  നൊമ്പരമുണർത്തുന്ന ആ ചിത്രം  വൈകാതെ സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസിൽ  അനാഛാദനം ചെയ്യാനുള്ള ഒരുക്കത്തിലാണ് സുഹൃത്തുക്കൾ.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top