22 January Saturday

‘ഒറിജിനൽ’ അബീഷ്‌ (മിന്നലല്ല)

ജ്യോതിമോൾ ജോസഫ്‌Updated: Friday Jan 14, 2022

കെഎസ്ആർടിസി ബസ് പല്ലിൽ കെട്ടിവലിയ്‌ക്കുന്ന അബീഷ്‌

കോട്ടയം> മിന്നലടിച്ചാൽ സൂപ്പർമാൻ ആവുമോ? സംശയമുണ്ടാവുമല്ലേ... അപ്പോപിന്നെ ‘മിന്നൽ’ ഏൽക്കാത്ത ‘ഒറിജിനൽ’ തന്നെ ഉണ്ടെന്നറിഞ്ഞാലോ. മിന്നൽമുരളിയിലെ ‘ജയ്‌സനെ’പ്പോലെ മിന്നലേറ്റപ്പോൾ അമാനുഷികനായതല്ലെങ്കിലും സിനിമയെ വെല്ലും പ്രകടനങ്ങളാണ്‌ കോട്ടയം പൂഞ്ഞാർ കൈപ്പള്ളി സ്വദേശി അബീഷ്‌ പി ഡൊമിനിക്കിന്റേത്‌. സാധാരണക്കാരന്‌ അസാധ്യമായ പവർപാക്ക്‌ പ്രകടനങ്ങളാണ്‌ അബീഷിനെ ‘ഒറിജിനൽ’ ആക്കുന്നത്‌.

കറങ്ങുന്ന ഫാൻ പിടിച്ച്‌ നിർത്തിയും ബസ്‌ തടഞ്ഞും അടുക്കിവച്ച ഇഷ്‌ടിക ഉടച്ചുമൊക്കെ സിനിമയിൽ മിന്നൽ മുരളി കൈയടി നേടിയെങ്കിൽ ഇങ്ങനൊരു സിനിമയെപ്പറ്റി പ്രവർത്തകർ ആലോചിച്ച്‌ തുടങ്ങുംമുമ്പ്‌ തന്നെ ഈ ചെറുപ്പക്കാരൻ അതിലുമപ്പുറം ചെയ്‌തു കഴിഞ്ഞിരുന്നു. ഒരുമിനിറ്റിൽ 122 തേങ്ങ അടിച്ചുടച്ച്‌ ഗിന്നസ്‌ റെക്കോഡ്‌ വരെ 2017ൽ ഇദ്ദേഹം സ്വന്തം പേരിലാക്കി.


തേങ്ങ മാത്രമല്ല അബീഷിന്റെ കൈക്കരുത്തിൽ ഹെൽമറ്റും ഇഷ്‌ടികയും ഹോക്കി സ്‌റ്റിക്കുമെല്ലാം പപ്പടംപോലെ പൊടിയും. സിനിമയിൽ കറങ്ങുന്ന ഫാൻ കൈകൊണ്ട്‌ പിടിച്ചുനിർത്തിയെങ്കിൽ സീലിങ്‌ ഫാൻ വിരൽ കൊണ്ട് നിർത്താനും അതിവേഗത്തിൽ കറങ്ങുന്ന പെഡസ്റ്റൽ ഫാനിനെ നാവ് കൊണ്ട് നിർത്താനും ഇദ്ദേഹത്തിനാവും. 10 ടൺ ഭാരമുള്ള കെഎസ്ആർടിസി ബസ് പല്ലിൽ കെട്ടിവലിച്ചത്‌ 50 മീറ്ററാണ്‌. മിനിലോറി(407) ചെവികൊണ്ട് വലിക്കാനുള്ള പരിശ്രമത്തിലാണിപ്പോൾ. ഗിന്നസിനുംപുറമേ അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സ്, ടൈംസ് വേൾഡ് റെക്കോഡ്സ്, ഏഷ്യ, ഇന്ത്യ, ലിംക റെക്കോഡ്സ് എന്നിവയിലും ഇടംനേടി.

കൈ കരിങ്കല്ലിൽ ഇടിച്ച്‌ പരുവപ്പെടുത്തിയായിരുന്നു പരീക്ഷണങ്ങൾ. ചെറുപ്പത്തിൽ ഓടുകളും ഇഷ്ടികകളും തകർത്താണ്‌ ശക്തിപരീക്ഷണത്തിന്‌ തുടക്കമിടുന്നത്‌. കഠിനാധ്വാനത്തിലൂടെയും ചിട്ടയായ ജീവിതശൈലിയിലൂടെയുമാണ്‌ അബീഷിന്റെ നേട്ടങ്ങൾ. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിങ്‌ കോളേജിൽ ഫിസിക്കൽ ട്രെയിനറാണിപ്പോൾ. വർഷങ്ങളായി നിരവധി പ്രകടനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും മിന്നൽ മുരളി റീലിസായതോടെ അബീഷിന്റെ പ്രകടനങ്ങളും വൈറലാവുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top