25 September Monday

മതരഹിതരുടെ ഓസ്‌ട്രേലിയ: 2021 ലെ സെൻസസ് വിവരങ്ങൾ പുറത്ത്

നിഭാഷ്‌ ശ്രീധരൻUpdated: Friday Jul 1, 2022

നിഭാഷ്‌  ശ്രീധരൻ

നിഭാഷ്‌ ശ്രീധരൻ

1966 വരെ ഓസ്‌ട്രേലിയൻ ജനതയുടെ തൊണ്ണൂറു ശതമാനവും ക്രിസ്തുമത വിശ്വാസികൾ ആയിരുന്നു. പിന്നീടിങ്ങോട്ട് 56 വർഷക്കാലത്തെ പടിപടിയായ കുടിയേറ്റവും ഭരണപരമായ ഇടപെടലുകളുമൊക്കെ കൊണ്ട് രാജ്യം വലിയ തോതിലുള്ള സാംസ്കാരികമാറ്റങ്ങൾക്ക് വിധേയമായി.

ഇപ്പോൾ പുറത്തു വന്ന 2021 ലെ സെൻസസ് പ്രകാരം 39 ശതമാനം ജനത തങ്ങൾക്ക് മതമില്ല എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് 2011 ൽ 22 ശതമാനവും 2016 ൽ 30 ശതമാനവും ആയിരുന്നു എന്നോർക്കണം. ജനസമൂഹത്തിന്റെ  ഭൂരിഭാഗവും ക്രിസ്തു മതത്തിൽ ജനിച്ചവർ ആണെങ്കിലും അങ്ങനെ തിരിച്ചറിയപ്പെടാൻ ആഗ്രഹിക്കുന്നവർ 44 ശതമാനം മാത്രം. ചരിത്രത്തിൽ ആദ്യമായാണ് ഇത് അമ്പത് ശതമാനത്തിന് താഴേക്ക് വരുന്നത്.

മുപ്പത്തൊമ്പത് ശതമാനത്തിന് മതമില്ലെന്ന് തുറന്ന് പറയാൻ പ്രതിബന്ധങ്ങളൊന്നുമില്ലാത്ത സാമൂഹ്യസാഹചര്യം ഇവിടെയുണ്ട് എന്ന് മാത്രമാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്. വാസ്തവത്തിൽ മതം പ്രാക്ടീസ് ചെയ്യാതെ ജീവിക്കുന്നവരാണ് മുകളിലെ സ്വമതം രേഖപ്പെടുത്തിയവർ അടക്കം ഓസ്‌ട്രേലിയൻ ജനതയുടെ ഭൂരിഭാഗവും. വിവാഹത്തിനും മരണത്തിനും മാത്രം ദേവാലയങ്ങളിൽ പോകുന്നവർ എന്നത് ഇവിടുത്തെ പഴകിപ്പതിഞ്ഞൊരു തമാശയും അതേസമയം വസ്തുതയുമാണ്.

സാമ്പത്തികനില മെച്ചപ്പെട്ടാലുടൻ മനുഷ്യരെല്ലാം മതരഹിതർ ആയിക്കൊള്ളുമെന്നല്ല ഇതിനർത്ഥം. എന്നാൽ സാമൂഹികസുരക്ഷയും പൊതുവിദ്യാഭ്യാസവും ആരോഗ്യവും കർശനമായ തൊഴിൽനിയമങ്ങളുമൊക്കെ ഉറപ്പുവരുത്തുക വഴി സമൂഹത്തിൽ വലിയൊരു പരിധി വരെയുള്ള സാമ്പത്തികസമത്വം നിലവിൽ വരുമ്പോൾ അത്ഭുതകരമായ മാറ്റങ്ങൾ സാധ്യമാകുന്നു എന്നതാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങളുടെ സാമൂഹികചരിത്രവും പശ്ചാത്തലവുമൊക്കെ ഇത്തരം പരിവർത്തനങ്ങൾക്ക് വലിയ തടസ്സമാണ്. എങ്കിലും തീർത്തും അസാധ്യമൊന്നുമല്ല. പ്രാഥമികമായി, പൂർണ്ണാർത്ഥത്തിൽ മതനിരപേക്ഷവും ഉയർന്ന ശാസ്ത്രബോധവും ഇച്ഛാശക്തിയുള്ള രാഷ്ട്രീയവർഗ്ഗം അവിടങ്ങളിൽ അധികാരത്തിൽ എത്തേണ്ടതുണ്ട് എന്ന് മാത്രം.

സെൻസസിലെ മറ്റു ചില വിവരങ്ങൾ:

മൊത്തം ജനസംഖ്യ: 2.54 കോടി (2016 - 2.34 കോടി )

തദ്ദേശജനത: 3.2% (2016 - 2.8%)

ജനസംഖ്യയുടെ പകുതിയോളം പേർ വിദേശത്തു ജനിച്ചവരും അവരുടെ മക്കളും.

കുടിയേറ്റക്കാരിൽ ഇംഗ്ലണ്ടുകാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ.

ഇന്ത്യക്കാരിൽ യഥാക്രമം പഞ്ചാബിയും ഹിന്ദിയും സംസാരിക്കുന്നവർ.  മലയാളികൾ 78000 പേർ.

ഏറ്റവും കൂടുതൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ട വിട്ടുമാറാത്ത രോഗങ്ങൾ: ആസ്ത്‌മ, മാനസികരോഗം, സന്ധിവാതം, .

15 വയസ്സിന് മുകളിൽ ഉള്ള പങ്കാളികളിൽ വിവാഹം രജിസ്റ്റർ ചെയ്തവർ 46% മാത്രം.
അതിൽ 24000 സ്വവർഗ്ഗ വിവാഹങ്ങൾ. സ്വവർഗ്ഗവിവാഹം നിയമവിധേയമായതിന് ശേഷമുള്ള ആദ്യത്തെ സെൻസസാണ് ഇത്.

വളർച്ചാനിരക്ക് കൂടിയ മതം: ഹിന്ദു (ജനസംഖ്യയുടെ 2.7%. 2016 നേക്കാൾ 55% വളർച്ച. ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റം വൻതോതിൽ കൂടിയതാണ് ഹിന്ദുമത വിശ്വാസികളുടെ എണ്ണം വർധിക്കാനുള്ള കാരണം).
തൊട്ടു പിറകെ ഇസ്ലാം (ജനസംഖ്യയുടെ 3.2%. വളർച്ച 35%).

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top