27 October Tuesday

ഓര്‍ക്കാം ആ ചരിത്ര വഴികള്‍; കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റിട്ട് 63 വര്‍ഷം

വെബ് ഡെസ്‌ക്‌Updated: Sunday Apr 5, 2020

1957 ഏപ്രില്‍ അഞ്ചിന് ഇ എം എസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു

തിരുവനന്തപുരം > പുകള്‍പെറ്റ കേരള മാതൃകയ്ക്ക് അടിത്തറ പാകിയ  ആ ചരിത്രച്ചുവടിന് 63 വയസ്സ്. പാശ്ചാത്യ രാഷ്ട്രങ്ങളുടെ വികസന മാതൃകകളെപ്പോലും അമ്പരപ്പിച്ച ജനക്ഷേമ മുന്നേറ്റങ്ങള്‍ക്ക് തുടക്കംകുറിച്ച് പുതുയുഗപ്പിറവിയായി മാറിയ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റത് 1957 ഏപ്രില്‍ അഞ്ചിന്. ആധുനിക കേരളത്തിന്റെ ശില്‍പ്പി ഇ എം എസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ സര്‍ക്കാരിന് ആറു പതിറ്റാണ്ട് പിന്നിടുമ്പോള്‍ ആ കേരള മാതൃകയുടെ  കരുത്തില്‍ അടിയുറച്ച് ഒരു മഹാമാരിയോടു പൊരുതുകയാണ് നമ്മള്‍.

ജന്മിത്വം കൊടികുത്തി വാണ കെട്ടകാലത്തെ മാറ്റിയെടുക്കുകയും കേരളീയ സമൂഹത്തിന് ദിശാബോധം നല്‍കുകയും ജനാധിപത്യത്തിന്റെ സ്വച്ഛപ്രവാഹത്തിന് വഴിയൊരുക്കുകയും നാടിന്റെ സമഗ്രമായ പുരോഗതിക്ക് വിത്തുപാകുകയും ചെയ്തു ഇ എം എസ് സര്‍ക്കാര്‍. ഭൂപരിഷ്കരണ നിയമവും വിദ്യാഭ്യാസബന്ധ ബില്ലും പാട്ടബാക്കി റദ്ദാക്കലും മാത്രമല്ല, തൊഴില്‍ സുരക്ഷിതത്വം, മിനിമം കൂലി ഏര്‍പ്പെടുത്തല്‍, ആരോഗ്യരക്ഷാ പദ്ധതികള്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ചുരുങ്ങിയ കാലത്തിനകം തുടക്കംകുറിച്ചു.

മതനിരപേക്ഷ സങ്കല്‍പ്പങ്ങള്‍ക്ക് അടിത്തറ പാകിയതിന് ചെറിയ ഉദാഹരണമാണ് മലബാറിലെ മുസ്ളിം പള്ളികള്‍. പള്ളികള്‍ക്ക് അറ്റകുറ്റപ്പണി നടത്താന്‍ പോലും കലക്ടറുടെ മുന്‍കൂര്‍ അനുമതി വേണമായിരുന്നു. വിവേചനപരമായ ആ നടപടി ഇ എം എസ് മന്ത്രിസഭ റദ്ദാക്കി. തൊഴില്‍ തര്‍ക്കങ്ങള്‍ക്കു മുന്നില്‍ നിയമത്തിന്റെ തുല്യത മറികടന്ന് മുതലാളിമാര്‍ക്ക് ഓശാന പാടുന്ന പൊലീസ് നടപടിക്രമങ്ങള്‍ തിരുത്തിയതുള്‍പ്പെടെ അടിസ്ഥാന വര്‍ഗത്തിനു വേണ്ടിയുള്ള എണ്ണമറ്റ നടപടിക്രമങ്ങള്‍.

കുപ്രസിദ്ധ വിമോചനസമരത്തിന്റെ തുടര്‍ച്ചയായി പിരിച്ചുവിട്ടുവെങ്കിലും ആ ജനകീയ സര്‍ക്കാരിന്റെ നേരും നന്മകളും ഇന്നും മലയാളി അനുഭവിക്കുന്നു. കേരളത്തിന്റെ അനന്യമായ സാമൂഹ്യപുരോഗതിയെ അട്ടിമറിക്കാന്‍ പിന്നീട് ഓരോ ഘട്ടത്തിലും വന്ന വലതുപക്ഷ സര്‍ക്കാരുകള്‍ ശ്രമിച്ചെങ്കിലും ഇന്ന് കാണുന്ന കേരളം നിലനില്‍ക്കുന്നത് ആദ്യ മന്ത്രിസഭയുടെ അടിത്തറയില്‍ത്തന്നെ.

ആദ്യ മന്ത്രിസഭയില്‍ പതിനൊന്നു പേരായിരുന്നു.60 കമ്മ്യൂണിസ്റ്റ് എംഎല്‍എ മാരില്‍  നിന്ന് ഇഎംഎസ് ഉള്‍പ്പെടെ എട്ട് പേര്‍ മന്ത്രിമാരായപ്പോള്‍ അഞ്ചുപാര്‍ട്ടിസ്വതന്ത്രരില്‍ നിന്ന് മൂന്ന് പേര്‍ക്ക് മന്ത്രിപദം നല്‍കിവന്നു. മുഖ്യമന്ത്രി ഇഎംഎസിനു പുറമെ സി. അച്യുത മേനോന്‍ (ധനകാര്യം), ടി വി തോമസ് (തൊഴില്‍), കെ സി ജോര്‍ജ്ജ് (വനം, ഭക്ഷ്യം), കെ പി ഗോപാലന്‍ (വ്യവസായം), ടി എ മജീദ് (പൊതുമരാമത്ത്), പി കെ ചാത്തന്‍ മാസ്റ്റര്‍ (തദ്ദേശ സ്വയംഭരണം), പ്രൊഫ. ജോസഫ് മുണ്ടശ്ശേരി (വിദ്യാഭ്യാസം), കെ ആര്‍ ഗൗരിയമ്മ (റവന്യു, എക്‌സൈസ് വകുപ്പ്), വി.ആര്‍. കൃഷ്ണയ്യര്‍ (നിയമം, വൈദ്യുതി), ഡോ. എം ആര്‍. മേനോന്‍ (ആരോഗ്യം) എന്നിവരായിരുന്നു മന്ത്രിമാരായവര്‍.


(വലുതായി കാണാന്‍ ക്ളിക്ക് ചെയ്യുക)

(വലുതായി കാണാന്‍ ക്ളിക്ക് ചെയ്യുക)

 

 

 

 

 

 

 

 

കേരളസംസ്ഥാന രൂപീകരണത്തിനുശേഷം 1957ല്‍ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറുദിവസങ്ങളിലായിട്ടായിരുന്നു വോട്ടെടുപ്പ്.രണ്ടാം ലോക്‌സഭയിലേക്കും ഒന്നിച്ചായിരുന്നു തെരെഞ്ഞെടുപ്പ്.ആ വോട്ടെടുപ്പ് ദിനങ്ങളിലെ ദേശാഭിമാനി ദേശാഭിമാനി പേജുകളിലൂടെ ഒരു യാത്ര...

ഫെബ്രുവരി 28, മാര്‍ച്ച് 2, 5, 7, 9, 11 എന്നിങ്ങനെ ഒന്നിടവിട്ട തീയതികളില്‍ വിവിധ ജില്ലകളിലായി തെരഞ്ഞെടുപ്പ് നടത്തുകയാണ് തെരഞ്ഞെടുപ്പ് കമീഷന്‍ ചെയ്തത്. തെരഞ്ഞെടുപ്പ് 126 സീറ്റുകളിലായാണ് നടന്നത്, ഇതില്‍ പതിനൊന്ന് സീറ്റ് പട്ടികജാതി വിഭാഗത്തിനും ഒരു സീറ്റ് പട്ടികവര്‍ഗ്ഗ വിഭാഗത്തിനുമായി സംവരണം ചെയ്തിരുന്നു. 114 നിയമസഭാ മണ്ഡലങ്ങളിലായി നടന്ന ഈ തെരഞ്ഞെടുപ്പില്‍ പന്ത്രണ്ടിടത്ത് രണ്ട് സാമാജികരെ വീതം തെരഞ്ഞെടുക്കാവുന്ന രീതിയിലായിരുന്നു.

രാഷ്ട്രീയ പാര്‍ടികള്‍ ആദ്യ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നേരത്തെ തുടങ്ങിക്കഴിഞ്ഞിരുന്നു. സഖ്യചര്‍ച്ചകളും സജീവമായിരുന്നു.

തീയതികള്‍ പ്രഖ്യാപിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ച 1957 ജനുവരി 20 ലെ ദേശാഭിമാനിയില്‍ തന്നെ 28 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പേരുകളുണ്ടായിരുന്നു. തിരു–കൊച്ചി മേഖലയിലെ സ്ഥാനാര്‍ഥികളായിരുന്നു അവര്‍. മലബാറിലെ സ്ഥാനാര്‍ഥികളെ അതിനുമുമ്പുതന്നെ പ്രഖ്യാപിച്ചു.

ആര്‍എസ്‌പിയുമായി നടന്ന സഖ്യചര്‍ച്ച പരാജയപ്പെട്ടതിനാലാണ് 28 പേരുടെ പേരുകള്‍ പ്രഖ്യാപിക്കുന്നതെന്ന് വാര്‍ത്തയിലുണ്ട്.

മലബാറിലെ തലശേരി നിയോജകമണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് റാലി നടന്ന വാര്‍ത്തയും അന്നുതന്നെ വായിക്കാം.

തെരഞ്ഞെടുപ്പിനുള്ള കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേരളത്തിലെ ഒരുക്കത്തിന്റെ വിളംബരമായിരുന്നു 1957 ജനുവരി നാലിന്റെ ദേശാഭിമാനി.
'തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നിലപാട്' എന്ന മുഖ്യവാര്‍ത്തയുമായാണ് അന്ന് പത്രം പുറത്തുവന്നത്. ആലുവയില്‍ രണ്ടുനാള്‍ ചേര്‍ന്ന പാര്‍ടി പ്ളീനം അംഗീകരിച്ച പ്രമേയമായിരുന്നു വിഷയം.

'ഒരു ഉറച്ച ഗവണ്‍മെന്റ് രൂപീകരിക്കുന്നതിനുവേണ്ടിയുള്ള ജനങ്ങളുടെ തീവ്രമായ അഭിലാഷത്തെയും സാധ്യതയെയും കണക്കിലെടുത്തുകൊണ്ട് മറ്റ് സഖ്യശക്തികളോടും ജനാധിപത്യവാദികളോടും ചേര്‍ന്നുകൊണ്ട് കേരളത്തില്‍ ഒരു ഉറച്ച ജനാധിപത്യ ഗവണ്‍മെന്റ് രൂപീകരിക്കുകയെന്ന കടമ നിറവേറ്റാന്‍ കമ്യൂണിസ്റ്റ് പാര്‍ടി മുന്നോട്ടുപോകുന്നതാണ്'' – പ്രമേയം പറഞ്ഞു.

പിറ്റേന്നുമുതല്‍ തന്നെ മണ്ഡലംതോറുമുള്ള കമ്യൂണിസ്റ്റ് പാര്‍ടികളുടെ ഒരുക്കവും വിവിധ പാര്‍ടികളുടെ സ്ഥാനാര്‍ഥി പട്ടികയും പത്രം പ്രസിദ്ധീകരിച്ചു തുടങ്ങി. നാട്ടിലാകെ നടക്കുന്ന പൊതുയോഗങ്ങളുടെ വിശദമായ റിപ്പോര്‍ട്ടും വന്നു തുടങ്ങി.

ജനങ്ങള്‍ക്ക് നന്മ ചെയ്യുന്ന ഉറച്ച ഗവണ്‍മെന്റ് വാഗ്ദാനം ചെയ്ത് മുഴപ്പിലങ്ങാട് ഇഎംഎസ് ചെയ്ത പ്രസംഗം ജനുവരി 23ന് രണ്ടാംപേജിലുണ്ട്.

പിഎസ്‌പി സ്ഥാനാര്‍ഥി പട്ടികയെപ്പറ്റി നിലനില്‍ക്കുന്ന തര്‍ക്കങ്ങളും 'കമ്യൂണിസ്റ്റുകാര്‍ മുറിച്ചുകളഞ്ഞ വാലാണ് ആര്‍എസ്‌പി; അതാര്‍ക്കുവേണം' എന്ന പിഎസ്‌പി നേതാവ് പട്ടം താണുപള്ളിയുടെ പ്രതികരണവും അന്ന് ഉള്‍പേജിലുണ്ട്.

സ്ഥാനാര്‍ഥി പട്ടിക ഘട്ടംഘട്ടമായി പ്രസിദ്ധീകരിച്ചു തുടങ്ങിയതും ഈ ദിവസങ്ങളിലാണ്. പിഎസ്‌പിയുടെ പട്ടികയും കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കവും മലബാര്‍ കോണ്‍ഗ്രസില്‍ ആഭ്യന്തരക്കുഴപ്പവും വാര്‍ത്തയായി.

ജനുവരി 28ന്റെ പത്രത്തില്‍ കേരളത്തിനൊരു അഭിവൃദ്ധി പദ്ധതി എന്ന തലക്കെട്ടോടെ പാര്‍ടി അധികാരത്തില്‍ വന്നാല്‍ നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ പത്രം പ്രസിദ്ധപ്പെടുത്തി.

കാര്‍ഷിക പരിഷ്കാരങ്ങള്‍ അടക്കമുള്ളവ വാര്‍ത്തയിലുണ്ട്. കൊയിലാണ്ടി മണ്ഡലത്തിലെ സ്ഥാനാര്‍ഥി കെ പി പത്മനാഭന്റെ പരസ്യവും കാണാം.

പത്രിക സമര്‍പ്പണത്തിന്റെ വിശദാംശങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളിലുണ്ട്.

കമ്യൂണിസ്റ്റ് പാര്‍ടിയുടെ പൂര്‍ണ സ്ഥാനാര്‍ഥി ലിസ്റ്റ് ഫെബ്രുവരി നാലിന് പത്രം പ്രസിദ്ധീകരിച്ചു.

ഗുരുവായൂര്‍ മണ്ഡലത്തിലെ കമ്യൂണിസ്റ്റ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി പി കെ കോരുമാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ കെ ദാമോദരനും ജോസഫ് മുണ്ടശേരി കളമശേരിയിലും ചെയ്ത പ്രസംഗങ്ങളും പത്രത്തിലുണ്ട്.

'കഴിഞ്ഞ ജില്ലാ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടി ജയിക്കില്ലെന്ന് പറഞ്ഞുപരത്തി നോക്കി. പക്ഷേ ജയിച്ചു. അപ്പോള്‍ ഭരിക്കില്ലെന്ന് പറഞ്ഞു. ഭരിക്കുകയും ചെയ്തു.

ഭരണം നന്നാവില്ലെന്നാണപ്പോള്‍ പറഞ്ഞത്. പക്ഷേ നന്നെന്ന് ജനങ്ങളും കോണ്‍ഗ്രസുകാര്‍ തന്നെയും വിധിയെഴുതി. ഈ തെരഞ്ഞെടുപ്പില്‍ പാര്‍ടി ജയിച്ചാല്‍ എന്തെല്ലാം ചെയ്യുമെന്ന് ഞങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. ഒരു പരീക്ഷണമെന്ന നിലയിലെങ്കിലും ഇത്തവണ ഞങ്ങള്‍ക്ക് ഭൂരിപക്ഷം തരുക. ഉറച്ച ഗവണ്‍മെന്റുണ്ടാകുമോ എന്ന് ഞങ്ങള്‍ കാണിച്ചുതരാം – ദാമോദരന്‍ പറഞ്ഞു.

ചില സ്ഥാനാര്‍ഥികളുടെ പരസ്യങ്ങളും പത്രത്തില്‍ ഈ ദിവസങ്ങളില്‍ കാണാം.

ജീല്ലകളില്‍ നിന്നുള്ള തെരെഞ്ഞെടുപ്പ് അവലോകനങ്ങളും ഈ ദിവസങ്ങളില്‍ വന്നുതുടങ്ങി. അന്നു തിരുവനന്തപുരം ലേഖകനായിരുന്ന പവനന്‍ എഴുതിയ അവലോകനം ഇവിടെ വായിക്കാം.

ഒന്നാംകേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആകെയുള്ള 114 നിയോജകമണ്ഡലങ്ങളില്‍ നിന്ന് 126 പേരെയായിരുന്നു തെരഞ്ഞെടുക്കേണ്ടിയിരുന്നത്. ആകെ 75 ലക്ഷം വോട്ടര്‍മാര്‍. ഇന്നത്തെ രണ്ടരക്കോടിയുടെ മൂന്നിലൊന്നില്‍ താഴെ. 104 ഇടത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിച്ചിരുന്നു. ഇതില്‍ പന്ത്രണ്ട് മണ്ഡലങ്ങള്‍ ദ്വയാംഗ മണ്ഡലങ്ങളായിരുന്നു. പതിനാലിടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കുകയാണ് പാര്‍ട്ടി ചെയ്തത്. മുന്‍ തിരുകൊച്ചി പ്രധാനമന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്‍ മത്സരിച്ച ചാലക്കുടി അടക്കം മൂന്ന് മണ്ഡലങ്ങളില്‍ പിഎസ്‌പി സ്ഥാനാര്‍ത്ഥികള്‍ക്ക് പാര്‍ട്ടി പിന്തുണ നല്‍കി. എട്ടിടത്ത് പാര്‍ട്ടിയ്ക്ക് സ്ഥാനാര്‍ഥി ഉണ്ടായിരുന്നില്ല.
 
ജനാധിപത്യ പ്രതിപക്ഷ കക്ഷികളുടെ ഐക്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിടാനായിരുന്നു പാര്‍ട്ടി തീരുമാനം. എന്നാല്‍ അത് വിജയിച്ചില്ല. പാര്‍ട്ടി സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി നല്‍കിയ പ്രസ്താവന 1957 ഫെബ്രുവരി ആറിന്റെ ദേശാഭിമാനിയിലുണ്ട്.
അതില്‍ പറയുന്നു: 
 
'
വലുതായി വായിക്കാന്‍ ക്ലിക്ക് ചെയ്യുക

വലുതായി വായിക്കാന്‍ ക്ലിക്ക് ചെയ്യുക

വലുതായി വായിക്കാന്‍ ക്ലിക്ക് ചെയ്യുക

കമ്യൂണിസ്റ്റ് പാര്‍ട്ടിയും കേരളത്തിലെ ജനലക്ഷങ്ങളും ആശിച്ചപോലെ ജനാധിപത്യ പ്രതിപക്ഷ കക്ഷികളുടെ യോജിപ്പുണ്ടായിട്ടില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി അതിനുവേണ്ടി അങ്ങേയറ്റം പരിശ്രമിച്ചുവെങ്കിലും മുസ്ളീംലീഗും കെപിപിയുമായി കൂട്ടുകെട്ടുണ്ടാക്കാനാണ് പിസ്പി നേതൃത്വം ഒരുമ്പെട്ടത്. ആര്‍എസ്പിയാകട്ടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി യോജിക്കുന്നതിനുള്ള ന്യായമായ എല്ലാ അടിസ്ഥാനങ്ങളേയും തള്ളിക്കളഞ്ഞു സ്വയം മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരിക്കലും ഇഷ്ടപ്പെട്ടതല്ല ഈ സംഭവവികാസം.
എങ്കിലും ഈ പരിതസ്ഥിതിയില്‍പ്പോലും കേരളത്തിലെ ജനാധിപത്യശക്തികളുടെ വിജയത്തില്‍ ഉറച്ച വിശ്വാസത്തോടുകൂടിത്തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടിയും തെരഞ്ഞെടുപ്പിനെ നേരിടുന്നു.''  
 
കമ്യൂണിസ്റ്റ് പാര്‍ട്ടി., കോണ്‍ഗ്രസ്, പി.എസ്.പി, ആര്‍എസ്.പി.
എന്നീ കക്ഷികളായിരുന്നു പ്രധാനമായും മത്സരിച്ചിരുന്നത്. ഓരോ പാര്‍ട്ടിയുടെയും ചിഹ്നമുള്ള പെട്ടികളിലായിരുന്നു വോട്ടിടേണ്ടത്. പോളിങ്ങ് ദിവസങ്ങളില്‍ അതാത് മ്ണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ പേരുകളും ചിഹ്നവും പത്രം ഒന്നാം പേജില്‍ നല്‍കിയിരുന്നു.  ആകെ 550 പേര്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി. ഇതില്‍ 114എണ്ണം തള്ളി. 406പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. 7,514,626 വോട്ടര്‍മാരില്‍ 5,837,577 പേര്‍ വോട്ട് ചെയ്തു(65.49%). 60 സീറ്റുകളില്‍ വിജയിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. മഞ്ചേശ്വരത്ത് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായിരുന്ന എം ഉമേഷ് റാവു എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top