Deshabhimani

കെ എൽ നമ്പർ 1; മികച്ച സംഘാടനം, പരാതി രഹിതം: ആഘോഷങ്ങൾ അവസാനിക്കാതെ തിരുവനന്തപുരം

school kalolsavam
വെബ് ഡെസ്ക്

Published on Jan 08, 2025, 08:12 PM | 2 min read

തിരുവനന്തപുരം: അനന്ദപുരിയെ ആഘോഷലഹരിയിലാക്കിയ കേരള സ്‌കൂൾ കലോത്സവത്തിന്‌ കൊടിയിറങ്ങി. പ്രധാന വേദിയായ സെൻട്രൽ സ്‌റ്റേഡിയത്തിൽ പതാക ഉയർന്നതുമുതൽ നഗരം ആവേശത്തിലായിരുന്നു. വടക്കേയറ്റത്തുനിന്നുമുതൽ ഒഴുകിയെത്തിയ കൗമാരലോകം ഇങ്ങ്‌ തെക്കൊരു പറുദീസ തീർത്തു. അവിടെ ഉദിച്ച താരകങ്ങളുടെ പൊൻപ്രഭയിൽ അനന്തപുരി തിളങ്ങി. 249 ഇനത്തിലായി പതിനായിരത്തിലധികം കുട്ടികൾ മാറ്റുരച്ചു.


25 വേദിയിലായി അരങ്ങേറിയ മത്സരം കാണാനും കുട്ടികൾക്ക്‌ പ്രോത്സാഹനത്തിനുമായി നാടൊന്നാകെയെത്തി. ചരിത്രത്തിൽ ആദ്യമായി കലോത്സവ മത്സര ഇനമായ അഞ്ച്‌ ഗോത്രകലകൾ അറുപത്തിമൂന്നാമത്‌ സ്‌കൂൾ കലോത്സവത്തിന്റെ അടയാളപ്പെടുത്തലായി. നിറഞ്ഞ സദസ്സിലാണ്‌ ഗോത്രകലകൾ നടന്നത്‌. ഉരുളെടുത്ത സ്വപ്നങ്ങൾക്ക്‌ ചിറക്‌ നൽകി സംസ്ഥാന സർക്കാർ വെള്ളാർമല ജിവിഎച്ച്‌എസ്‌എസിലെ വിദ്യാർഥികളെ ചേർത്തുപിടിച്ചു. ഉദ്‌ഘാടന ചടങ്ങിൽ അവർക്ക്‌ നൃത്താവതരണത്തിന്‌ അവസരമൊരുക്കി ഒപ്പമുണ്ടെന്ന സന്ദേശം നൽകി.


പരാതികളോ പരിഭവങ്ങളോ ഇല്ലാതെയാണ്‌ കലാമേള സമാപിക്കുന്നത്‌. കൃത്യമായ ആസൂത്രണങ്ങളും കൂട്ടായ ശ്രമങ്ങളും മേളയെ ‘തിരുവനന്തപുരം മോഡൽ’ എന്ന ടാഗ്‌ ലൈനിലേക്ക്‌ എത്തിച്ചു. വേദികൾക്കപ്പുറം നഗരത്തിന്റെ ഓരോ കോണും ഉത്സവലഹരിയിലായിരുന്നു. ശംഖുംമുഖവും മ്യൂസിയവും കനകക്കുന്നുമെല്ലാം അതിഥികളെ ഇരുകൈയും നീട്ടി വരവേറ്റു.


രാത്രിയിൽ വൈദ്യുത ദീപങ്ങളാൽ അലംകൃതമായ നഗരവീഥികളും പ്രധാന ഇടങ്ങളും സമ്മാനിച്ചത്‌ മനോഹരമായ കാഴ്‌ചകൾ. ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്ത്‌ നിയമസഭാ മന്ദിരവും പാർലമെന്റുമെല്ലാം പലർക്കും ആദ്യ കാഴ്‌ചയായിരുന്നു. പാട്ടും നൃത്തവും അഭിനയവുമെല്ലാം നിറഞ്ഞ വേദികൾക്ക്‌ തിരശ്ശീല വീഴുന്നു. ഇനി അടുത്ത മേളയ്‌ക്കായുള്ള കാത്തിരിപ്പ്‌.


കലോത്സവം കൊടിയിറങ്ങുന്നത് തലസ്ഥാനത്തിന്റെ 'ടച്ച്' എങ്ങും പടർത്തി. പാട്ടിന്റേയും നൃത്തത്തിന്റേയും നാടകത്തിന്റേയും മാത്രമല്ല അനന്തപുരിയുടെ കാഴ്ചകളെ ആവോളം നുകർന്നാണ് കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും മടങ്ങുന്നത്. കനകക്കുന്നും ശംഖുമുഖവും സെക്രട്ടറി യേറ്റുമടക്കം നഗരിയെ ആസ്വദിച്ചത് ആയിരങ്ങൾ. തിരുവനന്തപുരത്തെ കുട്ടിദോശയും രസവടയും പപ്പടവും ചേർത്തുള്ള തട്ട് ഭക്ഷണവും സായന്തനങ്ങളെ രുചിമേളമാക്കി. ഇടവേളകളിൽ ഇരിക്കാൻ മാനവീയം വീഥിയേയും താവളമാക്കി. ‘എന്തരടേ.." ? തള്ളേ..” തുടങ്ങി ക്ലീഷേകൾക്കല്ല ഇക്കുറി പ്രാധാന്യം കിട്ടിയത്. മാറുന്ന മുഖമുള്ള തിരോന്തരമാണ് കണ്ണിൽപ്പെട്ടത്. അതിൽ ഐടി നഗരമായ കഴക്കൂട്ടവും പടുകൂറ്റൻ കപ്പലുകൾ വിശ്രമിക്കുന്ന വിഴിഞ്ഞവുമുണ്ട്.


പ്രധാനവേദിയായിരുന്ന സെൻട്രൽ സ്‌റ്റേഡിയം വൈകുന്നേരങ്ങളിൽ നിറഞ്ഞുതൂകാൻ തുടങ്ങിയെങ്കിൽ നാടകത്തിൻ്റെ പുതുപരീക്ഷണങ്ങൾക്ക് വേദിയായ ടാഗോർ ഹാൾ നിറഞ്ഞ് കവിഞ്ഞു. പതിവിനു വിപരീതമായി ഭക്ഷണശാല സർഗാത്മകമായി വിടർന്നത് ഏവരുടേയും ശ്രദ്ധയാകർഷിച്ചു. ഊണുപന്തിയിൽ നാടൻ പാട്ടുകൾ മുതൽ ഹിറ്റ് ഗാനങ്ങൾ അടക്കം ഇടം പിടിച്ചു. കൗമാരകലയുടെ സർഗോത്സവമായാണ് പൊതുവെ വിശേഷിപ്പിക്കുന്നതെങ്കിലും നാട്ടുകാരും രക്ഷകർത്താക്കളും അധ്യാപകരും കൂടിയതോടെ ഇത് കേരളത്തിന്റെ ഉത്സവമായി മാറി.


സ്കൂൾ കലോത്സവം കഴിഞ്ഞാലും അനന്തപുരി ഉറങ്ങുകയല്ല, നൂറരങ്ങുകളായി ഇവിടെ ഉത്സവാരവങ്ങൾ നിലയ്ക്കാതെ മുഴങ്ങുകയാണ്. നിയ മസഭയിൽ അക്ഷരക്കൂട്ടുകളുടെ വൈവിധ്യങ്ങളുടെ സദ്യ. ഒപ്പം കലാപരിപാടികൾ, ദീപാലങ്കാരം... നിങ്ങൾ എന്തിന് മടങ്ങണം? തിരോന്തോരം കണ്ടും കേട്ടും മതിയാകില്ലല്ലോ...



deshabhimani section

Related News

0 comments
Sort by

Home