ക്ഷേത്രപ്രവേശനവും പിന്തിരിപ്പൻ ശക്തികൾക്കെതിരായ പോരാട്ടവും

Wednesday Nov 14, 2018
ഡോ. കെ എൻ ഗണേശ്‌

1936 നവംബർ 12ന‌് തിരുവിതാംകൂർ ഗവൺമെന്റ‌് നടത്തിയ ക്ഷേത്രപ്രവേശന വിളംബരം കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ സാമൂഹ്യ പരിഷ‌്കരണമുന്നേറ്റത്തിലെ പ്രധാനപ്പെട്ട നാഴികക്കല്ലുകളിലൊന്നാണ‌്. മധ്യകാല ജാതിമതവ്യവസ്ഥയുടെ നെടുംതൂണുകളിൽ ഒന്നാണ‌് ആ വിളംബരത്തിലൂടെ നിലംപതിച്ചത‌്.

ക്ഷേത്രമെന്ന സ്ഥാപനം
മധ്യകാലക്ഷേത്രങ്ങൾ വെറും ആരാധനാലയങ്ങൾ മാത്രമായിരുന്നില്ല, മധ്യകാല സമൂഹവ്യവസ്ഥയെയും മതജാതിഘടനയെയും നിർണയിച്ച ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമായിരുന്നു. മതജാതി വ്യവസ്ഥകളും അവയനുസരിച്ചുള്ള സമൂഹക്രമങ്ങളും ദൈവനിശ്ചയമാണെന്ന‌് സാധാരണ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന ശക്തമായ ഉപാധികളായിരുന്നു. ക്ഷേത്രങ്ങളുടെ പടിപ്പുരയും ചുറ്റമ്പലവുംമുതൽ ശ്രീകോവിൽവരെ വ്യത്യസ‌്തഭാഗങ്ങളിൽ കൊടിമരം, തിടപ്പള്ളി, ബലിക്കൽപ്പുര, വിളക്കുമാടം, മണ്ഡപം തുടങ്ങി എല്ലാ ഭാഗങ്ങളിലേക്കും പ്രവേശനത്തിനുള്ള നിയന്ത്രണങ്ങൾ. സമൂഹത്തിൽ വ്യത്യസ‌്ത ജനവിഭാഗങ്ങൾക്കുള്ള അവകാശങ്ങളുടെ ക്രമീകരണം സമുഹത്തിൽ ജാതീയമായ ഭിന്നതകളുടെ നേർപകർപ്പായിരുന്നു.

കുളിച്ച‌് ശുദ്ധനായ നമ്പൂതിരിക്ക‌് ശ്രീകോവിലിനകത്തു കടക്കാമെങ്കിൽ ഏറ്റവും ഭക്തനായ പുലയർക്ക‌് ക്ഷേത്രത്തിന‌് നിശ്ചിതദൂരം അകലെവരെ മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ. ശൂദ്രർക്ക‌് പടിപ്പുരവരെ വരാമെങ്കിൽ അവർണർക്ക‌് ക്ഷേത്രത്തിനടുത്ത‌് സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചിരുന്നു. കേരള ജനതയിൽ ഭൂരിഭാഗത്തിനും ക്ഷേത്രങ്ങൾ നിഷിദ്ധമായിരുന്നു.

1850കളിലെ ചാന്നാർ കലാപംമുതൽ അവർ അവർണരുടെ മതപരിവർത്തനവും ക്ഷേത്രസന്ദർശനവും ബോധപൂർവം മുടക്കി. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യം നിരവധി നായരീഴവ ലഹളകൾ നടന്നു. സവർണർ ദളിതരടക്കമുള്ള എല്ലാ അവർണ വിഭാഗങ്ങളുടെ മേലും ആചാരങ്ങളുടെ വലക്കെട്ടുകൾ അടിച്ചേൽപിച്ചു. അതിനെ ലംഘിക്കാൻ അയ്യൻകാളി വില്ലുവണ്ടി സമരം നടത്തി.

ക്ഷേത്രപ്രവേശനത്തിന‌് സമ്മർദമുയരുന്നു
ബ്രിട്ടീഷ‌് കൊളോണിയൽ കാലഘട്ടത്തിൽ സാമ്പത്തികവും സാമൂഹ്യവുമായ മാറ്റമുണ്ടായ ജനതയാണ‌് ക്ഷേത്രപ്രവേശനത്തിനുള്ള സമ്മർദം സൃഷ്ടിച്ചത‌്. ക്രിസ‌്ത്യൻ മിഷണറിമാർ മതപരിവർത്തനം നടത്തിയ അധഃസ്ഥിതർ മറ്റുള്ളവരോടൊപ്പം പള്ളികളിൽ പോയി പ്രാർഥിച്ചത‌് ഇവർക്ക‌് പ്രേരണയായിരുന്നു. സ്വാമിത്തോപ്പിൽ എല്ലാ ജാതിമതങ്ങളെയും പങ്കെടുപ്പിച്ച അയ്യാ വൈകുണ‌്ഠരും ആറാട്ടുപുഴയിൽ സവർണരെ വെല്ലുവിളിച്ച‌് ക്ഷേത്രം പണിത ആറാട്ടുപുഴ വേലായുധപ്പണിക്കരും ഇത്തരത്തിലുള്ള മാറ്റത്തിന‌് തുടക്കം കുറിച്ചു. നെയ്യാറ്റിൻകര ക്ഷേത്രത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ട അരുവിപ്പുറംകാർക്കുവേണ്ടി ശ്രീനാരായണഗുരു മറ്റൊരു ശിവക്ഷേത്രം പണിതു. ഇതേതരത്തിലുള്ള ക്ഷേത്രങ്ങൾക്കുവേണ്ടിയുള്ള അവർണരുടെ ആവശ്യങ്ങൾ കേരളത്തിലുടനീളം നിറവേറ്റിക്കൊടുത്തു. അവയിൽ അവസാനത്തെ പ്രതിഷ‌്ഠകൾ വിഗ്രഹപ്രതിഷ‌്ഠകളുമായിരുന്നില്ല.

ഇത്തരം ക്ഷേത്രനിർമാണം കണ്ട‌് സവർണർ വെറുതെയിരിക്കുകയായിരുന്നില്ല. 1850കളിലെ ചാന്നാർ കലാപംമുതൽ അവർ അവർണരുടെ മതപരിവർത്തനവും ക്ഷേത്രസന്ദർശനവും ബോധപൂർവം മുടക്കി. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യം നിരവധി നായരീഴവ ലഹളകൾ നടന്നു. സവർണർ ദളിതരടക്കമുള്ള എല്ലാ അവർണ വിഭാഗങ്ങളുടെ മേലും ആചാരങ്ങളുടെ വലക്കെട്ടുകൾ അടിച്ചേൽപിച്ചു. അതിനെ ലംഘിക്കാൻ അയ്യൻകാളി വില്ലുവണ്ടി സമരം നടത്തി.

ഇത്തരം സമരങ്ങളാണ‌് അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരായ ബൃഹത‌് സമരങ്ങളിലേക്ക‌് നയിച്ചത‌്. വൈക്കം സത്യഗ്രഹം, തിരുവാർപ്പ‌് സത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം എന്നിവയിൽ തുടങ്ങി പാലിയം സത്യഗ്രഹംവരെ നീണ്ടുനിന്ന സമരപരമ്പര ജാതി നാടുവാഴിത്ത ആചാരമര്യാദകളുടെ നേരെയുള്ള പുതിയ പൊതു ഇടങ്ങൾക്കുവേണ്ടിയുള്ള അന്വേഷണം കൂടിയായിരുന്നു. നാരായണഗുരുവിന്റെ പ്രതിഷ‌്ഠകളിൽ തുടങ്ങിവച്ച അന്വേഷണം അതിന്റെ ഉച്ചത്തിലെത്തുന്നത‌് എ ജി വേലായുധന്റെ രക്തസാക്ഷിത്വത്തിലൂടെയാണ‌്. ക്ഷേത്രങ്ങളെയും സഞ്ചാരത്തെയും അയിത്തത്തെയും സംബന്ധിച്ച വിലക്കുകളെല്ലാം പൊളിച്ചെറിയപ്പെടുന്ന കാലഘട്ടമാണ‌് വളർന്നുവന്നത‌്.

സവർണർ പൊതുവെ പ്രതിരോധത്തിലായ കാലഘട്ടമായിരുന്നു അത‌്. ആചാരമര്യാദകൾ സൃഷ്ടിച്ച വിലക്കുകളെ അവർണർ തുടർച്ചയായി അതിലംഘിച്ചു. ജന്മിത്വത്തിനെതിരായ കുടിയാന്മാരുടെ പ്രക്ഷോഭങ്ങൾ ശക്തിപ്രാപിച്ചു. നാടുവാഴിത്തത്തിനെതിരായ പ്രക്ഷോഭങ്ങളും ശക്തിപ്പെട്ടു. ഇത്തരം ബഹുമുഖസമരങ്ങളുടെ വേലിയേറ്റത്തിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രപ്രവേശനം എന്ന ആവശ്യം അവഗണിക്കാൻ സാധിക്കാതായി. അവർണർ സ്വന്തം ക്ഷേത്രങ്ങൾ പണിത‌് മുന്നോട്ടുവരുന്ന സാഹചര്യങ്ങളിൽ ക്ഷേത്രങ്ങൾ സവർണർക്കുമാത്രമായി തുറന്നുവയ‌്ക്കുക സാധ്യമല്ലായിരുന്നു.

തിരുവിതാംകൂറിലെ ദിവാനായി ചാർജെടുത്ത സർ സി പി രാമസ്വാമി അയ്യർ അത‌് പെട്ടെന്ന‌് തിരിച്ചറിഞ്ഞു. ഒരു പരിധിവരെയെങ്കിലും രാജഭരണത്തിനും ദിവാൻ ഭരണത്തിനുമെതിരായ പ്രക്ഷോഭത്തെ തണുപ്പിക്കാനും ഈ നീക്കം ഉപകരിക്കുമെന്ന‌് അദ്ദേഹം കണക്കുകൂട്ടി. 1963ലെ വിളംബരം ഇതിന്റെ ഫലമായിരുന്നു.

കൊച്ചിയിലെ വൻ പ്രമാണിമാരിലൊരാളായ പാലിയത്തച്ചന്റെ അടുത്തുകൂടി പോകുന്ന തെരുവിൽ സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടിയാണ‌് പാലിയം സത്യഗ്രഹം നടന്നത‌്. കമ്യൂണിസ‌്റ്റ‌് പാർടിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ സവർണ വിഭാഗങ്ങളടക്കം എല്ലാ വിഭാഗങ്ങളും പങ്കെടുത്തു.

ക്ഷേത്രങ്ങൾ തുറന്നപ്പോൾ
1936 ലെ വിളംബരം കേരളത്തിലെ രാഷ്ട്രീയകക്ഷികളും സാംസ‌്കാരികലോകവും സഹർഷം സ്വാഗതംചെയ‌്തു. ക്ഷേത്രപരികർമികൾ ഇതനുസരിച്ച‌് മുന്നോട്ടു നീക്കിയില്ല. അതിന‌് ദീർഘകാലത്തെ സമരം ആവശ്യമായി. 1938ൽ മലബാറിൽ ഒരു ക്ഷേത്രപ്രവേശനവിളംബരം മദ്രാസ‌് ഗവൺമെന്റിന്റെ ഭാഗത്തുനിന്നുണ്ടായി. എന്നാൽ, ക്ഷേത്രങ്ങൾ നിയന്ത്രിച്ചിരുന്ന സാമൂതിരിയടക്കമുള്ള സനാതനികൾ ക്ഷേത്രം തുറന്നുകൊടുക്കാൻ വിസമ്മതിച്ചു. ക്ഷേത്രപ്രവേശനത്തിനെതിരെ അഭിപ്രായം സ്വരൂപിക്കാൻ ക്ഷേത്രസംരക്ഷണസമിതികൾ അവർ രൂപീകരിച്ചു.

ഒമ്പതുവർഷത്തിനുശേഷം 1947 മേയിൽ മദ്രാസ‌് ഗവൺമെന്റ‌് മറ്റൊരു ബിൽ കൊണ്ടുവന്നു. ബില്ലിന്റെ കാര്യം മനസ്സിലാക്കിയ പുരോഗമനശക്തികൾ സംഘടിക്കുകയും ക്ഷേത്രപ്രവേശനം ഉത്തരവായി വന്ന 1947 ജൂൺ 2നു തന്നെ ഗുരുവായൂർ ക്ഷേത്ര അങ്കണത്തിൽ ഒരു പൊതുയോഗം ചേർന്നു. കെ കേളപ്പന്റെ നേതൃത്വത്തിൽ അന്നുതന്നെ അവർണ ഗുരുവായൂർ ക്ഷേത്രപ്രവേശനം നടത്തി. 1946ൽ കൊച്ചിയിലും ക്ഷേത്രപ്രവേശനത്തിനുള്ള പ്രക്ഷോഭം ആരംഭിച്ചു. പ്രക്ഷോഭത്തെ മറികടക്കാനായി കൊച്ചിരാജാവ‌് തൃപ്പൂണിത്തുറ ക്ഷേത്രമൊഴികെയുള്ള എല്ലാ ക്ഷേത്രങ്ങളിലും പ്രവേശനം അനുവദിച്ചു. 1948ൽ കൊച്ചിയിലെ എല്ലാ ക്ഷേത്രങ്ങളിലും പ്രവേശനം അനുവദിച്ചുകൊണ്ട‌് കൊച്ചി ഗവൺമെന്റ‌് ഉത്തരവായി.

ക്ഷേത്രത്തിന്റെ അടുത്തുള്ള റോഡുകളിൽപോലും കടക്കാൻ അനുമതിയില്ലാത്ത അയിത്ത വിഭാഗങ്ങൾക്ക‌് ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്ന കാര്യം അപ്പോഴും അചിന്തനീയമായിരുന്നു. കൊച്ചിയിലെ വൻ പ്രമാണിമാരിലൊരാളായ പാലിയത്തച്ചന്റെ അടുത്തുകൂടി പോകുന്ന തെരുവിൽ സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടിയാണ‌് പാലിയം സത്യഗ്രഹം നടന്നത‌്. കമ്യൂണിസ‌്റ്റ‌് പാർടിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ സവർണ വിഭാഗങ്ങളടക്കം എല്ലാ വിഭാഗങ്ങളും പങ്കെടുത്തു. ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിനടുത്തുള്ള ഒട്ടംകുളം തെരുവിൽ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടിയും പ്രക്ഷോഭങ്ങൾ നടന്നു. പിന്നീട‌് മന്ത്രിയായ പി കെ ചാത്തൻമാസ‌്റ്റർ അടക്കം പങ്കെടുത്ത സമരം സാമൂഹ്യ അനാചാരങ്ങൾക്കെതിരായ സമരങ്ങളെ മുന്നോട്ടുകൊണ്ടുപോയി.

ശബരിമല
ഇക്കാലമത്രയും ശ്രദ്ധയാകർഷിക്കാത്ത ക്ഷേത്രമായിരുന്നു ശബരിമല. എല്ലാ വിഭാഗക്കാർക്കും വ്രതമനുഷ‌്ഠിച്ചു തൊഴാവുന്ന ക്ഷേത്രമായതുകൊണ്ട‌് ആചാരബദ്ധത ശബരിമലയുടെ പ്രശ‌്നമായിരുന്നില്ല. 1950ലുണ്ടായ ഒരു തീപിടിത്തത്തിന‌് കാരണക്കാരായി അടുത്തുള്ള ചില ക്രിസ‌്ത്യൻ വിഭാഗക്കാരെ കണ്ടെത്തിയതായിരുന്നു ഒരു പ്രധാന സംഭവം. ശബരിമലയിൽ കൃത്യമായ മാറ്റങ്ങൾ ഉണ്ടാകുന്നത‌് 1983ൽ നിലയ‌്ക്കലിൽ ഒരു കൽക്കുരിശു കണ്ടെടുക്കുകയും തുടർന്നുണ്ടായ തർക്കങ്ങളിൽ ഹിന്ദു–-ക്രിസ‌്ത്യൻ ധ്രുവീകരണം ഉണ്ടാവുകയും ചെയ‌്തതിനുശേഷമാണ‌്.

അതുവരെ എല്ലാ വിഭാഗക്കാരും ആരാധിച്ചിരുന്ന ക്ഷേത്രത്തെ ഹൈന്ദവവൽക്കരിക്കുകയും ബ്രാഹ്മണാചാരങ്ങൾപ്രകാരം നൈഷ‌്ഠിക ബ്രഹ്മചാരിയുടെ ഭാവമുള്ള അയ്യപ്പന്റെ മുമ്പിൽ ആർത്തവദശയിലുള്ള സ‌്ത്രീ പ്രവേശിക്കാൻ പാടില്ല എന്ന വിധി കേരള ഹൈക്കോടതിയിൽനിന്ന‌് ഹിന്ദുത്വവാദികൾ സമ്പാദിക്കുകയും ചെയ‌്തു. 1965ൽ ഹൈന്ദവ ക്ഷേത്രങ്ങളെക്കുറിച്ചുള്ള നിയമത്തിൽ വകുപ്പ‌് 3 ബിയായി ആചാരബദ്ധതയുടെ അടിസ്ഥാനത്തിൽ കടന്നുവന്ന ഈ വകുപ്പ‌് എടുത്തുകളയുകയാണ‌് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന സുപ്രിംകോടതിവിധി ചെയ‌്തത‌്. അതായത‌് കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളായി തുടരുന്ന ആചാരാനുഷ‌്ഠാനങ്ങളുടെ ജനാധിപത്യവിരുദ്ധവും സ‌്ത്രീവിരുദ്ധവുമായ രൂപങ്ങൾക്കെതിരായ ശക്തമായ പ്രഹരമാണ‌് സുപ്രിംകോടതിവിധി നൽകിയത‌്

ക്ഷേത്രങ്ങൾ പൊതുഇടങ്ങൾ
കേരളം കൈവരിച്ച സാഹോദര്യത്തിനും ലിംഗനീതിക്കും തുല്യതയ‌്ക്കും ജനാധിപത്യത്തിനുമനുകൂലമായ നേട്ടങ്ങൾക്കെതിരെ ആചാരബദ്ധതയുടേതായ വെല്ലുവിളി വീണ്ടുമുയർത്തുകയാണ‌് സംഘപരിവാർ ഇപ്പോൾ ചെയ്യുന്നത‌്. കേരളത്തെ രണ്ടു നൂറ്റാണ്ടു പിറകിലോട്ടു കൊണ്ടുപോയി ഫ്യൂഡൽ ജാതീയതയിലേക്ക‌് തിരിച്ചുകൊണ്ടുപോകാനുള്ള കുത്സിതനീക്കമാണിത‌്.

കഴിഞ്ഞ നൂറ്റാണ്ടുകളിൽ ജാതിമതാചാരങ്ങൾക്കെതിരെ പോരാടാൻ നമ്മെ സഹായിച്ച ആത്മധൈര്യവും സംഘശക്തിയും നാം വീണ്ടെടുക്കേണ്ടിയിരിക്കുന്നു. അതിനുതകുന്ന വിധത്തിൽ എല്ലാ ജനാധിപത്യശക്തികളുടെയും വിശാലമായ ഐക്യനിര പടുത്തുയർത്തേണ്ടിയിരിക്കുന്നു. ഫ്യൂഡൽ നാടുവാഴിത്തത്തെ കീഴടക്കിയ പൈതൃകം അവർക്കുണ്ട‌്. അതുകൊണ്ട‌് ഇപ്പോൾ ആഞ്ഞടിക്കാൻ ശ്രമിക്കുന്ന പുനരുത്ഥാനവാദികളെയും അവർക്കു കീഴടക്കാൻ കഴിയും. മറ്റെല്ലാ പൊതു ഇടങ്ങളെയുംപോലെ ജാതിലിംഗഭേദമെന്യേ ആർക്കും പ്രവേശിക്കാമെന്നും പ്രാർഥനയും പൂജകളും നടത്താവുന്ന പൊതുഇടങ്ങളായി ക്ഷേത്രങ്ങൾ സംരക്ഷിക്കപ്പെടണം.

വിശ്വാസികളുടെ ഇടങ്ങളാണ‌് ക്ഷേത്രങ്ങൾ എന്ന വാദം സ്ഥിരമായി ഉയരുന്നുണ്ട‌്. ക്ഷേത്രങ്ങൾ ഭക്തരുടേതാണ‌് എന്ന വാദവും ഉയരുന്നു. വിശ്വാസികളെയും ഭക്തന്മാരെയും പൊതുജനങ്ങളിൽനിന്ന‌് വേർതിരിച്ചെടുക്കാൻ കഴിയുകയില്ല. എല്ലാവർക്കും മതസ്വാതന്ത്ര്യവും ആരാധനാസ്വാതന്ത്ര്യവും അനുവദിക്കുന്ന ആധുനിക ഇന്ത്യൻ സമൂഹത്തിൽ വിശ്വാസി സമൂഹം എന്നത‌് ഇന്ത്യൻ സമൂഹം തന്നെയാണ‌്. ഏതെങ്കിലും മതത്തിൽ വിശ്വസിക്കുന്നവർക്കും ഒന്നിലും വിശ്വസിക്കാത്തവർക്കും ഒന്നിച്ചു ജീവിക്കാനും അവരവരുടെ പ്രവൃത്തികൾ നിർവഹിക്കാനും നാം അനുവദിക്കുന്നുണ്ട‌്. അതു കാത്തുസൂക്ഷിക്കുക ഇന്ത്യൻ ജനാധിപത്യത്തിന്റെ കർത്തവ്യമാണ‌്. ക്ഷേത്രങ്ങൾ കേവലം വിശ്വാസികൾ എന്നു വിളിക്കുന്ന ഒരു കൂട്ടം ആളുകളുടെ ഇടങ്ങളല്ല. ഏതു രീതിയിൽ ജീവിച്ച ആളാണെങ്കിലും ക്ഷേത്രസന്ദർശനത്തിന‌് ആഗ്രഹിക്കുന്ന ഓരോ വ്യക്തിക്കും അവർക്കാവശ്യമായ അവസരവും സൗകര്യങ്ങളും അനുവദിക്കുന്ന ഇടങ്ങളാണ‌്. ആധുനിക ജീവിതത്തിൽ അത്തരം ഇടങ്ങൾക്കാണ‌് ആവശ്യമുള്ളതും. ക്ഷേത്രപ്രവേശനവിളംബരം ഉയർത്തിപ്പിടിച്ചത‌് ഈ ആശയമാണ‌്. അതാണ‌് സംരക്ഷിക്കപ്പെടേണ്ടതും.