ലോകനെറുകയിലെ മതേതര ഭൂമി

Thursday Nov 1, 2018

തിരുവനന്തപുരം > സ്ത്രീപ്രവേശം സംബന്ധിച്ച വിവാദം ചൂടുപിടിച്ച് നില്‍ക്കുമ്പോഴും ലോകത്തിന് മുന്നില്‍ മതേതര ഭൂമി എന്ന നിലയ്ക്കാണ് ശബരിമല തലയുയര്‍ത്തി നില്‍ക്കുന്നത്. മത വിശ്വാസികള്‍ക്കും അല്ലാത്തവര്‍ക്കും മറ്റു മതങ്ങളിലുള്ളവര്‍ക്കും തുല്യതയോടെ പ്രവേശനമുള്ള ചുരുക്കം ആരാധനാലയങ്ങളുടെ പട്ടികയിലാണ് ശബരിമല. ലോക പൈതൃക പട്ടികയിലും ശബരിമലയുടെ സ്ഥാനം ഇതാണ് സൂചിപ്പിക്കുന്നത്. നിരവധി വിദേശ രാജ്യങ്ങളില്‍നിന്ന് ഇവിടെ തീര്‍ഥാടകര്‍ എത്തുന്നു.

'പ്രവേശനം ഹിന്ദുമത വിശ്വാസികള്‍ക്കുമാത്രം' എന്ന ബോര്‍ഡ് കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലുമുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ഈ മുന്നറിയിപ്പ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ശബരിമലയില്‍ ഇങ്ങനെയൊരു ബോര്‍ഡ് ഇല്ല. മാത്രമല്ല ശ്രീകോവിലിന് തൊട്ടുമുമ്പായി മുസ്ലിം ആരാധനാ ക്രമമുള്ള വാവര്‍ പീഠവും ശബരിമലയുടെമാത്രം പ്രത്യേകതയാണ്. 

ശ്രീകോവിലിന്റെ നെറുകയില്‍ 'അത് (പരമാത്മാവ്) നീയാകുന്നു' എന്ന് അര്‍ഥം  വരുന്ന 'തത്വമസി' എന്ന ഉപനിഷദ് വാക്യം എഴുതിവച്ചിട്ടുണ്ട്. ദൈവം, പ്രധാനമായ ആത്മാവ്, ശ്രേഷ്ഠമായ ചൈതന്യശക്തി, സര്‍വചരാചരങ്ങള്‍ക്കും ജീവനായിരിക്കുന്ന ചൈതന്യം എന്നിവയാണ് തത്വമസിക്ക് നിഘണ്ടുവിലുള്ള വ്യാഖ്യാനം. മലകയറി ക്ലേശിച്ച് എത്തുന്നവരോട് തേടിവന്ന ചൈതന്യം നീ തന്നെയാണെന്ന്  ബോധ്യം പകരുന്നതാണ് ഇത്. ആചാര സംരക്ഷണ കോലാഹലങ്ങള്‍ക്കിടയില്‍ പലരും ഇത് വിസ്മരിക്കുകയാണ്.

മലയാളത്തിന്റെ ഗാനഗന്ധര്‍വന്‍ യേശുദാസ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ശബരിമലയിലെ സന്ദര്‍ശകരാണ്. വിവിധ മതങ്ങളില്‍പ്പെട്ട പ്രശസ്തരടക്കം വന്‍നിര തന്നെ ഇവിടെ പതിവായി എത്താറുണ്ട്. അയ്യപ്പന്റെ ഉറക്കുപാട്ട് എന്നറിയപ്പെടുന്ന 'ഹരിവരാസനം' യേശുദാസിന്റെ സ്വരത്തിലാണ് ഇവിടെ ഇപ്പോഴും കേള്‍ക്കുന്നത്.

മലേഷ്യ, സിംഗപ്പൂര്‍, ഉസ്‌‌ബക്കിസ്ഥാന്‍, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കഴിഞ്ഞ തീര്‍ഥാടന കാലത്ത് ശബരിമലയില്‍ വന്നതായി  ദേവസ്വം ബോര്‍ഡിന്റെ രേഖകളിലുണ്ട്. 1996 ല്‍ ഇ കെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് മലേഷ്യന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ശബരിമല സന്ദര്‍ശിച്ച ഉന്നതതല സംഘം ശബരിമലയുടെ വികസനത്തിന് സഹായം വാഗ്ദാനം ചെയ്‌തിരുന്നു.