ട്രംപിന്റെ നിർദ്ദേശം ഗാസ നിവാസികൾക്ക് ആശങ്ക


കെ എൽ ഗോപി
Published on Jan 27, 2025, 04:58 PM | 1 min read
ഷാർജ: ഗാസക്കാരെ അയൽ രാജ്യങ്ങളിലേക്ക് മാറ്റാനുള്ള യുഎസ് പ്രസിഡൻറ് റൊണാൾഡ് ട്രംപിന്റെ നിർദ്ദേശം ഗാസയിൽ ആശങ്ക ഉണർത്തുന്നു. ഗാസ മുനമ്പിലുള്ള 2.3 ദശലക്ഷം നിവാസികൾക്കിടയിൽ, ഇത് തങ്ങളെ പുറത്താക്കാനുള്ള പദ്ധതിയാണെന്ന ആശങ്കയാണ് ഉണർത്തുന്നത്. അതിശക്തമായ ഇസ്രായേലി ആക്രമണത്തിൽ ഗാസയിലെ നഗരപ്രദേശങ്ങൾ പൂർണ്ണമായും തകർന്നിരിക്കുകയാണ്. അഭയം പ്രാപിക്കാൻ ഒരു ഇടവും ബാക്കിയില്ലാത്ത വിധം വിനാശകരമായ ആക്രമണമാണ് അവിടെ നടന്നത്. 2023 ൽ ആരംഭിച്ച ഇസ്രയേൽ സൈനിക നടപടിയിൽ ഗാസയിലെ ഭൂരിഭാഗം നിവാസികളും ഒന്നിലധികം തവണ കുടിയിറക്കപ്പെട്ടു. 47,000 ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് പാലസ്തീൻ ഉദ്യോഗസ്ഥർ പറയുന്നത്.
1948 ൽ സംഭവിച്ചതിന്റെ ആവർത്തനമായി ഇത് മാറും എന്നും സ്ഥിരമായ സ്ഥാനഭ്രംശത്തിലേക്ക് നയിക്കും എന്നും അവർ ഭയപ്പെടുന്നു. അതുകൊണ്ടുതന്നെ ഈ നിർദ്ദേശം തടയുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഹമാസും പ്രതിജ്ഞയെടുത്തു. വെസ്റ്റ് ബാങ്കും ഗാസ മുനമ്പും ഉൾപ്പെടുന്ന തങ്ങളുടെ ഭാവി രാഷ്ട്രം സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന രാജ്യങ്ങളിൽ നിന്ന് പലസ്തീനികളെ പുറത്താക്കരുത് എന്ന് ആദ്യ നാളുകൾ മുതൽ അറബ് സർക്കാരുകൾ ആവശ്യപ്പെടുന്ന ഒന്നാണ്.
2023 ഡിസംബർ 31ന് ഇസ്രയേൽ ധനകാര്യ മന്ത്രി ബസാലിൽ സ്ട്രോമിച്ച് പലസ്തീൻ നിവാസികളോട് മുനമ്പുവിട്ടു പോകാൻ ആഹ്വാനം ചെയ്തിരുന്നു. പതിനായിരക്കണക്കിന് പലസ്തീനികൾ ഞായറാഴ്ച തങ്ങളുടെ വീടുകളിലേക്ക് മടങ്ങാൻ ആഗ്രഹിച്ചു റോഡിൽ കാത്തുനിൽക്കുകയായിരുന്നു എങ്കിലും പ്രവേശനത്തിന് ഇസ്രായേൽ വിസമ്മതിച്ചതായുമാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
0 comments