ചെങ്കടല്‍ ആക്രമണം ഇസ്രയേല്‍ കപ്പലുകള്‍ക്കെതിരെ മാത്രം: ഹൂതികള്‍


അനസ് യാസിന്‍
Published on Jan 21, 2025, 06:06 PM | 2 min read
മനാമ: ഗാസ മുനമ്പിലെ വെടിനിര്‍ത്തലിനെത്തുടര്‍ന്ന് ചെങ്കടലിലെ തങ്ങളുടെ ആക്രമണങ്ങള്‍ ഇസ്രായേല്‍ അനുബന്ധ കപ്പലുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് യെമനിലെ ഹൂതി മിലിഷ്യ. വെടിനിര്‍ത്തലിന്റെ എല്ലാ ഘട്ടങ്ങളും പൂര്‍ണ്ണമായി നടപ്പക്കിയാല്‍ ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണവും അവസാനിപ്പിക്കുമെന്ന് ഹൂതികളുടെ ഹ്യൂമാനിറ്റേറിയന്‍ ഓപ്പറേഷന്‍സ് കോര്‍ഡിനേഷന്‍ സെന്റര്‍ പ്രസ്താവിച്ചു. അമേരിക്ക, ബ്രിട്ടന്‍ എന്നിവടങ്ങളിലെ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ള കപ്പലുകള്‍ക്കും അവരുടെ പതാകകള്‍ക്ക് കീഴില്‍ സഞ്ചരിക്കുന്ന കപ്പലുകള്‍ക്കുമെതിരായ സമുദ്ര ഉപരോധം നിര്‍ത്തുമെന്നും സെന്റര്‍ ഷിപ്പിംഗ് കമ്പനികള്‍ക്ക് അയച്ച ഇമെയിലില്‍ പറഞ്ഞു.
ഗാസ വെടിനിര്‍ത്തല്‍ പൂര്‍ണ്ണമായി നടപ്പാക്കിയില്ലെങ്കില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ വിശാലമായ ആക്രമണം പുനരാരംഭിക്കും. അമേരിക്കയോ, ബ്രിട്ടനോ, ഇസ്രയേലോ യെമനെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തിയാല്‍ ഉപരോധം പുനഃസ്ഥാപിക്കുമെന്നും മിലിഷ്യ അറിയിച്ചു. അത്തരം നടപടികള്‍ മുന്‍കൂട്ടി ഷിപ്പിംഗ് കമ്പനികളെ അറിയിക്കും. ഗാസയിലെ ഇസ്രയേല്‍ അധിനിവേശ യുദ്ധത്തെ തുടര്‍ന്ന് 2023 നവംബറിലാണ് ഹൂതി മിലിഷ്യ ചെങ്കടല്‍, ബാബല്‍ മന്ദബ് കടലിടുക്ക്, അറബിക്കടല്‍ എന്നിവങ്ങളില്‍ വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ടത്. ഇസ്രയേല്‍ തുറമുഖങ്ങളിലേക്കുള്ള കപ്പലുകളെയും ഇസ്രയേലിനെ പിന്‍തുണക്കുന്നവരുടെ കപ്പലകളെയും ആക്രമിക്കുമെന്ന് ഹൂതികള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ 13 മാസത്തിനിടെ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ നൂറിലധികം ആക്രമണങ്ങള്‍ നടത്തി. രണ്ട് കപ്പലുകള്‍ മുക്കി. ഒരു ഇസ്രയേല്‍ കപ്പല്‍ പിടിച്ചെടുക്കുകയും ചെയ്തു. ആക്രമണങ്ങളില്‍ നാല് നാവികര്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ വിമാന വാഹിനി ഐസനോവര്‍ ഉള്‍പ്പെടെ അമേരിക്കന്‍ യുദ്ധ കപ്പലുകളും മിസൈലുകളും ഡ്രോണുകളുമായി ഹൂതികള്‍ ആക്രമിച്ചു.
ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് ലോകത്തിലെ പ്രമുഖ ഷിപ്പിംഗ് കമ്പനികളില്‍ പലതും ചെങ്കടല്‍ വഴി യാത്ര താല്‍ക്കാലികമായി നിര്‍ത്തി പകരം ചെലവേറിയ ദക്ഷിണാഫ്രിക്കയെ ചുറ്റുന്ന റൂട്ടിലേക്ക് മാറി. ചെങ്കടലിലൂടെയുള്ള ഗതാഗതം പകുതിയായി കുറഞ്ഞു. സൂയസ് കനാല്‍ ഗതാഗതം കുറഞ്ഞത് ഈജിപ്തിന്റെ വരുമാന നഷ്ടത്തിന് കാരണമായി. ആഗോള സമുദ്ര ചരക്ക് ഗതാഗതത്തില്‍ ഹൂതികളുടെ ആക്രമണം കാര്യമായ സ്വാധീനം ചെലുത്തി. അമേരിക്കയും ബ്രിട്ടനും ഹൂതികള്‍ക്കെ് നേരെ വ്യോമാക്രമണം ആരംഭിച്ചെങ്കിലും മാറ്റമുണ്ടായില്ല. വൈകാതെ ഇസ്രയേലിലേക്ക് ഹൈപ്പര്‍ സോണിക് മിസൈലുകളും ഡ്രോണുകളും അയച്ച് ഹൂതികള്‍ പുതിയ പോര്‍മുഖം തുറന്നിട്ടു. ഇതിനെതിരെ പലതവണ ഇസ്രയേല്‍ യെമനില്‍ ബോംബാക്രമണം നടത്തി. ഞായറാഴ്ചയാണ് ഗാസ വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. ഹമാസ് ഗാസയിലെ മൂന്ന് ഇസ്രായേലി ബന്ദികളെയും ഇസ്രായേല്‍ 90 ഫലസ്തീന്‍ തടവുകാരെ മോചിപ്പിച്ചു. ഹൂതി തീരുമാനം ആഗോള ഷിപ്പിംഗ് കമ്പനികള്‍ക്കിടയില്‍ ആത്മവിശ്വാസം പൂര്‍ണ്ണമായി പുനഃസ്ഥാപിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. കാരണം വെടിനിര്‍ത്തലിന്റെ ദുര്‍ബലതയെക്കുറിച്ചും വീണ്ടും സംഘര്‍ഷം പൊട്ടിപുറപ്പാടാനുള്ള സാധ്യതയെക്കുറിച്ചും ആശങ്കകള്‍ നിലനില്‍ക്കുന്ന പാശ്ചാത്തലത്തിലാണിത്.
0 comments