കുവൈത്തിൽ അപൂർവയിനം ഹിമാലയൻ കഴുകനെ കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തിലെ ആകാശത്ത് അപൂർവയിനം ഹിമാലയൻ കഴുകനെ കണ്ടെത്തി. വംശനാശ ഭീഷണി നേരിടുന്ന ഹിമാലയൻ കഴുകനെ ജഹ്റ നേച്ചർ റിസർവിലാണ് കണ്ടെത്തിയത്. പക്ഷിനിരീക്ഷകൻ ഒമർ അൽ-ഷഹീൻ പകർത്തിയ ചിത്രമാണ് കണ്ടെത്തലിന് അടിസ്ഥാനമായത്.
ഹിമാലയൻ മലനിരകളാണ് ഇവയുടെ സ്വാഭാവിക ആവാസസ്ഥലം. 1500 മീറ്ററിൽനിന്ന് 6000 മീറ്റർവരെ ഉയരമുള്ള പ്രദേശങ്ങളിലാണ് ഇവ സാധാരണ കാണപ്പെടുന്നത്. ശൈത്യകാലത്ത് ചൂടുള്ള പ്രദേശത്തേക്ക് ദേശാടനം നടത്തുന്ന ഇവ, കാലാവസ്ഥാപരമായ വിവിധ സാഹചര്യങ്ങളിൽ കിഴക്കൻ അഫ്ഗാനിസ്ഥാൻമുതൽ ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ചൈന, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രയുടെ ഭാഗമായി അറേബ്യൻ ഉപദ്വീപിലേക്കെത്തിയതാകാം എന്നാണ് സൂചന.
മൃഗങ്ങളുടെയും മറ്റും ശവശരീരങ്ങളാണ് ഇവയുടെ പ്രധാന ഭക്ഷണം. ഇതിനാൽ പരിസ്ഥിതി ശുചീകരണത്തിലും രോഗവ്യാപനം പരിമിതപ്പെടുത്തുന്നതിലും ഹിമാലയൻ കഴുകന്റെ പങ്ക് പ്രധാനമാണ്. എന്നാൽ, വൈദ്യുതാഘാതം, വിഷബാധ, വേട്ട തുടങ്ങിയ ഭീഷണികളാൽ വംശനാശഭീഷണിയുള്ള പക്ഷിയായി അന്താരാഷ്ട്ര പ്രകൃതിപാഠന സംഘടനയായ ഐയുസിഎൻ ഈ കഴുകനെ ‘നിയർ ത്രെറ്റൻഡ്’ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
0 comments