Deshabhimani

പ്ലാറ്റിനം ജൂബിലി ആഘോഷം; ഇന്ത്യൻ സ്‌കൂൾ ആലേഖ്'25 ചിത്രരചനാ മത്സരത്തിന് വിപുല ഒരുക്കം

indian school
വെബ് ഡെസ്ക്

Published on Apr 17, 2025, 07:05 PM | 2 min read

മനാമ: ഇന്റർ-സ്‌കൂൾ പെയിന്റിംഗ് മത്സരമായ ആലേഖ് 25ന് ഇന്ത്യൻ സ്‌കൂൾ ഒരുങ്ങുന്നു. ഒരു വർഷം നീളുന്ന ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിലെ പ്രധാന പരിപാടികളിൽ ഒന്നാണ് ആലേഖ്. ഏപ്രിൽ 24, 25 തീയതികളിൽ നടക്കുന്ന പരിപാടി ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ചിത്രകലാ മത്സരമാകുമെന്ന് സംഘാടകർ അറിയിച്ചു. ഏകദേശം 3,000 വിദ്യാർത്ഥികളുടെ പങ്കെടുക്കും.


5 മുതൽ 18 വയസ് വരെ പ്രായമുള്ള വിദ്യാർത്ഥികളെ ദൃശ്യ, വർണ്ണ, സൃഷ്ടി, പ്രജ്ഞ എന്നിങ്ങനെ നാല് പ്രായ വിഭാഗങ്ങളായി തിരിച്ചാണ് മത്സരം. പങ്കെടുക്കുന്നവർക്ക് ക്രയോണുകൾ, പാസ്റ്റലുകൾ, വാട്ടർ കളറുകൾ, അക്രിലിക്കുകൾ തുടങ്ങിയ പ്രായത്തിന് അനുയോജ്യമായ മാധ്യമങ്ങൾ ഉപയോഗിച്ച് അവരുടെ കലാസൃഷ്ടികൾ തീർക്കാം. ഓരോ സ്‌കൂളിലെയും വിദ്യാർത്ഥികൾക്ക് സൗജന്യ രജിസ്‌ട്രേഷനും തുറന്ന പങ്കാളിത്തവും ആലേഖ് ഉറപ്പുവരുത്തും.


ആലേഖ് '25 പ്ലാറ്റിനം ജൂബിലി പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം 24ന് വ്യാഴാഴ്ച വൈകിട്ട് ആറിന് ജഷൻമാൽ ഓഡിറ്റോറിയത്തിൽ നടക്കും. തുടർന്ന് 8 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി നടക്കുന്ന ശിൽപ നിർമ്മാണശാലക്ക് ശില്പി മൊഹ്‌സിൻ അൽ തൈതൂൺ നേതൃത്വം നൽകും. മൂന്ന് മണിക്കൂർ നീളുന്ന ശില്പശാല ശില്പകലയെ പരിചയപ്പെടുത്തുന്നതാകും. ഇതിനാവശ്യമായ എല്ലാ മെറ്റീരിയലുകളും സ്‌കൂൾ നൽകും.

ഏപ്രിൽ 25 വെള്ളിയാഴ്ച ഇന്റർ-സ്‌കൂൾ പെയിന്റിംഗ് മത്സരം നടക്കും. മത്സരത്തിന് മുമ്പ് പങ്കെടുക്കുന്നവർക്ക് അവരുടെ വിഷയങ്ങൾ വേദിയിൽ ലഭിക്കും. ഡ്രോയിംഗ് പേപ്പർ സ്‌കൂൾ നൽകും. വിദ്യാർഥികൾ സ്വന്തം കലാസാമഗ്രികൾ കൊണ്ടുവരണം.


മുതിർന്ന കലാകാരന്മാർക്ക് തുറന്ന ക്യാൻവാസിൽ അവരുടെ സർഗ്ഗാത്മകത പ്രകടിപ്പിക്കാൻ അവസരം ഒരുക്കുന്ന ആർട്ട് വാൾ 25ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ നടക്കും. പരിപാടിയുടെ രജിസ്‌ട്രേഷൻ രാവിലെ 9:00 ന് ആരംഭിക്കും. 25 വെള്ളിയാഴ്ച രാത്രി 6.30ന് സമാപന ചടങ്ങും സമ്മാന വിതരണവും. സർഗ്ഗാത്മകത, രചന, വിഷയത്തിന്റെ പ്രസക്തി, മൊത്തത്തിലുള്ള അവതരണം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും മത്സരം വിലയിരുത്തപ്പെടുന്നത്. വിവിധ വിഭാഗങ്ങളിലെ വിജയികൾക്ക് കാഷ് പ്രൈസുകൾ, മെഡലുകൾ, ട്രോഫികൾ, സർട്ടിഫിക്കറ്റുകൾ എന്നിവ സമ്മാനിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകും. തിരഞ്ഞെടുത്ത കലാസൃഷ്ടികളും വേദിയിൽ പ്രദർശിപ്പിക്കും.


ആലേഖിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ 18 വെള്ളിയാഴ്ചയ്ക്കകം അവരുടെ സ്‌കൂളുകൾ : https://forms.gle/DZWXXD5GDFySLF5HA എന്ന ഗൂഗിൾ ഫോംവഴി രജിസ്റ്റർ ചെയ്യണം. പങ്കെടുക്കുന്നവർ നിശ്ചിത സമയത്ത് സ്‌കൂൾ യൂണിഫോമും ഐഡിയും സഹിതം ഹാജരാകണം. മത്സര ഹാളിനുള്ളിൽ മൊബൈൽ ഫോൺ അനുവദിക്കില്ല. വിവരങ്ങൾക്കും രജിസ്‌ട്രേഷനും സതീഷ് പോൾ +973 39813905, ലേഖ ശശി +973 39804126, ഫഹീമ ബിൻ റജബ് +973 33799916 എന്നിവയിൽ ബന്ധപ്പെടാം.


1950 ൽ സ്ഥാപിതമായ ഇന്ത്യൻ സ്‌കൂൾ, രാജ്യത്തെ ഏറ്റവും പഴക്കമേറിയതും വലുതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്. വിദ്യാഭ്യാസത്തിനും സമൂഹ വികസനത്തിനുമുള്ള സമർപ്പിത സേവനത്തിന്റെ 75 വർഷത്തെ അടയാളമായാണ് സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നത്. സ്‌കൂളിന്റെ സമ്പന്നമായ ചരിത്രം, നേട്ടങ്ങൾ എന്നിവ എടുത്തുകാണിക്കുന്ന വിവിധ പരിപാടികൾ ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്.v



deshabhimani section

Related News

View More
0 comments
Sort by

Home