പാസ്പോർട്ട് ടു ദി വേൾഡ്: വർണാഭമായി ഇന്ത്യയുടെ സാംസ്കാരിക ഉത്സവം

ദമാം: സൗദി അൽകൊബാറിൽ ജനറൽ എൻ്റർടെയിൻ്റ്മെൻ്റ് അതോറിറ്റി സംഘടിപ്പിച്ച പാസ്പോർട്ട് ടു ദി വേൾഡിൽ വർണാഭമായി ഇന്ത്യയുടെ കലാ സാംസ്കാരിക പരിപാടികൾ. പതിനായിരങ്ങളാണ് ഓരോ ദിവസവും ഇന്ത്യയുടെ സാംസ്കാരിക ഉത്സവത്തിന്റെ ഭാഗമായത്. രാത്രി ഒരുമണി വരെ നീണ്ടുനിന്ന ആഘോഷ പരിപാടി സൗദിയുടെ ചരിത്രത്തിൽ തന്നെ പുതുമയുള്ളതാണ്. സൗജന്യ പ്രവേശനവും അനുവദിച്ചിട്ടുള്ള പരിപാടിക്ക് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്.
സൗദി അൽകൊബാറിൽ ലുലുവിന് സമീപത്തുള്ള അസ്‌കൻ പാർക്കിലായിരുന്നു മേള നടന്നത്. സൗദിയിലെ വിവിധ പ്രവാസി സമൂഹങ്ങൾക്ക് വേണ്ടി അവതരിപ്പിക്കുന്ന ഇവൻറിൽ ഇന്ത്യയുടെ സാംസ്കാരിക തനിമയും കലാപരിപാടികളും, കര കൗശലവസ്തുക്കളും , കലാ രൂപങ്ങളും ഉണ്ടായിരുന്നു.
ബുധനാഴ്ച വൈകീട്ട് കഥകളി, തെയ്യം, കോൽക്കളി എന്നീ കലാരൂപങ്ങൾ ഉൾപെടുത്തിയ സാംസ്കാരിക ഘോഷയാത്രയോടെയായിരുന്നു ഇന്ത്യയുടെ കലാ സാംസ്കാരിക പരിപാടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് കളരി പയറ്റ് പ്രകടനങ്ങളും അരങ്ങേറി. കരകൗശല വസ്തുക്കൾ , ഇന്ത്യൻ വസ്ത്രങ്ങൾ, ഉത്പന്നങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനും സ്റ്റാളുകൾ സജ്ജമായിരുന്നു. ഇന്ത്യൻ ഭക്ഷണ ഇന്ത്യയുടെ രുചി വൈവിധ്യം പ്രകടിപ്പിക്കുന്ന ഭക്ഷ്യ മേളയും സ്റ്റാളുകളും ഒരുക്കിയിരുന്നു. ഏപ്രിൽ 19 ശനിയാഴ്ച വരെ നീണ്ടു നിൽക്കും. ഇന്ത്യയുടെ പരിപാടികൾ ഇന്നലെയാണ് സമാപിച്ചത്
രാജ്യങ്ങളുടെ സാംസ്കാരിക വൈവിധ്യം സമ്പുഷ്ടമാക്കുക, രാജ്യങ്ങളുടെ പൈതൃകവും പാരമ്പര്യവും ഉയർത്തി കാണിക്കുക, വിവിധ സമൂഹങ്ങൾ തമ്മിലുള്ള സാംസ്കാരിക രംഗത്തെ ആശയ വിനിമയം പ്രോത്സാഹിപ്പിക്കുക എന്നതതൊക്കെയാണ് സൗദിയുടെ വിഷൻ 2030 എന്ന പദ്ധതിയുടെ ഭാഗമായ ഈ ഇവൻ്റ് കൊണ്ട് അധികൃതർ ഉദ്ദേശിക്കുന്നത്.
ആദ്യ ദിനം പ്രമുഖ ബോളിവുഡ് പിന്നണി ഗായകരായ ജാവേദ് അലി, പ്രീതി ഭല്ല, പൂജ കണ്ഡെൽവൽ കേരളത്തിൽ നിന്നുള്ള സജീലി സലീം, വർഷാ പ്രസാദ് എന്നിവരും സംഗീത പ്രേമികളുടെ പ്രിയഗാനങ്ങൾ ആലപിച്ച് വേദിയിൽ എത്തി. ഇന്ത്യക്കാർക്ക് പുറമെ ഇതര പ്രവാസി സമൂഹങ്ങളും സ്വദേശികളും പരിപാടിയിൽ നിറ സാന്നിധ്യമായിരുന്നു.
0 comments