സഹായവുമായി കുവൈത്ത്; അബ്‌ദാലി അതിർത്തിയിലൂടെ 30,000 പേർക്ക് പ്രവേശനം

കുവൈത്ത് സിറ്റി: ഇസ്രയേലിന്റെ ഇറാൻ ആക്രമണത്തെ തുടർന്ന് മേഖലയിൽ യാത്രാതടസം നേരിടുന്ന സാഹചര്യത്തിൽ നിരവധി പേർക്ക് സഹായവുമായി കുവൈത്ത്. ഏകദേശം 30,000 പേർ അബ്‌ദലി അതിർത്തി വഴി കുവൈത്തിൽ പ്രവേശിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവരിൽ ജിസിസി രാജ്യങ്ങൾ, മറ്റ് അറബ്, യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലുള്ളവർ ഉൾപ്പെടുന്നു.
മേഖലയിലെ വിമാന മാർഗങ്ങൾ ഭാഗികമായി നിലച്ചതോടെ, വിമാന സർവീസുകൾ അനിശ്ചിതമായി റദ്ദാക്കുകയും നിരവധി യാത്രക്കാർ ഇറാൻ, ഇറാഖ് എന്നീ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുകയുമാണ്. ഈ സാഹചര്യം മനസ്സിലാക്കി, ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് നൽകിയ നിർദേശപ്രകാരം, യാത്രക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ആഭ്യന്തര മന്ത്രാലയം അതിവേഗ പ്രവർത്തനം ആരംഭിച്ചു.
സഹായ പദ്ധതി അനുസരിച്ച്, ഇറാനിലെ ഷാലംചെ തുറമുഖത്തിൽനിന്ന് യാത്രക്കാർക്ക് ഇറാഖിലേക്കുള്ള പ്രവേശനം. ശേഷം സഫ്‌വാൻ, അബ്ദാലി അതിർത്തികളിലൂടെ കുവൈത്തിലേക്കും പിന്നീട് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയോ മറ്റ് കരമാർഗങ്ങളിലൂടെയോ അവരുടെ നാടുകളിലേക്കും എത്തിക്കും. ഇതിനായി അബ്ദാലിയിലും സഫ്‌വാനിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന പ്രത്യേക അതിർത്തി സംവിധാനങ്ങൾ മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. സുരക്ഷയും രേഖാപരിശോധനയും ഉറപ്പാക്കുന്ന രീതിയിൽ, ഓരോ യാത്രക്കാരുടെയും യാത്ര ക്രമീകരിക്കുന്നതിനായി സൈനിക-, സിവിൽ വകുപ്പുകൾ തമ്മിലുള്ള ഏകോപിത പ്രവർത്തനമാണ് നടക്കുന്നത്.
0 comments