കുവൈത്ത് വിമാനത്താവളം ഭിന്നശേഷി സൗഹൃദം

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ ഭിന്നശേഷിയുള്ള യാത്രക്കാർക്കും പ്രായമായവർക്കുമുള്ള സൗകര്യം ഉൾപ്പെടുത്തിയാണ് രൂപകൽപ്പന ചെയ്തതെന്ന് സാമൂഹിക, കുടുംബ, ശിശു ക്ഷേമ മന്ത്രി ഡോ. അംതാൽ അൽ-ഹുവൈൽ.
കുവൈത്ത് കോഡ് ഫോർ ആക്സസിബിലിറ്റി ബൈ യൂണിവേഴ്സൽ ഡിസൈൻ മാനദണ്ഡം അടിസ്ഥാനമാക്കിയാണ് പദ്ധതി. ഭിന്നശേഷിക്കാർ, പ്രായമായവർ, ഓട്ടിസം ബാധിച്ച കുട്ടികൾ, അൽഷൈമേഴ്സ് രോഗികൾ, മാനസിക വെല്ലുവിളി നേരിടുന്നവർ തുടങ്ങിയവർക്കായി പ്രത്യേക സൗകര്യങ്ങളും പുതിയ ടെർമിനലിൽ ഉണ്ട്.
സെൻസറി റൂമുകൾ, സൗകര്യപ്രദമായ പ്രവേശനകവാടങ്ങൾ, കാണാനോ കേൾക്കാനോ ബുദ്ധിമുട്ടുള്ളവർക്കുള്ള സഹായ സംവിധാനങ്ങൾ തുടങ്ങിയവയും ഉൾപ്പെടും. ഓരോ യാത്രക്കാരുടെയും മാനസിക, ശാരീരിക അവസ്ഥ കണക്കിലെടുത്താണ് പുതിയ സൗഹൃദ അന്തരീക്ഷം ഒരുക്കുന്നത്. പദ്ധതി പൊതുമരാമത്ത് മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, വ്യോമയാന ഡയറക്ടറേറ്റ് എന്നീ വകുപ്പുകളുമായുള്ള സഹകരണത്തിലൂടെയാണ് നടപ്പാക്കുന്നത്. എല്ലാ സമൂഹ വിഭാഗങ്ങളുടെയും യാത്രാനുഭവം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
0 comments