കഴിഞ്ഞ വര്‍ഷം കിംഗ് ഫഹദ് കോസ്‌വേ ഉപയോഗിച്ചത് റെക്കോര്‍ഡ് യാത്രക്കാര്‍

King Fahd Causeway
avatar
അനസ് യാസിന്‍

Published on Jan 16, 2025, 04:52 PM | 1 min read

മനാമ: സൗദിയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേ കഴിഞ്ഞ വര്‍ഷം ഉപയോഗപ്പെടുത്തിയത് മൂന്ന് കോടി 30 ലക്ഷത്തിലേറെ യാത്രക്കാര്‍. കോസ്‌വേ സ്ഥാപിതമായ ശേഷം ഒരു വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന എണ്ണമാണിത്. കോസ്‌വേയില്‍ യാത്രയും ചരക്ക് ഗതാഗതവും സുഗമമാക്കുന്നതില്‍ സൗദി, ബഹ്‌റൈന്‍ സര്‍ക്കാരുകളും സ്വകാര്യ മേഖലകളും നടത്തുന്ന ശ്രമങ്ങളെ കിഴക്കന്‍ പ്രവിശ്യാ ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ അഭിനന്ദിച്ചു.


പാലത്തിലെ നടപടിക്രമ മേഖലകള്‍ വിപുലീകരിച്ചതിന്റെ ഫലമായി തിരക്കേറിയ സമയങ്ങളില്‍ പാലത്തിലെ ശരാശരി ക്രോസിംഗ് സമയം 21 മിനിറ്റായി കുറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ അഞ്ചുവരെ മാത്രം 1.3 കോടി വാഹനങ്ങള്‍ പാലത്തിലൂടെ കടന്നുപോയിട്ടുണ്ട്. കോസ്‌വേയില്‍ സ്ഥാപിച്ച ഗേറ്റുകള്‍, ജീവനക്കാരുമായി ഇടപെടാതെ യാന്ത്രികമായി ട്രാന്‍സിറ്റ് നടപടിക്രമങ്ങള്‍ നടത്താന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു.
1986 നവംബര്‍ 26ന് ഉദ്ഘാടനം ചെയ്ത കിംഗ് ഫഹദ് കോസ്‌വേ സൗദിയെയും ബഹ്‌റൈനെയും കരമാര്‍ഗം ബന്ധിപ്പിക്കുന്ന സുപ്രധാന പാതയാണ്. 25 കിലോമീറ്റര്‍ നീളം വരുന്ന ഈ കോസ്‌വേ ഇന്ന് സഞ്ചാരികളുടെ പറുദീസയാണ്.  


സൗദിക്കുപുറമേ മറ്റു ജിസിസി രാജ്യങ്ങളിലുള്ളവരും ബഹ്‌റൈന്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുക്കുന്നത് കിംഗ് ഫഹദ് കോസ്‌വേയാണ്. വേനല്‍ അവധിക്കാലത്തും പെരുന്നാള്‍ അവധി ദിവസങ്ങളിലും സാധാരണയായി വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടാറുള്ളത്. സൗദിയില്‍ നിന്നും മറ്റ് അയല്‍ രാജ്യങ്ങളില്‍ നിന്നും അവധി ദിനങ്ങളിലും വന്‍തോതില്‍ സഞ്ചാരികള്‍ കോസ്‌വേ വഴി ബഹ്‌റൈനിലേക്ക് എത്തുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ചരക്ക് നീക്കം നടക്കുന്നതും കോസ്‌വേ വഴിയാണ്.


മൂന്നര പതിറ്റാണ്ട് പിന്നിട്ട ഈ കടല്‍പ്പാലം ചരിത്രത്തിലെ അതിമനോഹര നിര്‍മ്മിതിയുടെയും എന്‍ജിനീയറിംഗ് വൈദഗ്ധ്യത്തിന്റെയും മികച്ച ഉദാഹരണമാണ്. സൗദി കിഴക്കന്‍ പ്രവിശ്യയിലെ കോബാറില്‍ നിന്ന് തുടങ്ങി ബഹ്‌റൈനിലെ അല്‍ ജസ്‌റ വരെ നീളുന്ന ഈ കടല്‍ച്ചിറയില്‍ അഞ്ച് പാലങ്ങള്‍ ഉണ്ട്. ദ്വീപുകളും കുത്രിമ ദ്വീപും ബന്ധിപ്പിക്കുന്ന പാലങ്ങളും ബാക്കി ഭാഗം കോസ്‌വേയും ചേര്‍ന്നതാണ് കിംഗ് ഫഹദ് കോസ്‌വേ. 300 കോടി സൗദി റിയാല്‍ ചെലവിലാണ് നിര്‍മ്മിച്ചത്.



deshabhimani section

Related News

0 comments
Sort by

Home