ഇസ്രയേല്‍ വിമാനതാവളവും അമേരിക്കന്‍ പടക്കപ്പലും ആക്രമിച്ച് ഹൂതികള്‍


അനസ് യാസിന്‍
Published on Mar 24, 2025, 05:24 PM | 1 min read
മനാമ : ഇസ്രയേലിനെതിരെയും അമേരിക്കന്‍ പടക്കപ്പലുകള്‍ക്ക് നേരെയും മിസൈല്‍, ഡ്രോണ്‍ ആക്രമണം തുടര്‍ന്ന് യെമനിലെ ഹൂതി മിലിഷ്യ. അധിനിവേശ ജാഫയിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തെ ലക്ഷ്യമാക്കി ഞായറാഴ്ച ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായി ഹൂതി വക്താവ് യഹിയ സാരി അറിയിച്ചു. ആക്രമണത്തെത്തുടര്‍ന്ന് വിമാനത്താവളത്തിലെ വ്യോമഗതാഗതം അരമണിക്കൂറിലേറെ നിര്‍ത്തിവച്ചു. ഞായറാഴ്ച ചെങ്കടലില്‍ അമേരിക്കയുടെ വിമാനവാഹിനിക്കപ്പലായ ഹാരി എസ് ട്രൂമാനെതിരെ ആക്രമണം നടത്തിയതായും സാരി പറഞ്ഞു.
യെമനില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ ഇസ്രായേല്‍ പ്രദേശത്തേക്ക് കടക്കുന്നതിന് മുമ്പ് തടഞ്ഞതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിലെ സര്‍വീസ് തടസ്സപ്പെട്ടതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തെ തുടര്‍ന്ന് മധ്യ ഇസ്രായേലിലുടനീളം സൈറണുകള്‍ മുഴങ്ങുകയും താമസക്കാര്‍ ഷെല്‍ട്ടറിലേക്ക് മാറുകയും ചെയ്തായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച യെമനില്‍ നിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ സൗദിയില്‍ തകര്‍ന്നുവീണതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാസയില്‍ ഇസ്രായേല്‍ അധിനിവേശാക്രമണം പുനരംഭിച്ച ശേഷം ഇസ്രയേലിലേക്കുള്ള അഞ്ചാമത്തെ ഹൂതി ആക്രമണമാണിത്.
0 comments