ഏകീകൃത ജിസിസി വിസ ഉടൻ

മസ്‌കത്ത് : ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗരാജ്യങ്ങളിലെ യാത്രക്കായുള്ള ഏകീകൃത സന്ദർശക വിസ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി. ജിസിസി ഗ്രാൻഡ് ടൂർസ് എന്ന പേരിലാണ് വിസ അറിയപ്പെടുക. ഒമാൻ, ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെവിടെയും ഒരു വിസയിൽ സന്ദർശനം സാധ്യമാകും. വിസയ്ക്ക് 30 ദിവസത്തെ കാലാവധിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്യൻ രാജ്യങ്ങളിൽ നിലവിലുള്ള ഷെംഗൻ വിസയെ മാതൃകയാക്കിയാണ് ഏകീകൃത ജിസിസി വിസ അവതരിപ്പിക്കുന്നത്. യാത്ര, വിനോദസഞ്ചാരം, ഹോസ്‌പിറ്റാലിറ്റി, വ്യോമയാനം തുടങ്ങിയ മേഖലകളിലേക്ക് ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ ഗൾഫിനെ ലക്ഷ്യമാക്കുമെന്ന് പ്രതീക്ഷ. ഹ്രസ്വകാല താമസക്കാരുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്നും കണക്കു കൂട്ടുന്നു. പ്രാദേശിക സഹകരണം ശക്തിപ്പെടുത്താനും അടിസ്ഥാന യാത്രാസൗകര്യം നവീകരിക്കാനും സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലകമായി വിനോദസഞ്ചാരത്തെ ഉപയോഗപ്പെടുത്താനുമുള്ള ജിസിസി രാജ്യങ്ങളുടെ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് പദ്ധതിയെന്ന് അൽ ബുദൈവി ചൂണ്ടിക്കാട്ടി.
0 comments