ഗാസയിലെ ആശുപത്രി കത്തിച്ചതിനെ അപലപിച്ച് സൗദി അറേബ്യ

റിയാദ് > ഇസ്രായേൽ അധിനിവേശ സേന ഗാസയിലെ ആശുപത്രി കത്തിച്ചതിനെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. വെള്ളിയാഴ്ച വടക്കൻ ഗാസയിലെ കമാൽ അദ്‌വാൻ ആശുപത്രി കത്തിക്കുകയും രോഗികളെയും മെഡിക്കൽ സ്റ്റാഫിനെയും നിർബന്ധിതമായി ഒഴിപ്പിക്കുകയും ചെയ്തതിനെതിരെ സൗദി അറേബ്യ ശക്തമായ അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
അന്താരാഷ്ട്ര മാനുഷിക നിയമത്തിൻ്റെയും, അടിസ്ഥാനപരമായ മാനുഷികവും ധാർമ്മികവുമായ മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണ് ഇതെന്ന് പ്രസ്താവനയിൽ മന്ത്രാലയം പറഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇസ്രയേൽ സേന നടത്തുന്ന ആക്രമണങ്ങളിൽ ഭാഗികമായി തകർത്ത ആശുപത്രി കെട്ടിടത്തിൽ നിന്ന് രോഗികളോടും നൂറുകണക്കിനു അഭയാർഥികളോടും ഒഴിഞ്ഞുപോകാൻ ഉത്തരവിട്ടതിന് ശേഷം വെള്ളിയാഴ്ച ഇസ്രായേൽ സൈനികർ കമൽ അദ്‌വാൻ ആശുപത്രി അടിച്ചു തകർക്കുകയ്യായിരുന്നു. ആശുപത്രിയിലെ സർജറി, ലബോറട്ടറി, സ്റ്റോർ എന്നിവ സൈന്യം അഗ്നിക്കിരയാക്കിയതായി ഗാസ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.
0 comments