ഇത്തിഹാദ് സാറ്റ് വിജയകരമായി വിക്ഷേപിച്ചു

ദുബായ്: ബഹിരാകാശ രംഗത്തെ യുഎഇയുടെ കുതിപ്പിന് കരുത്തു പകർന്ന് ഇത്തിഹാദ് സാറ്റ് വിജയകരമായി വിക്ഷേപിച്ചു. കലിഫോര്‍ണിയയിലെ വാന്‍ഡന്‍ബര്‍ഗ് സ്‌പേസ് ഫോഴ്സ് ബേസില്‍നിന്ന് സ്‌പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് യുഎഇയുടെ പുതിയ ഉപഗ്രഹം ബഹിരാകാശത്തേക്ക് കുതിച്ചത്. വിക്ഷേപണം പകൽ 10.39ന് തീരുമാനിച്ചെങ്കിലും പിന്നീട് 10.43ലേക്ക് മാറ്റി. ഈ വർഷം വിക്ഷേപിക്കുന്ന രാജ്യത്തിന്റെ രണ്ടാമത്തെ കൃത്രിമ ഉപഗ്രഹമാണിത്.
വിക്ഷേപണത്തിനുശേഷം ഉപഗ്രഹം നിയന്ത്രിക്കുന്നത് ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ് ബഹിരാകാശ കേന്ദ്രത്തിലെ മിഷൻ കൺട്രോൾ സെന്ററിൽ നിന്നാണ്. ഉച്ചയ്ക്ക് പന്ത്രണ്ടിനുശേഷം ഭ്രമണപഥത്തിൽനിന്ന് ഇത്തിഹാദ് സാറ്റിന്റെ ആദ്യ സിഗ്നൽ ബഹിരാകാശ കേന്ദ്രത്തിലെത്തി. ഇവിടെനിന്ന് ഉപഗ്രഹത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ബഹിരാകാശത്തുനിന്ന് അയക്കുന്ന വിവരങ്ങൾ വിലയിരുത്തുകയും ചെയ്യും. ഉപഗ്രഹം നല്‍കുന്ന വിവരങ്ങൾ നിർമിത ബുദ്ധിയുടെ സഹായത്തോടെയുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.
മുഹമ്മദ് ബിന്‍ റാഷിദ് ബഹിരാകാശ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത ആദ്യ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ ഉപഗ്രഹമാണിത്. ദക്ഷിണ കൊറിയയുടെ സാട്രെക് ഇനിഷ്യേറ്റീവുമായി സഹകരിച്ചാണ് ഉപഗ്രഹം വികസിപ്പിച്ചത്. മഴയിലും വെയിലിലും മൂടല്‍മഞ്ഞിലും ഭൂമിയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇത്തിഹാദ് സാറ്റിന് കഴിയും. കൂടാതെ, ഏത് കാലാവസ്ഥയിലും പാരിസ്ഥിതിക സാഹചര്യത്തിലും രാത്രി, പകൽ വ്യത്യാസമില്ലാതെ ഉയര്‍ന്ന കൃത്യതയോടെ ഭൗമ നിരീക്ഷണം സാധ്യമാകും.
ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾക്കുള്ള സ്‌പോട്ട് മോഡ്, വലിയ പ്രദേശം ചിത്രീകരിക്കാനുള്ള സ്‌കാൻ മോഡ്, വിപുലീകൃത നിരീക്ഷണത്തിനുള്ള സ്ട്രിപ്പ് മോഡ് എന്നീ മൂന്ന് ചിത്രീകരണ സാധ്യതകൾ ഉപഗ്രഹത്തിലുണ്ട്. എണ്ണ ചോർച്ച കണ്ടെത്തൽ, പ്രകൃതിദുരന്തം കൈകാര്യം ചെയ്യൽ, സമുദ്ര നാവിഗേഷൻ മെച്ചപ്പെടുത്തൽ, സ്‌മാർട്ട് കൃഷി പിന്തുണയ്ക്കൽ, പരിസ്ഥിതി നിരീക്ഷണം തുടങ്ങിയ നിരവധി മേഖലകള്‍ക്ക് ഇത്തിഹാദ് സാറ്റ് സഹായമാകും.
0 comments