കുവൈത്തിൽ ഇ-വിസ സംവിധാനം ആരംഭിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള പ്രവേശന നടപടികൾ ലളിതവും വേഗത്തിലും ആക്കുന്നതിന്റെ ഭാഗമായി കുവൈത്ത് പുതിയ ഇലക്ട്രോണിക് വിസ (ഇ-വിസ) സംവിധാനം ആരംഭിച്ചു. രാജ്യത്തിന്റെ ഡിജിറ്റൽ സേവനങ്ങളുടെയും ആഗോള ബന്ധങ്ങളുടെയും വികസനമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഇ-വിസ വഴി അപേക്ഷകൾ ഇനി പൂർണമായും ഓൺലൈനായി സ്വീകരിക്കും. ഇതുവഴി പേപ്പർവർക്കിനും ദീർഘ കാത്തിരിപ്പുകൾക്കും പരിഹാരമാകും. നിലവിൽ ടൂറിസ്റ്റ്, ഫാമിലി, ബിസിനസ്സ്, ഔദ്യോഗികം എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് വിസ ലഭ്യമാകുന്നത്.
90 ദിവസത്തെ ടൂറിസ്റ്റ് വിസ, കുവൈത്ത് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്ക് അനുവദിക്കപ്പെടും. 30 ദിവസത്തെ കുടുംബ സന്ദർശക വിസ, കുവൈത്തിലെ പ്രവാസി താമസക്കാർക്ക് നാട്ടിലെ കുടുംബത്തെ കൊണ്ടുവരാനായി അപേക്ഷിക്കാം.
വാണിജ്യ വിസയും 30 ദിവസത്തേക്കാണ് സാധുത. കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികൾക്ക് കുവൈത്തിൽ നടക്കുന്ന യോഗങ്ങളിലും ഇവന്റുകളിലും മറ്റും പങ്കെടുക്കാനായാണ് ഇത് അനുവദിക്കുന്നത്.
സര്‍ക്കാര്‍ പരിപാടികളിൽ പങ്കെടുക്കാനായി വിദേശങ്ങളിൽ നിന്നെത്തുന്ന ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ പ്രതിനിധികള്‍ക്കുമാണ് ഔദ്യോഗിക വീസകൾ അനുവദിക്കുന്നത്.
ഇ-വിസ സംവിധാനം കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഡിജിറ്റൽ നവീകരണ പദ്ധതിയുടെ ഭാഗമായാണ് നടപ്പിലാക്കിയത്. കൂടുതൽ സന്ദർശക സൗഹൃദത്വം കൈവരിച്ച് ഗൾഫ് മേഖലയിലെ ആധുനിക സേവന കേന്ദ്രമാകുകയാണ് ലക്ഷ്യം.
ഇതുമായി ബന്ധപ്പെട്ട് ജിസിസി രാജ്യങ്ങളിലുടനീളം ഉപയോഗിക്കാൻ ആകാവുന്ന ഹ്രസ്വകാല വിസയായ ജിസിസി ഗ്രാൻഡ് ടൂർസ് വിസയ്ക്ക് വേണ്ടിയുള്ള കുവൈത്തിന്റെ ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. ഗൾഫ് മേഖലയിലുടനീളം ഒരൊറ്റ വിസയിലൂടെ യാത്ര ചെയ്യാൻ കഴിയുന്ന സംവിധാനം ഉടൻ നടപ്പിലാകുമെന്ന പ്രതീക്ഷയുണ്ട്.
0 comments