തണുത്ത് വിറച്ച് ബഹ്റൈൻ; താപനില 15 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു

bharin
avatar
അനസ് യാസിന്‍

Published on Feb 28, 2025, 06:05 PM | 2 min read

മനാമ: ബഹ്‌റൈനില്‍ എങ്ങും ശക്തമായ തണുപ്പ്. താപനില 15 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് രാജ്യത്ത് തണുപ്പ് കനത്തത്. ഇതോടൊപ്പം ശൈത്യകാറ്റും വീശിയടിച്ചു. ചൊവ്വാഴ്ച മിക്ക പ്രദേശങ്ങളിലും താപനില 12 നും 14 നും ഇടയില്‍ രേഖപ്പെടുത്തി. കാറ്റിന്റെ തണുപ്പ് കാരണം ഇത് 10 ഡിഗ്രിക്കു താഴെയുമായി അനുഭവപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചയോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. മീപകാലത്തൊന്നും കാണാത്ത തരത്തിലുള്ള വലിയ തണുപ്പാണിത്.


ബുധനാഴ്ചയും വ്യാഴാഴ്ചയും താപനില 15 ഡിഗ്രി സെല്‍ഷ്യസാണ്. ഇത് 13 ഡിഗ്രി സെല്‍ഷ്യസായാണ് അനുഭവപ്പെടുന്നത്. കുറഞ്ഞ താപനില 10 ഡിഗ്രിയും കൂടിയ താപനില 16 ഡിഗ്രിയുമാണ്. രാജ്യത്തിന്റെ തെക്കന്‍ പ്രദേശങ്ങളിലാണ് തണുപ്പ് കൂടുതല്‍ അനുഭവപ്പെടുന്നത്. ആകാശം മേഘാവൃതമാണ്. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയുമായി ചെറിയ ചാറ്റല്‍മഴയും തണുപ്പ് വര്‍ധിപ്പിച്ചു. ദിവസം മുഴുവന്‍ തണുപ്പുള്ള കാലാവസ്ഥയാണ്.

ചൊവ്വാഴ്ച കാറ്റിന്റെ വേഗം മണിക്കൂറില്‍ 27 നോട്ടിക്കല്‍ മൈല്‍ വരെ എത്തി. കിംഗ് ഫഹദ് കോസ്‌വേയിലാണ് ഏറ്റവും ശക്തമായ കാറ്റ് രേഖപ്പെടുത്തിയത്. അവിടെ 39 നോട്ടിക്കല്‍ മൈല്‍ രേഖപ്പെടുത്തി. ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 37 നോട്ടിക്കല്‍ മൈലും റാഷിദ് ഇക്വസ്ട്രിയന്‍ ക്ലബ്ബില്‍ 36 നോട്ടിക്കല്‍ മൈലും കാറ്റിന്റെ വേഗം രേഖപ്പെടുത്തി.


തുറസായ സ്ഥലങ്ങളിലും തീരപ്രദേശങ്ങളിലും താമസിക്കുന്നവര്‍ തണുപ്പിനും ശക്തമായ കാറ്റിനും എതിരെ മുന്‍കരുതലുകള്‍ എടുക്കാണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. അയല്‍ രാജ്യമായ സൗദിയുടെ വിവിധ പ്രദേശങ്ങളിലും കുവൈത്തിലും ശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്. പ്രാദേശികമായി 'ബര്‍ദ് അല്‍ അജൂസ്' എന്നറിയപ്പെടുന്ന ഒരു ഇടത്തരം തണുത്ത കാറ്റും വീശിയടിക്കുന്നുണ്ട്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാജ്യത്തിന്റെ വടക്കന്‍, മധ്യ മേഖലകളില്‍ താപനില പൂജ്യത്തിന് താഴെയായതായാണ് റിപ്പോര്‍ട്ടുകള്‍. പലയിടങ്ങളിലും മഞ്ഞുവീഴ്ചയും ഉണ്ടായി.


തണുത്ത കാറ്റ് സൗദിയില്‍ മാത്രല്ല. കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍, യുഎഇ, ഒമാന്റെ ചില ഭാഗങ്ങള്‍, ഇറാഖ്, ജോര്‍ദാന്‍, സിറിയ, ലെബനന്‍ എന്നിവിടങ്ങളിലും തണുപ്പ് വര്‍ധിപ്പിച്ചു. മലയോര പ്രദേശങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചക്കും കാറ്റ് കാരണമായി. ഫെബ്രുവരി 8ന്, തുറൈഫ് ഗവര്‍ണറേറ്റില്‍ ഈ സീസണിലെ രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് രണ്ട് ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. പശ്ചിമേഷ്യയില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ശൈത്യകാലമാണ് അനുഭവപ്പെടുന്നത്.






deshabhimani section

Related News

0 comments
Sort by

Home