ബികെഎസ് ഭവന പദ്ധതി: പ്രതിഭ താക്കോല്‍ ദാനം നാളെ

മനാമ > ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ 'അശരണര്‍ക്കു ഒരു ആശ്രയം എന്ന പദ്ധതിയുടെ ഭാഗമായി ബഹ്‌റൈന്‍ പ്രതിഭ അമ്പലപ്പുഴയില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ വെള്ളിയാഴ്ച കൈമാറും. രാവിലെ പത്തിനാണ് ചടങ്ങ്. ആലപ്പുഴ നാഷണല്‍ ഹൈവേയില്‍ കളര്‍കോട് മാതൃഭൂമി പ്രെസ്സിനു സമീപമാണ് പ്രതിഭ നിര്‍മ്മിച്ച വീട്.
ബഹ്‌റൈന്‍ കേരളീയ സമാജം സന്ദര്‍ശിച്ച പൊതുമരാമത്തു മന്ത്രി ജി സുധാകരന്‍ ഈ ഭവന പദ്ധതിയെ കുറിച്ച് മനസ്സിലാക്കുകയും അര്‍ഹതനായ ഗുണഭോക്താവിനെ തന്റെ നിയോജക മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുത്തു നല്‍കുകയുമായിരുന്നു. തുടര്‍ന്ന് സമാജം ഭവന പദ്ധതിയിലേക്കുള്ള ബഹ്‌റൈന്‍ പ്രതിഭയുടെ സംഭാവന എന്ന നിലയില്‍ വീട് നിര്‍മിച്ചു നല്‍കുകയായിരുന്നു.
പ്രശസത ആർക്കിടെക്‌ട് ശങ്കറിന്റെ നേതൃത്വത്തില്‍ ഉള്ള ഹാബിറ്റാറ്റ് ഗ്രൂപ്പാണ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത്. ബഹ്‌റൈന്‍ പ്രതിഭയുടെ അംഗങ്ങളും അഭ്യുദയ കാംക്ഷികളും ഒരു ദിനാര്‍ മുതല്‍ ഒരു ദിവസത്തെ വേതനം വരെ സംഭാവന ചെയ്തു. കഴിഞ്ഞ ഡിസംബര്‍ 22നു മന്ത്രി ജി സുധാകരന്‍ വീടിനു ശിലയിട്ടു. സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള, മനോജ് കുമാര്‍, പ്രതിഭ നേതാക്കളായ നജീബ് കോട്ടയം, വര്‍ഗീസ് ജോര്‍ജ്, വിപിന്‍ ദേവസ്യ എന്നവരുടെ സാന്നിധ്യത്തിലായിരുന്നു ശിലാസ്ഥാപനം. ജി സുധാകരന്റെ ഭാര്യ ഡോ. ജൂബിലി നവപ്രഭയുടെ പ്രത്യേക മേല്‍നോട്ടത്തിലാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.
ഈ സംരംഭവുമായി സഹകരിച്ച എല്ലാ സുമനസുകള്‍ക്കും ഇങ്ങനെ ഒരു സംരംഭത്തിന് അവസരം ഒരുക്കിയ ബഹ്‌റൈന്‍ കേരളീയ സമാജത്തിനും നന്ദി രേഖപെടുത്തുന്നതായി ബഹ്‌റൈന്‍ പ്രതിഭ പ്രസിഡന്റ് മഹേഷ്, സെക്രെട്ടറി ഷെരിഫ് കോഴിക്കോട്, വൈസ് പ്രസിഡന്റ് പി ശ്രീജിത്ത് എന്നിവര്‍ അറിയിച്ചു . താക്കോല്‍ ദാന ചടങ്ങില്‍ നാട്ടിലുള്ള കേരളീയ സമാജത്തിന്റെയും പ്രതിഭയുടെയും അംഗങ്ങളും അഭ്യുദയ കാംക്ഷികളും ചടങ്ങില്‍ പങ്കെടുക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
0 comments