ഷാർജയിൽ വിദൂര വാഹന പരിശോധനാ സേവനം ആരംഭിച്ചു
കെ എൽ ഗോപി
Published on Jan 10, 2025, 07:38 PM | 1 min read
ഷാർജ: ഷാർജയിൽ വിദൂര വാഹന പരിശോധനാ സേവനം ഷാർജ പോലീസ് ആരംഭിച്ചു. ജനുവരി എട്ടു മുതൽ ഈ സംവിധാനത്തിലൂടെ ഉപഭോക്താക്കൾക്ക് ടെസ്റ്റ് സെന്റർ സന്ദർശിക്കാതെ അവരുടെ വാഹനങ്ങളുടെ പരിശോധന പൂർത്തിയാക്കാൻ സാധിക്കുമെന്ന് ഷാർജ പോലീസിലെ വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്സ് ലൈസൻസിംഗ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കേണൽ ഖാലിദ് മുഹമ്മദ് അൽ കായ് ഡയറക്റ്റ് ലൈൻ പ്രോഗ്രാമിലേക്കുള്ള ഫോൺ കോളിലൂടെ വിശദീകരിച്ചു. എമിറേറ്റിൽ വാഹനം ഓടിക്കുന്നവർക്ക് ആദ്യമായാണ് ഇത്തരമൊരു സേവനം ലഭ്യമാകുന്നത്. റാഫിദ് ആപ്പ് വഴിയുള്ള സ്മാർട്ട് സേവനത്തിലൂടെ വിദൂര സേവനം എങ്ങനെ ഉപയോഗിക്കാമെന്ന് കാണിക്കുന്ന വീഡിയോ, കേണൽ ഖാലിദ് ഷെയർ ചെയ്തു.
ഷാർജ നമ്പർ പ്ലേറ്റുകളുള്ള, സ്വകാര്യ വാഹനങ്ങൾ കൈവശം വയ്ക്കുന്ന വ്യക്തികൾക്കാണ് സേവനം ലഭ്യമാകുന്നത്. അവസാന രജിസ്ട്രേഷനിൽ നിന്ന് 18 മാസത്തിൽ കൂടാത്ത, എട്ടു വർഷത്തിൽ താഴെ മോഡലുള്ള വാഹനങ്ങളാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുക. വാഹനങ്ങളുടെ പരിശോധനാ റിപ്പോർട്ട് 24 മണിക്കൂറിനുള്ളിൽ ഉപഭോക്താക്കൾക്ക് നൽകും. തുടർന്ന് വാഹനങ്ങൾ പുതുക്കാൻ സാധിക്കുകയും ചെയ്യും.
0 comments