നാട് വിട്ടിട്ട് 17 വർഷം, തളർന്ന ശരീരവുമായി അനിവാര്യമായ മടക്കം

keli
റിയാദ് : ജീവിതം മെച്ചപ്പെടുത്താൻ 17 വർഷം മുമ്പ് നാട് വിട്ടു ബിജു ശേഖറിന്റെ ശരീരം ഒരുഭാഗം തളർന്നപ്പോൾ അനിവാര്യമായ മടക്കത്തിന് സാമൂഹ്യ പ്രവർത്തകർ തുണയായി. നിർമാണ തൊഴിലാളിയായ തിരുവനന്തപുരം കോവളം സ്വദേശി ബിജു ശേഖറിനെ ഒരു വശം തളർന്ന നിലയിൽ കണ്ട സുഹൃത്തുക്കൾ സഹായത്തിനായി കേളി കലാസാംസ്കാരിക വേദിയെ സമീപിക്കുകയായിരുന്നു. കേളി ബത്ത ഏരിയാ സെക്രട്ടറി രാമകൃഷ്ണൻ ധനുവച്ചപുരം ജീവവാകാരുണ്യ കമ്മറ്റി അംഗം എബി വർഗീസ് എന്നിവർ റൂമിൽ എത്തിയപ്പോഴാണ് ഇഖാമയോ ഇൻഷൂറൻസോ ഇല്ലെന്ന വിവരങ്ങൾ അറിയുന്നത്. തുടർന്ന് കേളി ജീവകാരുണ്യ കമ്മറ്റിയുടെ സഹായത്തോടെ വിവിധ ആശുപത്രിയിൽ എത്തിച്ചെങ്കിലും രേഖകൾ ഇല്ലാത്തതിനാൽ ചികിത്സ നൽകാൻ ആരും തയ്യാറായില്ല. ഒടുവിൽ ഒരു സ്വകാര്യ ക്ലിനിക്കിന്റെ സഹായത്താൽ താൽക്കാലിക ചികിത്സ ലഭ്യമാക്കുകയും ഇരുന്ന് യാത്ര ചെയ്യാവുന്ന രീതിയിലേക്ക് എത്തിക്കുകയും ചെയ്തു. ചികിത്സ ലഭ്യമാക്കി സംസാരിക്കാൻ തുടങ്ങിയതിൽ പിന്നെയാണ് നാട്ടിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ രേഖകൾ വേണ്ടി കാര്യങ്ങൾ അന്വേഷിക്കുന്നത്. 2007- ൽ റിയാദിൽ എത്തിയതാണ് ബിജു ശേഖർ.
സൗദിയിലെത്തിയ ഇദ്ദേഹം മക്കളുടെ ചിലവിനായി ഇടക്കിടെ പണം നാട്ടിലെത്തിച്ചതായി പറയുന്നു. എന്നാൽ നാട്ടിൽ പോകുകയോ മറ്റ് കാര്യങ്ങൾ അന്വേഷിക്കുകയോ ചെയ്തിരുന്നില്ല എന്നും സമ്മതിക്കുന്നു.
റിയാദിൽ എത്തി സ്പോൺസർക്ക് പാസ്പോർട്ട് കൈമാറി ജോലിയിൽ പ്രവേശിച്ച ബിജു ശേഖരിന് രണ്ടു മാസങ്ങൾക്ക് ശേഷം ഇഖാമ ലഭിച്ചു. ആദ്യ ഇഖമാക്ക് ശേഷം പിന്നീട് സ്‌പോൺസറുമായി ബന്ധപ്പെടുകയോ ഇഖാമ പുതുക്കുകയോ ചെയ്തിട്ടില്ല. ജോലി കഴിഞ്ഞ് സഹപ്രവർത്തകരോട് അധികം കൂട്ടുകൂടാത്തെ സ്വയം ഒതുങ്ങി കൂടുന്ന പ്രകൃതക്കാരനായിരുന്നു. അതിനാൽ തന്നെ നാട്ടിൽ പോകുന്നതിനെ കുറിച്ച് ആരും തന്നെ അന്വേഷിച്ചതുമില്ല. ഒടുവിൽ അസുഖ ബാധിതനായപ്പോഴാണ് നാട്ടിൽ പോകണമെന്ന് ആവശ്യം ഉണ്ടായത്. രണ്ടാം വർഷം തന്നെ സ്പോൺസർ ഹുറൂബ് ആക്കിയിരുന്നു. ഇയാളുടെ അവസ്ഥ വിവരിച്ച് കേളി ഇന്ത്യൻ എംബസിയിൽ പരാതി നൽകുകയും എംബസി കാര്യമായി തന്നെ വിഷയത്തിൽ ഇടപെടുകയും ചെയ്തു. എമർജൻസി പാസ്പോർട്ട് തയ്യാറാക്കി തർഹീലിൽ നിന്നും എംബസി ഉദ്യോഗസ്ഥരായ ഷറഫുദ്ധീൻ, നസീംഖാൻ എന്നിവരുടെ ശ്രമഫലമായി ഒറ്റ ദിവസം കൊണ്ട് എക്സിറ്റ് ലഭിച്ചു. സുഹൃത്തുക്കളുടെ സഹായത്തോടെ അടുത്ത ദിവസത്തെ സൗദി എയർലൈൻസിൽ ടിക്കറ്റെടുത്ത് തരപ്പെടുത്തി. കേളി ജീവകാര്യണ്യ വിഭാഗം വീൽ ചെയറിനുള്ള പേപ്പർ വർക്കുകളും, കൂടെ പോകാനുള്ള ആളെയും തയ്യാറാക്കി നൽകി. ആലപ്പുഴ സ്വദേശി സുധീഷ് കൂടെ അനുഗമിച്ചു. എബി വർഗീസ് ഇദ്ദേഹത്തെ റിയാദ് എയർപോർട്ടിൽ എത്തിച്ചു. കേളി രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി, ജീവകാരുണ്യ കമ്മറ്റി കൺവീനർ നസീർ മുള്ളൂർക്കര, ജോയിൻ്റ് കൺവീനർ നാസർ പൊന്നാനി, ഷാജി കെ കെ എന്നിവരുടെ സമയോചിതമായ ഇടപെടലുകൾ കാരണം നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിക്കാൻ സാധിച്ചു. കൊച്ചി വിമാനത്താവളത്തിൽ എത്തിയ ബിജു ശേഖറിനെ സഹോദരങ്ങൾ സ്വീകരിച്ചു
Related News

0 comments