കുവൈത്തിൽ വിവാഹത്തിന് മുമ്പ് വൈദ്യപരിശോധന നിർബന്ധം: ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

കുവൈത്ത് സിറ്റി: രാജ്യത്ത് നടക്കുന്ന എല്ലാ വിവാഹത്തിനും മുമ്പ് വൈദ്യപരിശോധന നിർബന്ധമാക്കുന്നു. ഏപ്രിൽ 1 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവദി അറിയിച്ചു. ഔദ്യോഗിക ഗസറ്റിൽ പുതിയ ചട്ടങ്ങൾ പ്രസിദ്ധീകരിച്ചതിന് ശേഷം നിയമം പ്രാബല്യത്തിൽ വരും. 2008ലെ നിയമം നമ്പർ 31 പ്രകാരമുള്ള പുതുക്കിയ ചട്ടങ്ങൾ അനുസരിച്ച്, വിവാഹിതരാകുന്ന ഇരുപക്ഷവും വൈദ്യപരിശോധന സർട്ടിഫിക്കറ്റ് കരുതേണ്ടതാണ്. ഈ നിയമം കുവൈത്തുകാർക്കും പ്രവാസികൾക്കും ഒരുപോലെ ബാധകമാണ്.
വധു-വരന്മാരിൽ രണ്ടുപേരും സ്വദേശിയാക്കണമെന്നില്ല ഒരാൾ സ്വദേശിയായാലും രണ്ടുപേരും പ്രവാസികളായാലും നിയമം ബാധകമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. മെഡിക്കൽ പരിശോധനാ നടപടികൾ കൂടുതൽ സുഗമമാക്കുന്നതിന് ഡിജിറ്റൽ ആപ്ലിക്കേഷനുകൾ ഉൾപ്പെടുത്തുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുക, പൊതുജനാരോഗ്യം സംരക്ഷിക്കുക, ജനിതക രോഗങ്ങളുടെയും പകർച്ചവ്യാധികളുടെയും നിരക്ക് കുറയ്ക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് തീരുമാനമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Related News

0 comments