കുവൈത്തിൽ പുതിയ മാധ്യമ നിയന്ത്രണ നിയമം; ഉടൻ പ്രാബല്യത്തിൽ

കുവൈത്ത് സിറ്റി: രാജ്യത്ത് പുതിയ മാധ്യമ നിയന്ത്രണ നിയമം നടപ്പാക്കുന്നതിലേക്ക് ഇൻഫർമേഷൻ മന്ത്രാലയം എത്തിയതായി ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രി അബ്ദുൽറഹ്മാൻ അൽ മുതൈരി അറിയിച്ചു. അറബ് സാംസ്കാരിക, മാധ്യമ തലസ്ഥാനമായി കുവൈത്തിനെ പ്രഖ്യാപിച്ചതിനോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് പുതിയ മാധ്യമ നിയമം സംബന്ധിച്ച വിവരങ്ങൾ മന്ത്രി വിശദമാക്കിയത്.
നിയമപരമായി സ്വയം പ്രതിരോധിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിനൊപ്പം ലംഘനങ്ങൾക്ക് പ്രത്യേക ശിക്ഷകളും പുതിയ നിയമത്തിലുണ്ട്. ഉത്തരവാദിത്ത സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കുന്നതും കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന് മാധ്യമ സ്ഥാപനങ്ങൾക്ക് ആവശ്യമായ ഇടം അനുവദിക്കുന്നതുമാണ് പുതിയ നിയമമെന്നും മന്ത്രി പറഞ്ഞു.
ചെറിയ ലംഘനങ്ങൾക്ക് പിഴ ചുമത്തും. ആരാധനാലയങ്ങളെയും പ്രവാചകനെയും ഭരണ നേതൃത്വത്തെയും അപകീർത്തിപ്പെടുത്തുന്ന ഗുരുതര ലംഘനങ്ങൾക്ക് പിഴയോടൊപ്പം ജയിൽ ശിക്ഷയും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് മന്ത്രി വിശദമാക്കി. രാജ്യത്ത് പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ പ്രഫഷണലിസത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചതിനൊപ്പം 95 ശതമാനം സ്ഥാപനങ്ങളും നിയമ, ധാർമികതയ്ക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം സമൂഹമാധ്യമങ്ങളിലെ വ്യക്തിഗത അക്കൗണ്ടുകളിലും വ്യാജ പ്രൊഫൈലുകളിലുമുള്ള ആശങ്കയും മന്ത്രി പങ്കുവെച്ചു. ചില പ്രവണതകൾ സമൂഹത്തിന് ദോഷകരമായി ബാധിക്കുമെന്നും ഇത്തരം പെരുമാറ്റങ്ങൾക്ക് നടപടികൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ സ്ഥാപനങ്ങളെയും വ്യക്തിഗത സ്വാതന്ത്ര്യത്തെയും സംരക്ഷിക്കുന്നതാണ് നിയമമെന്നും മന്ത്രി പറഞ്ഞു.
നിയമം അവലോകനം ചെയ്യുന്നതിന് മുമ്പ് നടത്തിയ ചർച്ചാ സെഷനിൽ മാധ്യമങ്ങളിൽ നിന്ന് നല്ല പ്രതികരണം ലഭിച്ചിരുന്നു, വലിയ എതിർപ്പുകളൊന്നും ഉയർന്നില്ല. കുവൈത്തിൻ്റെ മാധ്യമ അന്തരീക്ഷം ഊർജസ്വലവും സന്തുലിതവും രാജ്യത്തിൻ്റെ നിയമ ചട്ടക്കൂടുമായി പൊരുത്തപ്പെടുന്നതും ഉറപ്പാക്കാൻ പുതിയ നിയമം സഹായിക്കുമെന്ന് ഇൻഫർമേഷൻ മന്ത്രാലയം പ്രതീക്ഷിക്കുന്നു. കുവൈത്തിലെ മാധ്യമ നിയന്ത്രണത്തിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ഉപകരണമായി ഇത് മാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അൽ മുതൈരി പറഞ്ഞു
Related News

0 comments