ബഹ്‌റൈൻ രാജാവ് ഒമാൻ സന്ദർശിക്കുന്നു

മസ്‌ക്കറ്റ്: ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ്സ അൽ ഖലീഫ ജനുവരി 14 ചൊവ്വാഴ്ച മുതൽ ഒമാൻ സുൽത്താനേറ്റിൽ ഔദ്യോഗിക സന്ദർശനം നടത്തുമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് പ്രസ്താവനയിൽ അറിയിച്ചു. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. ഇരു രാഷ്ട്ര ങ്ങളേയും സംബന്ധിച്ച പൊതു വിഷയങ്ങളോടൊപ്പം 'ജോയന്റ് ഗൾഫ് ആക്ഷൻ' മെച്ചപ്പെടുത്തുന്നതിന് പര്യാപ്തമായ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്യും.
സഹോദര രാഷ്ട്രങ്ങളെന്ന നിലയിൽ ഇരു രാജ്യങ്ങൾക്കും ഹിതകരമായ നിരവധി ഉടമ്പടികളും പങ്കാളിത്ത കരാറുകളും ഒപ്പുവയ്ക്കപ്പെടുമെന്നും, കൂടിക്കാഴ്ചയ്ക്കായി അൽ അലാം കൊട്ടാരം തയ്യാറെടുക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു. ഒമാൻ ബഹ്‌റൈൻ ബന്ധങ്ങൾക്ക് ദശകങ്ങൾ പഴക്കമുണ്ടന്നും, സമുദ്രോൽപ്പന്നങ്ങൾ, സുഗന്ധദ്രവ്യങ്ങൾ തുടങ്ങി വാണിജ്യപ്രാധാന്യമുള്ളതും തന്ത്രപരവുമായ നിരവധി കൊടുക്കൽ വാങ്ങലുകളുടെ ചരിത്രം ഇരു രാജ്യങ്ങൾക്കുമിടയിലുണ്ടെന്നും ഭരണകൂടങ്ങൾ മാത്രമല്ല ജനങ്ങളും ഊഷ്‌മളമായ ഈ ബന്ധങ്ങൾ പങ്കുവയ്ക്കുന്നുണ്ടെന്നും പ്രസ്താവന അടിവരയിടുന്നു. ഒമാൻ സുൽത്താന്റെ 2022 ലെ ബഹ്‌റൈൻ സന്ദർശനത്തിൽ നിരവധി ഉടമ്പടികളിൽ ഒപ്പുവച്ചിരിന്നുവെന്നും, ദേശീയ സ്ഥിതിവിവര ഏജൻസിയുടെ കണക്കുകൾ പ്രകാരം 2023 ൽ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വാണിജ്യ വിനിമയം 24.71 കോടി ഒമാനി റിയൽ ആയിരുന്നുവെന്നും പ്രസ്താവനയിൽ സൂചിപ്പിക്കുന്നതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Related News

0 comments