കുവൈത്ത് ഗതാഗത നിയമങ്ങളിൽ ഭേദഗതി: നിയമലംഘനങ്ങൾക്ക് ലൈസൻസ് റദ്ദാക്കൽ മുതൽ തടവ് ശിക്ഷ വരെ

കുവൈത്ത് സിറ്റി: കുവൈത്ത് അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള ഗതാഗത നിയമം ഭേദഗതി ചെയ്ത് പുതിയ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ പുതിയ നിയമങ്ങൾ മൂന്ന് മാസത്തിന് ശേഷം പ്രാബല്യത്തിൽ വരും. പുതുക്കിയ ഗതാഗത നിയമങ്ങൾ അനുസരിച്ച്, വാഹന ലൈസൻസുകൾ, അനുവദനീയമായ വാഹനങ്ങളുടെ എണ്ണം, ഗതാഗത ലംഘനങ്ങൾക്കുള്ള പിഴ എന്നിവയിൽ പ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വാഹനത്തിൽ അമിത ശബ്ദം ഉണ്ടാക്കൽ, വാഹനാപകട സ്ഥലത്ത് നിന്ന് രക്ഷപ്പെടൽ, റോഡിൽ വാഹനം ഉപേക്ഷിക്കൽ എന്നിവ കുറ്റകരമായ പ്രവൃത്തികളായി കണക്കാക്കും. ലൈസൻസ് ലഭിച്ച് ആദ്യ വർഷത്തിനുള്ളിൽ രണ്ട് നിയമലംഘനങ്ങൾ നടത്തിയാൽ ലൈസൻസ് താൽക്കാലികമായി റദ്ദാക്കും.
സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ മൂന്ന് മാസം വരെ തടവും 150 മുതൽ 300 ദിനാർ വരെ പിഴയും ചുമത്തും. വാഹനാപകട സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നവർക്ക് മൂന്ന് മാസം തടവും 150 ദിനാർ പിഴയും ലഭിക്കും. അശ്രദ്ധമായോ നിയന്ത്രണാതീതമായോ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയാൽ ഒരു വർഷത്തിൽ കൂടുതൽ തടവും 3,000 ദിനാർ വരെ പിഴയും ചുമത്തും. ബ്രേക്കില്ലാതെ വാഹനം ഓടിക്കുന്നതിന് രണ്ട് മാസം തടവും 200 ദിനാർ വരെ പിഴയും ലഭിക്കും. നടപ്പാതയിൽ വാഹനം ഓടിച്ചാൽ ഒരു മാസം തടവും 100 ദിനാർ വരെ പിഴ ചുമത്തും. ആവശ്യമായ ലൈറ്റുകൾ ഓണാക്കാതെ വാഹനം ഓടിച്ചാല്‍ 45 മുതൽ 75 ദിനാർ വരെ പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു
മദ്യപിച്ചോ ലഹപിമരുന്ന് ഉപയോഗിച്ചോ വാഹനമോടിച്ച് അപകടമുണ്ടാക്കി മരണം സംഭവിച്ചാൽ രണ്ട് മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷയും 2000 മുതൽ 5000 ദിനാർ വരെ പിഴയും ലഭിക്കും. ഇത്തരക്കാർ ഉണ്ടാക്കുന്ന അപകടത്തിന് മൂന്ന് വർഷം വരെ തടവും 2000 മുതൽ 3000 ദിനാർ വരെ പിഴയും ലഭിക്കും. ലഹരി ഉപയോഗിച്ച് വാഹനമോടിച്ചാൽ ഒന്ന് മുതൽ രണ്ട് വർഷം വരെ തടവ് ശിക്ഷയോ 1000 മുതൽ 3000 ദിനാർ വരെ പിഴയോ ലഭിക്കും. പൊലീസ്, ആംബുലൻസുകൾ, ഫയർ ട്രക്കുകൾ, സിവിൽ ഡിഫൻസ് വാഹനങ്ങൾ, ഔദ്യോഗിക വാഹനവ്യൂഹങ്ങൾ എന്നിവക്ക് വഴിമാറാതിരിക്കുന്നതും, പിന്തുടരുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. പുതിയ ട്രാഫിക് നിയമങ്ങള്‍ രാജ്യത്തെ ഗതാഗത സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.
Tags
Related News

0 comments