2,162 പേരുടെ പൗരത്വം റദ്ദാക്കി: 99 ദിവസങ്ങൾക്കിടെ കുവൈത്ത് പൗരത്വം നഷ്ടമായത് 9,132 പേർക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 09, 2024, 03:51 PM | 0 min read

കുവൈത്ത് സിറ്റി >  കുവൈത്തിൽ അനധികൃത മാർഗത്തിൽ കുവൈത്തി പൗരത്വം നേടിയവരുടെ  പൗരത്വം റദ്ധാക്കുന്ന നടപടികൾ തുടരുന്നു. 2,162 പേരുടെ പൗരത്വമാണ് കഴിഞ്ഞ ദിവസം മാത്രമായി റദ്ധാക്കിയത്. പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നേതൃത്വത്തിൽ ചേർന്ന നാഷണാലിറ്റി സുപ്രീം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പൗരത്വവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ശ്രദ്ധാപൂർവം പഠിച്ചുകൊണ്ടിരിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങൾക്കനുസൃതമായി അവ സംബന്ധിച്ച് എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് അവലോകനത്തിനും പരിശോധനയ്ക്കും വിധേയമാക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. പൗരത്വം റദ്ദാക്കൽ കേസുകൾ അന്തിമ അനുമതിക്കായി  കുവൈത്ത് കാബിനറ്റിലേക്ക് റഫർ ചെയ്യും.

 ഓഗസ്റ്റ് 29 മുതൽ ഡിസംബർ 5 വരെയുള്ള 99 ദിവസങ്ങളിൽ പൗരത്വം  പിൻവലിക്കുകയോ നഷ്ടപ്പെടുകയോ ചെയ്തവരുടെ എണ്ണം 9,132 കേസുകളിൽ എത്തി. അതിൽ ഭൂരിഭാഗവും സ്ത്രീകളാണ്. പൗരത്വ ക്രമക്കേടുകൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള വിപുലമായ അന്വേഷണത്തിൻറെ ഭാഗമാണ് ഈ തീരുമാനമെന്ന് കമ്മിറ്റി പറയുന്നു. പൗരത്വം റദ്ദാക്കുന്നത് നിയമപരവും സാമൂഹികവുമായ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇങ്ങനെ പൗരത്വം റദ്ദാക്കപ്പെടുന്നവരുടെ റസിഡൻസി, തൊഴിൽ, സർക്കാർ ആനുകൂല്യങ്ങൾ എന്നിവയ്ക്കുള്ള അവകാശങ്ങൾ അതോടെ നഷ്ടമാവും. നവംബറിൽ 5,870 , ഒക്ടോബറിൽ 820, സെപ്റ്റംബറിൽ 202, ഓഗസ്റ്റിൽ 78 പേരുടേയുമാണ് പൗരത്വം റദ്ദാക്കപ്പെട്ടത്. പ്രശസ്ത കുവൈത്ത്   നടനും കലാകാരനുമായ ദാവൂദ് ഹുസൈൻ, അറിയപ്പെട്ട അറബ് ഗായിക നവാൽ എന്നിവരുടേതുൾപ്പടെ  പൗരത്വം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.

കുവൈത്ത്  നിയമങ്ങൾ പാലിക്കേണ്ടതിന്റെയും, ദേശീയ അഖണ്ഡത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഉൾക്കൊണ്ടാണ് അനധികൃത പൗരൻമാർക്കെതിരായ ശക്തമായ നടപടിയുമായി മന്ത്രാലയം മുന്നോട്ടുപോവുന്നതെന്ന് ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. പൗരത്വം റദ്ദാക്കാൻ തീരുമാനിക്കപ്പെട്ടവർക്ക് അതിനെതിരേ അപ്പീൽ സമർപ്പിക്കാൻ അവസരമുണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
 



deshabhimani section

Related News

0 comments
Sort by

Home