മരുഭൂവൽക്കരണത്തെ ചെറുക്കൽ; ഐക്യരാഷ്ട്ര കൺവെൻഷനിൽ യുഎഇ

ഷാർജ > മരുഭൂവൽക്കരണത്തെ ചെറുക്കുന്നതിനുള്ള ഐക്യരാഷ്ട കൺവെൻഷന്റെ (UNCCCD COP 16) 16-ാമത് സമ്മേളനത്തിൽ കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോക്ടർ ഹംന ബിൻ അബ്ദുല്ല അല്‍ ദഹക്കിന്റെ നേതൃത്വത്തിലുള്ള യുഎഇ പ്രതിനിധി സംഘം പങ്കെടുത്തു. വരൾച്ചയെ നേരിടുക, ആഗോള ഭക്ഷ്യ ജല സുരക്ഷ വർദ്ധിപ്പിക്കുക, ഭൂമി നശീകരണ വെല്ലുവിളികളെ നേരിടുക തുടങ്ങിയ വിഷയങ്ങളിൽ യുഎഇയുടെ കാഴ്ചപ്പാട് സമ്മേളനത്തിൽ മന്ത്രി അവതരിപ്പിച്ചു.
"നമ്മുടെ നാട് നമ്മുടെ ഭാവി" എന്ന പ്രമേയത്തിൽ ഡിസംബർ 13 വരെ സൗദി അറേബ്യയിലെ റിയാദിൽ ആണ് COP 16 സമ്മേളനം നടക്കുന്നത്. ലോകം അഭിമുഖീകരിക്കുന്ന കാലാവസ്ഥാ വെല്ലുവിളികൾ കണക്കിലെടുക്കുമ്പോൾ വരൾച്ച ഒരു നിർണായക പ്രശ്നവും ആഗോള ആശങ്കയുമായി തുടരുന്നു എന്ന് മന്ത്രി തന്റെ പ്രസംഗത്തിൽ പറഞ്ഞു. മരുഭൂവൽക്കരണത്തെ ചെറുക്കുന്നതിനുള്ള യുഎഇയുടെ ജല സുരക്ഷാ തന്ത്രം 2036, മുഹമ്മദ് ബിൻ സായിദ് വാട്ടർ ഇനിഷ്യേറ്റീവ് എന്നിവയിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള യുഎഇയുടെ സംഭാവനകളെ മന്ത്രി വിശദീകരിച്ചു.
റിപ്പബ്ലിക് ഓഫ് സെനഗലുമായി സഹകരിച്ച് 2026ൽ നടക്കാനിരിക്കുന്ന യു എൻ ജല സമ്മേളനത്തിന്റെ ആതിഥേയത്വം യു എ ഇയാണ് വഹിക്കുന്നത്. സുസ്ഥിര മേച്ചിൽ പദ്ധതികൾ, ഭൂമി നശീകരണ ന്യൂട്രലൈസേഷൻ പ്രോഗ്രാം, മരുഭൂവൽക്കരണത്തെ ചെറുക്കുന്നതിന് സംഭാവന ചെയ്യുന്ന പ്രാദേശിക സസ്യങ്ങൾക്കായുള്ള ജീൻ ബാങ്കുകളുടെ വികസനം, പ്രവചനത്തിനും മുൻ കരുതലിനും ഉള്ള പദ്ധതികൾ എന്നിങ്ങനെ ആവാസവ്യവസ്ഥകൾ മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള പദ്ധതികളെക്കുറിച്ച് വിശദമായി മന്ത്രി സമ്മേളനത്തിൽ സംസാരിച്ചു. ഗ്രീൻ ബെൽറ്റ്, അർബൻ ഫോറസ്റ്റ് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിലുള്ള യുഎഇയുടെ നയങ്ങളും മന്ത്രി വിശദീകരിച്ചു.
Related News

0 comments