കുവൈത്തിൽ സമഗ്ര ആരോഗ്യ സർവേ പദ്ധതിയുമായി ആരോഗ്യമന്ത്രാലയം; പ്രവാസികൾക്കും ബാധകം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 19, 2024, 03:42 PM | 0 min read

കുവൈത്ത്‌ സിറ്റി > രാജ്യത്തെ താമസക്കാരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം (എംഒഎച്ച്) ദേശീയ ആരോഗ്യ സർവേ ആരംഭിച്ചു. കുറഞ്ഞത് ആറ് മാസമായി രാജ്യത്ത് കഴിയുന്ന എല്ലാ സ്വദേശികളെയും പ്രവാസികളേയും  സർവേയിൽ ഉൾപ്പെടുത്തും. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും, ഭാവിയിലെ ആരോഗ്യ നയങ്ങൾ രൂപപ്പെടുത്തുന്നതിന്റെയും ഭാഗമായി രോഗ രീതികൾ മനസിലാക്കി ഡാറ്റാബേസ് തയാറാക്കാനുള്ള പദ്ധതിയാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു. രാജ്യത്തെ എല്ലാ താമസക്കാർക്കും ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിഷൻ 2035ന്റെ ഭാഗമായാണിത്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി, കുവൈത്ത് ജനസംഖ്യാശാസ്ത്രം, ജീവിതശൈലി, സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ എന്നിവയിൽ ഗണ്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. അമിതവണ്ണം, പ്രമേഹം, ഹൈപ്പർ ടെൻഷൻ തുടങ്ങിയ വിട്ടുമാറാത്ത സാംക്രമികേതര രോഗങ്ങൾ തുടങ്ങിയവ എല്ലാം സ്വദേശികളുടെയും പ്രവാസികളുടെയും ജീവിത നിലവാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വിവിധ പ്രാദേശിക ഏജൻസികളുമായി സഹകരിച്ചുള്ള പദ്ധതിക്ക് മന്ത്രിസഭ അടുത്തിടെ  അംഗീകാരം നൽകിയിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് എംഒഎച്ചിന്റെ സർവേ.

സർവേയുടെ ആദ്യ ഘട്ടം കഴിഞ്ഞ ദിവസം ആരംഭിച്ചതായി ഡോ. അൽ സനദ് അറിയിച്ചു. ആരോഗ്യ സർവേ എല്ലാ പ്രായത്തിലുള്ള 12,000 ജനങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. രാജ്യത്തുടനീളമുള്ള 8,000 വീടുകളിൽ നിന്നാവും സർവേ നടത്തുക. സർവേയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ഒരു അംഗീകൃത ആരോഗ്യ സംഘം വ്യക്തിപരമായി വീട് സന്ദർശിക്കും. ഒരു ഡോക്ടർ, നഴ്‌സ്, ഫീൽഡ് റിസർച്ചർ എന്നിവരടങ്ങുന്ന സംഘം സർവേ നടത്തുകയും കുടുംബനാഥന്റെ സമ്മതത്തോടെ ആവശ്യമായ പരിശോധനകൾ നടത്തുകയും ചെയ്യും.



deshabhimani section

Related News

0 comments
Sort by

Home