Deshabhimani

മലയാളം മിഷൻ; ലോകത്തിലെ ഏറ്റവും വലിയ ഐക്യപ്രസ്ഥാനം: മന്ത്രി സജി ചെറിയാൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 10, 2024, 04:31 PM | 0 min read

അബുദാബി > ലോകത്ത് ഇന്ന് നടന്നുകൊണ്ടിരിക്കുന്ന സാംസ്കാരിക പ്രസ്ഥാനങ്ങളിൽ വെച്ച് ഏറ്റവും വലിയ ഐക്യ പ്രസ്ഥാനമാണ് അൻപതിലേറെ രാജ്യങ്ങളിലായി മലയാളി കൂട്ടായ്മകൾ നടത്തിക്കൊണ്ടിരിക്കുന്ന മലയാളം മിഷൻ പ്രവർത്തനമെന്ന് സംസ്ഥാന സാംസ്കാരിക മന്ത്രി സജി ചെറിയാൻ. അബുദാബി കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇന്തോ യുഎഇ സമന്വയ സാംസ്കാരിക വർഷാചരണവും മലയാളം മിഷൻ പ്രവേശനോത്സവവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്ത് തന്നെ മാതൃഭാഷയ്ക്ക് വേണ്ടി സർക്കാർ തലത്തിൽ പ്രവർത്തിക്കുന്ന മറ്റൊരു പദ്ധതിയില്ല. ലോകത്തുള്ള മലയാളികളായ കുഞ്ഞുങ്ങളെ വ്യക്തിത്വവികസനമുള്ളവരായി  മാറ്റിയെടുക്കാൻ മലയാളം മിഷന്റെ കീഴിൽ 'ബാലകേരളം' എന്നൊരു പദ്ധതിക്ക് രൂപം നൽകുന്നതിനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സാംസ്കാരിക വകുപ്പ്.ഏതൊരു ജോലിയും സത്യസന്ധതയോടെയും, ആത്മാർഥതയോടെയും ഏല്പിക്കാൻ കഴിയുന്ന വിശ്വസിക്കാൻ കഴിയുന്ന ഒരു സമൂഹമാണ് മലയാളികളെന്ന് ഇവിടുത്തെ അറബി സമൂഹത്തിൽ നിന്നും അറിയാൻ കഴിഞ്ഞത് ഏറെ അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു.    

വയനാട്ടിലെ പ്രകൃതി ദുരന്തത്തിലകപ്പെട്ടവരെ രക്ഷിക്കുവാനും സമാശ്വസിക്കുവാനും സാന്ത്വനമേകുവാനും സഹായഹസ്തവുമായി നാടിന്റെ നാനാഭാഗത്തുനിന്നുമെത്തിയ ആയിരക്കണക്കിന് മലയാളികൾ ലോകത്തിനു തന്നെ മാതൃകയായിരുന്നു. പ്രകൃതി ദുരന്തത്തിൽ അകപ്പെട്ട വയനാട്ടിലെ ജനങ്ങളെ ചേർത്തുപിടിക്കാൻ 'വായനാടിനൊരു ഡോളർ' എന്ന പദ്ധതിയിലൂടെ സമാഹരിച്ചത് കേരളത്തിലെ മുഴുവൻ സാംസ്കാരിക പ്രസ്ഥാനങ്ങൾ സമാഹരിച്ച തുകയുടെ പകുതിയിലേറെയായിരുന്നു.

സെന്റർ പ്രസിഡന്റ് എ. കെ. ബീരാൻകുട്ടി,കേരള എസ് സി ഇ ആർ ടി റിസർച്ച് ഓഫീസർ ഡോ. എം ടി ശശി, മലയാളം മിഷൻ അബുദാബി ചെയർമാൻ സൂരജ് പ്രഭാകർ, ചാപ്റ്റർ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, യുഎഇ കോർഡിനേറ്റർ കെ എൽ ഗോപി, ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ പ്രസിഡന്റ് പി ബാവാഹാജി, സെന്റർ വനിതാവിഭാഗം കൺവീനർ ഗീത ജയചന്ദ്രൻ, കേരള സോഷ്യൽ സെന്റർ ആക്ടിങ്ങ് ജനറൽ സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടിൽ എന്നിവർ സംസാരിച്ചു.

മലയാളം മിഷൻ അബുദാബി ചാപ്റ്ററിനു കീഴിൽ അഞ്ച് വർഷം പൂർത്തിയാക്കിയ അധ്യാപകരെ മന്ത്രി ആദരിച്ചു. സുഗതാഞ്ജലി ചാപ്റ്റർ തല മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. തുടർന്ന് സെന്റർ വനിതാവിഭാഗവും മലയാളം മിഷൻ വിദ്യാർത്ഥികളും ചേർന്ന് വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു.
 



deshabhimani section

Related News

0 comments
Sort by

Home